ഭിക്ഷക്കാര്‍ എന്നൊക്കെ പറഞ്ഞാല്‍ നമുക്കൊരു സങ്കല്പമൊക്കെ കാണും. അതായത് കീറിപ്പറിഞ്ഞ വസ്ത്രങ്ങളും അത്ര നല്ലതല്ലാത്ത ജീവിതസാഹചര്യങ്ങളും എന്നൊക്കെയായിരിക്കും ഭൂരിപക്ഷം ആളുകളും ഓര്‍ക്കുക. എന്നാല്‍ ചിലപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ യാചകരെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെ പൊളിച്ചെഴുതുന്നതാണ്. ലക്ഷങ്ങളുടെ സമ്പാദ്യമുള്ള യാചകരെക്കുറിച്ചുള്ള വാര്‍ത്തകള്‍ അത്ര പുതുമയൊന്നും ഇല്ലാതായിരിക്കുകയാണ്.
അതിന് സമാനമായ വാര്‍ത്തയാണ് ലണ്ടനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്പന്നരാജ്യമൊക്കെ ആയതുകൊണ്ട് അവിടത്തെ യാചകരും സമ്പന്നരായിരിക്കുമെന്ന് ആശ്വാസിക്കാം. ലണ്ടനില്‍ ഭിക്ഷയെടുക്കുന്ന കുട്ടികളില്‍ പലര്‍ക്കും വര്‍ഷം 100,000 പൗണ്ടുവരെ വരുമാനം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനിലെ ഭിക്ഷയാചിക്കുകയെന്ന പരിപാടി കോടികള്‍ മറിയുന്ന ഒരു വ്യവസായം ആണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജിപ്സികള്‍ നയിക്കുന്ന സംഘങ്ങള്‍ക്കുവേണ്ടിയാണ് കൂട്ടമായുള്ള ഭിക്ഷയാചിക്കല്‍ നടക്കുന്നത്. ജിപ്സികള്‍ നയിക്കുന്ന സംഘത്തിലെ ഓരോ കുട്ടിയും ഇങ്ങനെ 100,000 സമ്പാദിക്കുന്നുണ്ട് എന്നാണ് അന്വേഷണം നടത്തിയ മാദ്ധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ലണ്ടനിലെ തെരുവുകളില്‍ ഭിക്ഷയാചിക്കുന്ന കുട്ടികള്‍ മഴയും കാറ്റുമൊന്നും പരിഗണിക്കാതെ ഭിക്ഷയാചിക്കുകയാണ്. ഇവര്‍ ഭക്ഷണത്തിനുവേണ്ടി തെരുവ് വൃത്തിയാക്കാന്‍പോലും തയ്യാറാകുന്നുണ്ട് എന്നും ബിബിസി ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ അറിയിക്കുന്നു.
ചില കുട്ടികള്‍ക്ക് ഒരു ദിവസം അഞ്ഞൂറ് പൗണ്ടുവരെ വരുമാനം ലഭിക്കുന്നുണ്ടത്രേ! സ്വന്തമായിട്ട് ബിഎംഡബ്ലിയു കാര്‍ വരെ ചില ജിപ്സി സംഘങ്ങള്‍ക്ക് ഉണ്ടെന്ന് ബിബിസി കണ്ടെത്തിയിട്ടുണ്ട്. വലിയ വീടുകളും ഇവര്‍ക്ക് സ്വന്തമായി ഉണ്ടത്രേ. ഭിക്ഷയാചിക്കാന്‍വേണ്ടി ഇവര്‍ക്ക് പ്രത്യേകം പരിശീലനങ്ങളും നല്‍കുന്നുണ്ടെന്നാണ് ബിബിസി പറയുന്നത്. എന്നാല്‍ സാധാരണ ഭിക്ഷക്കാരെപ്പോലെ മോശം വസ്ത്രങ്ങളിലൊന്നുമല്ല ഇവര്‍ ഭിക്ഷയാചിക്കുന്നത്. നല്ല വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ ഭിക്ഷയാചിക്കുന്നത്.
കൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള മുസ്ലീം തീര്‍ത്ഥാടകര്‍ വരുന്ന ലണ്ടനിലെ പ്രസിദ്ധമായ പള്ളികള്‍ക്ക് മുമ്പിലാണ് കൂടുതല്‍ ഭിക്ഷയാചിക്കലും നടക്കുന്നത്. ഇവിടെ ഭിക്ഷയാചിക്കുന്ന പെണ്‍കുട്ടികള്‍ മുസ്ലീം വേഷങ്ങളിലാണ് നടക്കുന്നത്. ലണ്ടനിലെ റീജന്റ് പാര്‍ക്ക് മോസ്കിനടുത്ത് ഭിക്ഷയാചിക്കുന്ന സംഘത്തിന്റെ വീട് കൊട്ടാരത്തിന് സമാനമാണെന്ന് ബിബിസി വ്യക്തമാക്കുന്നു. ആ വീടിന്റെ കാര്‍പോര്‍ച്ചില്‍ കോടികള്‍ വിലമതിക്കുന്ന ബിഎംഡബ്ലിയു കാര്‍ കിടക്കുന്നത് കണ്ടതായും ബിബിസി സംഘം വെളിപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല