1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2011

നമ്മുടെ നാട്ടില്‍ ഏറെ തല്ലുകൊള്ളുന്ന മൃഗങ്ങളിലൊന്നാണ് പൂച്ച. കല്ലേറ്, ചീത്തവിളി എന്നിവകൊണ്ട് സംഭവബഹുലമാണ് നമ്മുടെ നാട്ടിലെ പൂച്ചകളുടെ ജീവിതമെന്ന് പറഞ്ഞാലും തെറ്റില്ല. എന്നാല്‍ അങ്ങ് അമേരിക്കയില്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. അവിടെ രാജകീയമായാണ് പൂച്ചകളെ നോക്കുന്നത്. ഏറ്റവും നല്ല കറികൂട്ടിയുള്ള മൃഷ്ടാന്നഭോജനം, പട്ടുമെത്തയില്‍ ഉറക്കം, നടക്കാനും ഉടുക്കാനുമെല്ലാം മനുഷ്യരെക്കാള്‍ നല്ല സൗകര്യങ്ങള്‍ എന്നിവയാണ് ലഭിക്കുന്നത്.

ഇങ്ങനെ പറഞ്ഞുപോയിട്ട് കാര്യമില്ലെന്നറിയാം. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ മാത്രമേ കാര്യങ്ങള്‍ക്കൊരു തുടക്കമാകു എന്നുമറിയാം. ലൈന ലറ്റാസിയോ ആണ് കഥാപാത്രം. ഇവരാണ് പൂച്ചകള്‍ക്കായി ഒരു വീട് നടത്തുന്നത്. വീടെന്ന് പറയണോ അതോ കൊട്ടാരമെന്ന് പറയണോയെന്നത് വേറെകാര്യം. എന്തായാലും നാടും നാട്ടുകാരും അസൂയ തോന്നുന്ന തരത്തിലാണ് ലൈന പൂച്ചകളെ സംരക്ഷിക്കുന്നതെന്ന കാര്യം മാത്രം പറയാം.

ലോകത്തിലെതന്നെ ഏറ്റവും വലിയ പൂച്ച സാഞ്ച്വറിയാണ് ലൈന നടത്തുന്നതെന്ന് പറയുന്നതാകും ശരി. ഏതാണ്ട് 26,000 പൗണ്ടാണ് പൂച്ചകളെ ഊട്ടാനായി ലൈന മുടക്കുന്നത്. തന്റെ വജ്രാഭരണങ്ങളും കാറുമെല്ലാം വിറ്റാണ് ലൈന പൂച്ചകളെ സംരക്ഷിക്കുന്നതെന്ന് പറയുമ്പോള്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍വെയ്ക്കാന്‍ സാധ്യതയുണ്ട്. കാലിഫോര്‍ണിയായിലെ ലൈനയുടെ വീട്ടില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക എണ്ണൂറോളം പൂച്ചകളെയാണ്. എണ്ണൂറോളം മുതിര്‍ന്ന പൂച്ചകളും ഇരുന്നൂറോളം പൂച്ചക്കുട്ടികളുമാണ് ലൈനയുടെ വീട്ടില്‍ സ്വതന്ത്രമായി കറങ്ങി നടക്കുന്നത്. ഇവരെ പരിചരിക്കാനായി ഇരുപത്തിമൂന്ന് ജോലിക്കാരുമുണ്ട് എന്ന് പറയുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം വായനക്കാര്‍ക്ക് പിടികിട്ടുക.

ഇവര്‍ക്കെല്ലാമുള്ള ഭക്ഷണത്തിനും മരുന്നിനുമെല്ലാമായി മാസം 26,000 പൗണ്ട് ചിലവ് വരുമെന്നാണ് ലൈന വെളിപ്പെടുത്തുന്നത്. ഇത്രയും വലിയ തുക മുടക്കി പൂച്ചകളെ നോക്കേണ്ട കാര്യമുണ്ടോയെന്ന ചോദ്യങ്ങളെ അവഗണിച്ചുകൊണ്ടാണ് ലൈന ഓരോ ദിവസവും തള്ളിനീക്കുന്നത്. പൂച്ചകള്‍ക്കുവേണ്ടി ഇത്രയും സമയവും പണവും ചെലവഴിക്കുന്ന ലൈന നാട്ടുകാര്‍ക്കൊരു അത്ഭുതജീവിയാണെന്ന് പറഞ്ഞാലും തെറ്റില്ലതന്നെ.

എന്നാല്‍ ലൈനയോട് സംസാരിക്കുമ്പോള്‍ ആരും അവരുടെ പൂച്ചസ്നേഹത്തെ അംഗീകരിക്കുമെന്നാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. ആയിരത്തോളം പൂച്ചകളെ വളര്‍ത്തുന്ന ലൈന ഓരോ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ അങ്ങേയറ്റം ആഹ്ലാദവും അഭിമാനവും അനുഭവിക്കുന്നുവെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. ലോകത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന്റെ ആഹ്ലാദത്തോടെയാണ് താന്‍ ഓരോ ദിവസവും എഴുന്നേല്‍ക്കുന്നതെന്ന് ലൈന പറയുന്നു.

ലൈനയുടെ പൂച്ചസ്നേഹം തുടങ്ങുന്നത് ഇരുപത് വര്‍ഷംമുമ്പാണ്. ഒരുദിവസം പരിക്കുകള്‍ പറ്റിയ പതിനഞ്ചോളം പൂച്ചകളെ വീട്ടില്‍കൊണ്ടുപോയി ശുശ്രൂഷിച്ചതോടെയാണ് തന്റെ പൂച്ചസ്നേഹം തുടങ്ങിയതെന്ന് ലൈനതന്നെ വെളിപ്പെടുത്തുന്നു. ഒരുവര്‍‌ഷത്തിനുള്ളില്‍ ഏതാണ്ട് നൂറിനടുത്ത് പൂച്ചകളെ ലൈന രക്ഷിച്ചു. മൂന്നുവര്‍ഷംകൊണ്ട് മുന്നൂറ്റിയന്‍പതോളം പൂച്ചകളെയാണ് ലൈന വീട്ടിലെത്തിച്ചത്. അതോടെ കാര്യങ്ങളെ ഇത്തിരി ഗൗരവത്തോടെ കാണാന്‍ തുടങ്ങി. നാട്ടുകാരെ തന്നോട് സഹകരിക്കാന്‍ തുടങ്ങി. അവര്‍ പൂച്ചകളെ ഉപേക്ഷിക്കാനുള്ള സ്ഥലമായി തന്റെ വീടിനെ ഉപയോഗിച്ചുകൊണ്ടാണ് സഹകരണം നടത്തിയതെന്നാണ് നേരിയ പരിഹാസത്തോടെ വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ തനിക്ക് നൂറ് പൂച്ചകളെ അടുത്തറിയാമെന്നും ലൈന പറയുന്നുണ്ട്.

കോടീശ്വരനായ ഭര്‍ത്താവില്‍നിന്ന് വിവാഹമോചന ദ്രവ്യമായി ലഭിച്ച പന്ത്രണ്ട് ഏക്കര്‍ സ്ഥലത്താണ് ലൈന പൂച്ചകളെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും പൂച്ചകളെ സംരക്ഷിക്കാന്‍ തുടങ്ങിയോടെ താന്‍ കടക്കാരിയായെന്ന് ലൈന പറയുന്നു. ആദ്യസമയത്ത് പരിഹാസത്തോടെ കണ്ടിരുന്ന നാട്ടുകാര്‍ ഇപ്പോള്‍ കാര്യങ്ങളെ ഇത്തിരി ഗൗരവത്തോടെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഗൗരവത്തോടെ കാണാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് മാത്രമല്ല അത്യവശ്യം പൈസയും തരാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ കാലിഫോര്‍ണിയായിലുള്ള ഒരു ജീവകാരുണ്യ സംഘടനയും സഹായിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെ പൂച്ചകള്‍ക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്. പ്രത്യേകം ആശുപത്രിയും ഐസിയുമൊക്കെയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.