1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2011

കേരളത്തെ ഞെട്ടിച്ച തേക്കടി ബോട്ട്‌ ദുരന്തത്തിന് രണ്ടുവര്‍ഷം. രണ്ടുവര്‍ഷമായെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കേസില്‍ പ്രതിയാക്കി അറസ്റ്റു ചെയ്‌ത അന്നത്തെ ചീഫ്‌ ഇന്‍സ്‌പെക്ടര്‍ ഓഫ്‌ ബോട്ട്‌സ്‌ ഉള്‍പ്പെടെ പ്രമുഖര്‍ ഇപ്പോള്‍ സര്‍ക്കാരിനു പുറത്തോ ജയിലിന്‌ അകത്തോ അല്ല. മറിച്ച്‌ സര്‍ക്കാരില്‍തന്നെ സുരക്ഷിത ലാവണങ്ങളിലാണ്‌. അതുകൊണ്ടുതന്നെ അന്വേഷണം പൂര്‍ത്തിയാകുമെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതും തിരിച്ചെടുത്ത്‌ കസേര നല്‍കിയതും ആരോരുമറിഞ്ഞുപോലുമില്ല.

കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങി നാല്‍പത്തിയഞ്ച് യാത്രാക്കാരാണ് മരിച്ചത്. കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു യാത്രികര്‍. ഇരുനിലബോട്ടുകളില്‍ ഒരുവശത്തേക്ക് യാത്രക്കാര്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായത്. ബോട്ട് തിരിയുമ്പോള്‍ കരയില്‍ ആനക്കൂട്ടത്തെക്കണ്ട് വിനോദസഞ്ചാരികള്‍ ഒരുഭാഗത്തേക്ക് നീങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞിരുന്നു. ഇങ്ങനെ വിനോദസഞ്ചാരികള്‍ നീങ്ങുന്നത് വിലക്കാന്‍ ബോട്ടില്‍ വേണ്ടത്ര ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഉള്ളവര്‍ക്ക് മറ്റു ഭാഷകള്‍ അറിയുമായിരുന്നില്ല.

ഇതിനെത്തുടര്‍ന്നാണ് ക്രെംബ്രാഞ്ച്‌ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ആ അന്വേഷണം പൂര്‍ത്തിയായില്ല. കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നാണ് പറയുന്നത്.

2009 സെപ്‌റ്റംബര്‍ 30 നാണ്‌ വിവിധ സ്ഥലങ്ങളില്‍ നിന്നും തേക്കടി കാണാനെത്തിയ 45 വിനോദ സഞ്ചാരികളയുമായി യാത്ര തിരിച്ച ബോട്ട്‌ മണക്കവലയില്‍ വെച്ച്‌ മുങ്ങുന്നത്‌. കെ.ടി.ഡി.സിയുടെ ബോട്ടായ ജലകന്യക സര്‍വീസ്‌ ആരംഭിച്ച്‌ നാല്‌പത്തിയഞ്ചാം ദിവസമാണ്‌ ഏഴു കുട്ടികളും 23 സ്‌ത്രീകളും അടക്കം 45 പേരുടെ ജീവനുകള്‍ തേക്കടി തടാകത്തില്‍ പൊലിഞ്ഞത്‌. ദുരന്തം നടന്ന്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും 14 മാസങ്ങള്‍ക്കുശേഷമാണ് ആരംഭിച്ചത്. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്‌ അപകടം നടന്ന്‌ രണ്ടു വര്‍ഷം തികയുന്നതിന്‌ ഒരു മാസം മുമ്പ്‌, കഴിഞ്ഞ മാസം 25 നാണ്‌ കമ്മീഷന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്‌.

റിപോര്‍ട്ട്‌ തയ്യാറാക്കുന്നതിനായി ഇതിനകം 122 രേഖകള്‍ കമ്മീഷന്‍ തെളിവായി സ്വീകരിച്ചു. തേക്കടി, എറണാകുളം, കമ്മീഷന്റെ ഓഫീസ്‌ എന്നിവിടങ്ങളില്‍ വെച്ചു നടത്തിയ 31 സിറ്റിങുകളിലായി 60 സാക്ഷികളെ വിസ്‌തരിച്ച്‌ 122 രേഖകള്‍ തെളിവായി സ്വീകരിച്ച്‌ 232 പേജ്‌ വരുന്ന, 22 പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ റിപോര്‍ട്ട്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചത്‌.

റിപോര്‍ട്ടില്‍ കെ.ടി.ഡി.സി. ടൂറിസം വകുപ്പ്‌ ഉള്‍പ്പെടെ നിരവധി പേരെ കുറ്റപ്പെടുത്തിയിട്ടുണ്ട്‌. ഇതുകൊണ്ടുതന്നെയാണ് കാര്യമായ നടപടികള്‍ ഉണ്ടാകാത്തത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രതികള്‍ അന്വേഷണം അട്ടിമറിച്ചെന്നാണ് ഉയരുന്ന ആരോപണം.

അപകടത്തിന്‌ കാരണമായത്‌ ജലത്തിനടിയിലുള്ള മരക്കുറ്റികളാണെന്ന ചിലരുടെ വാദത്തെ മണക്കവലയില്‍ മുങ്ങല്‍ വിദഗ്‌ധരെ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലൂടെ കമ്മീഷന്‍ തള്ളക്കളഞ്ഞിരുന്നു. ദുരന്തത്തിനിടയാക്കിയ ജലകന്യക ബോട്ടിന്റെ ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലസ്‌കര്‍ അനീഷ്‌, ബോട്ടിന്റെ ചുമതലയുണ്ടായിരുന്ന കെ.ടി.ഡി.സി ലേക്‌പാലസ്‌ ഹോട്ടല്‍ മാനേജര്‍ ഗോപു ചന്ദ്രന്‍, ബോട്ട്‌ നിര്‍മ്മിച്ച ചെന്നൈയിലെ വിഗ്നേഷ്‌ മറൈന്‍ എന്‍ജിനീയറിങ്‌ കമ്പനിയുടെ ഉടമ വി. ഗിരി, കുമളി സ്വദേശിയായ ടി. രാമചന്ദ്രന്‍ നായര്‍, നേവല്‍ ആര്‍കിടെക്ട്‌ എന്‍. മുരളീധരന്‍ നായര്‍, മര്‍ച്ചന്റ്‌ നേവി ഓഫീസ്‌ഴ്‌സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി. സര്‍ദാര്‍, മറൈന്‍ ഗില്‍ഡ്‌ പ്രതിനിധി ക്യാപ്‌റ്റന്‍ പുല്ലാട്ട്‌ സൂര്യനാരായണന്‍, കുസാറ്റിലെ ഷിപ്പ്‌ വിഭാഗം മുന്‍ തലവന്‍ ഡോ. എസ്‌.കെ പ്യാരിലാല്‍, മുന്‍ ചീഫ്‌ ഇന്‍സ്‌പെക്ടര്‍ ഓഫ്‌ ബോട്ട്‌സ്‌ എം. മാത്യൂസ്‌, ജലകന്യക ഡിസൈനര്‍ ഡോ. അനന്ത സുബ്രഹ്മണ്യം, ടൂറിസം ഡിപ്പാര്‍ട്ട്‌ മെന്റിന്റെ പ്ലാനിംങ്‌ ഓഫീസര്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ കമ്മീഷന്‍ മുമ്പാകെ നേരില്‍ ഹാജരായി മൊഴിയും തെളിവുകളും നല്‍കിയിരുന്നു.

ബോട്ടിന്‌ സാങ്കേതിക തകരാറുണ്ടായിരുന്നോയെന്ന്‌ കണ്ടെത്തുന്നതിനായി സാങ്കേതിക വിദഗ്‌ധരെ എത്തിച്ച്‌ പരിശോധന നടത്തി. പതിനൊന്നു മാസങ്ങള്‍കൊണ്ടാണ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. ജലയാന ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും, സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ചുള്ള സമഗ്ര റിപോര്‍ട്ടാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. എട്ടുപേരെയാണ്‌ ക്രൈംബ്രാഞ്ച്‌ പ്രതികളാക്കിയത്‌. അന്വേഷണത്തിന്റെ തുടക്കത്തില്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ട ബോട്ട്‌ ഡ്രൈവര്‍ വിക്‌ടര്‍ സാമുവല്‍, ലസ്‌ക്കര്‍ അനീഷ്‌, വനം വകുപ്പ്‌ വാച്ചര്‍ പ്രകാശ്‌, ചീഫ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ബോട്ട്‌സ്‌ എം. മാത്യൂസ്‌, ബോട്ട്‌ നിര്‍മ്മിച്ച വിഘ്‌നേശ്വര്‍ മറൈന്‍ എന്‍ജിനീയറിങ്‌ ഉടമ എന്‍.എ. ഗിരി, ഇന്ത്യന്‍ റജിസ്‌ട്രാര്‍ ഓഫ്‌ ഷിപ്പിങ്‌ സീനിയര്‍ സര്‍വേയര്‍ കെ.കെ. സഞ്‌ജീവ്‌ എന്നിവര്‍ക്ക്‌ പുറമെ കെടിഡിസി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ്‌ മാത്യു, ബോട്ട്‌ ഡിസൈനര്‍ അനന്തസുബ്രഹ്‌മണ്യന്‍ എന്നിവരാണ്‌ പ്രതിപ്പട്ടികയില്‍ ഉള്ളത്‌.

ഇതിനിടയില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ്‌ മാത്യു തൊടുപുഴ ജില്ലാ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി. നിര്‍മാണത്തിലെ അപാകത, അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയത്‌, ഡ്രൈവറുടെ അശ്രദ്ധ തുടങ്ങിയവയാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ കണ്ടെത്തല്‍. ദുരന്തം നടന്നയുടന്‍ കോട്ടയം ക്രൈംബ്രാഞ്ച്‌ എസ്‌പി പി.എ. വല്‍സന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്‌ഥരെ പല തവണ സ്‌ഥലംമാറ്റിയതോടെ അന്വേഷണം മന്ദഗതിയിലായി. അന്വേഷണത്തിന്റെ ആദ്യദിനങ്ങളില്‍തന്നെ ആറു പേരെ ക്രൈംബ്രാഞ്ച്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തു. അന്യ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പോയി 292 പേരില്‍നിന്ന്‌ മൊഴി ശേഖരിച്ച ശേഷമാണ്‌ അന്വേഷക സംഘം അന്തിമ റിപ്പോര്‍ട്ട്‌ തയാറാക്കുന്നതത്രേ. ഇനി കാത്തിരുന്നു കാണുകതന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.