അല്ല നിങ്ങള്‍ തന്നെ പറയൂ, തെരേസ മേയ് എങ്ങനെ ചൂടാകാതിരിക്കും? പാല് കൊടുത്ത കൈയ്ക്ക് തന്നെ തിരിഞ്ഞു കൊത്തിയാല്‍ ആരായാലും അവരെ പിന്നെ വെച്ച് പൊറുപ്പിക്കില്ലല്ലോ. അതുപോലെ ചില വിദേശിയരുണ്ട് ബ്രിട്ടനിലും, മാന്യമായി ജീവിക്കുന്ന കുടിയേറ്റകാര്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കുന്ന ചിലര്‍. എന്തായാലും ഇവരെ അധികകാലം വെച്ച് പൊറുപ്പിക്കേണ്ടതില്ല എന്ന നിലപാടാണ് ഹോം സെക്രട്ടറിയായ തെരേസ മേയും എടുത്തിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി കുറ്റവാളികളായ വിദേശിയരെ നാടുകടത്താനുള്ള നിയമങ്ങള്‍ കടു കട്ടിയാക്കാനുള്ള ശ്രമത്തിലാണ് തെരാസയും സംഘവും. ആന്റി ടെറര്‍ സ്റ്റൈലില്‍ നടത്തുന്ന ഈ പരിഷ്കാരങ്ങള്‍ മാന്യമായി ബ്രിട്ടനില്‍ ജീവിക്കാത്ത എല്ലാ വിദേശിയരുടെയും കഞ്ഞികുടി മുട്ടിക്കും എന്ന് മാത്രമല്ല കിടപ്പാടം വരെ നഷ്ടപ്പെടുത്തുമെന്ന് വ്യക്തം.
ഇമിഗ്രേഷന്‍ സര്‍വീസും പോലീസും സംയുക്തമായിട്ടായിരിക്കും വിദേശ കുറ്റവാളികളെ പുറത്താക്കുന്ന ഓപ്പറേഷന് നേതൃത്വം നല്‍കുക. തുടക്കമെന്ന നിലയ്ക്ക് ലണ്ടനില്‍ നടത്തുന്ന ഈ ‘ശുദ്ധീകരണ യജ്ഞത്തില്‍’ ബ്രിട്ടന് ഉപദ്രവകാരികളായ വിദേശിയരെ പൂര്‍ണമായും തുടച്ചു നീക്കും, അതിനു ശേഷം ബ്രിട്ടനിലും വേല്സിലും ഉടനീളം ഓപ്പറേഷന് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി അനുസരിച്ച് പോലീസ് യുകെ ബോര്‍ഡര്‍ ഏജന്‍സിയുമായി ചേര്‍ന്ന് ബ്രിട്ടനിലെ മാരകമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഉദാഹരണമായി കൊലപാതകം, ബലാല്‍സംഘം തുടങ്ങിയവയില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാ വിദേശിയരെയും രാജ്യത്ത് നിന്നും പുറത്താക്കും.
ആദ്യപടിയായ് ഓപ്പറേഷന് ബൈറ്റ് എന്ന പേരില്‍ ലണ്ടനില്‍ മെട്രോപോളിട്ടന്‍ പോലീസും യുകെ ബോര്‍ഡര്‍ ഏജന്‍സിയും തങ്ങളുടെ പ്രോജക്റ്റ് തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വെടിവെപ്പ്, കത്തികുത്ത്, മയക്കുമരുന്ന് വിതരണം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രഥമ നോട്ടപുള്ളികള്‍. അതേസമയം ഹോം ഓഫീസില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് വളരെ വേഗം തന്നെ വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള ഓപ്പറേഷന് നടപ്പിലാകുന്നുണ്ടെന്നാണ് നല്കുന്ന സൂചന. നിലവില്‍ ‘ഓപ്പറേഷന് ബൈറ്റ്’ ഒന്‍പത് വിദേശിയരെ നാടുകടത്തി കഴിഞ്ഞു.
കഴിഞ്ഞ സമ്മര്‍ കലാപത്തിനു ശേഷമാണ് വിദേശ കുറ്റവാളികളെ പുറത്താകാനുള്ള ശ്രമം ഗവണ്മെന്റ് വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. കലാപത്തില്‍ ഏര്‍പ്പെട്ടവരില്‍ 150 വിദേശിയരെയാണ് അറസ്റ്റു ചെയ്തത്. ഇതില്‍ തന്നെ 13 ശതമാനം വിദേശിയരും ഏതെങ്കിലും ഒരു ഗാങ്ങില്‍ അംഗമായിരുന്നു. എന്തായാലും ബ്രിട്ടന്റെ ഈ ശുദ്ധീകരണ പ്രവര്‍ത്തി ഭാവിയില്‍ മാന്യമായി ജീവിക്കുന്ന കുടിയേറ്റകാര്‍ക്ക് സല്‍പ്പേര് ലഭിക്കാന്‍ ഇടയാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല