ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ യാത്രയില്‍ വന്‍ സുരക്ഷാ പാളിച്ച. ചവറയില്‍ സി.പി.എം.പ്രകടനത്തിനുമുന്നില്‍ അകപ്പെട്ട മന്ത്രിയെ പോലീസ് സാഹസികമായി അടുത്തുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക് മാറ്റിയതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. അപ്രതീക്ഷിത സംഭവത്തില്‍ മന്ത്രിയും പകച്ചുപോയി.
ബുധനാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിലേക്ക് പോവുകയായിരുന്നു മന്ത്രി. ശങ്കരമംഗലത്തെത്തിയപ്പോഴാണ് എതിരേ റോഡ് നിറഞ്ഞ് സി.പി.എം.പ്രകടനം എത്തുന്നതു കണ്ടത്. മന്ത്രിയുടെ വാഹനവ്യൂഹം കണ്ട് സമരക്കാര്‍ കുതിച്ചെത്തിയപ്പോഴേക്കും അഞ്ച് പൈലറ്റ് വാഹനങ്ങള്‍ അപായ ഹോണ്‍ മുഴക്കി റോഡിനു കുറുകെ നിര്‍ത്തി പ്രകടനം തടഞ്ഞു. മന്ത്രിയുടെ വാഹനം വെട്ടിത്തിരിച്ച് നൂറുമീറ്ററിനപ്പുറമുള്ള ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെകടറുടെ ഓഫീസിലേക്ക് മാറ്റി.
സ്റ്റേഷനുമുന്നില്‍ മന്ത്രി എത്തിയപ്പോള്‍ കാറിന്റെ വാതില്‍ തുറന്നുകൊടുത്തത് സ്ഥലത്തുണ്ടായിരുന്ന കെ.എസ്.യു.നേതാവാണ്. മന്ത്രി വാഹനത്തില്‍നിന്ന് ഇറങ്ങിയശേഷമാണ് രണ്ട് പോലീസുകാരെത്തിയത്. അപ്രതീക്ഷിതമായി മന്ത്രിയെ കണ്ട അവരും അമ്പരന്നു. പത്തു മിനിറ്റോളം സ്റ്റേഷനിലെ മുറിയില്‍ കാത്തിരുന്ന മന്ത്രി ആശങ്കാകുലനായിരുന്നു. റോഡിലൂടെ പ്രകടനം കടന്നുപോയശേഷമാണ് റോഡിന്റെ മറുവശത്തുള്ള സബ് ഇന്‍സ്‌പെക്ടറുടെ ഓഫീസ്‌വളപ്പില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നിടത്തേക്കു നടന്നെത്തിയത്.
സി.പി.എം നേതാവ് പി.ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനമെമ്പാടും പ്രകടനങ്ങളും സംഘര്‍ഷങ്ങളും നടന്നിരുന്നു. ആഭ്യന്തരമന്ത്രി കടന്നുപോകുന്ന വഴിയില്‍ സി.പി.എം.പ്രകടനം കടന്നുവരുന്നത് മുന്‍കൂട്ടി അറിയാന്‍ പോലീസിന് കഴിയാതെവന്നതാണ് സുരക്ഷാപാളിച്ചയ്ക്ക് കാരണമായത്.
പരവൂരില്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാട്ടാനുള്ള ശ്രമം നടന്നതിനു പിന്നാലെയാണ് സി.പി.എം സമരത്തിനു മുന്നിലേക്ക് മന്ത്രി എത്തപ്പെട്ടത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സാധ്യതയുള്ളതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല