1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2012

ക്രിസ്തുവിന്റെ തിരുവസ്ത്രം പതിനാറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രദര്‍ശനത്തിനു വച്ചു. ഇത് കാരണം പ്രദര്‍ശനത്തിന് വെച്ച പുരാതന ജര്‍മന്‍ നഗരമായ ട്രയറിലേക്ക് ഇനിയൊരു മാസം അര മില്യന്‍ തീര്‍ഥാടകരെങ്കിലും ഒഴുകിയെത്തുമെന്നു പ്രതീക്ഷ. ഈ വസ്ത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചതിന്റെ അഞ്ഞൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇപ്പോഴത്തെ പ്രദര്‍ശനം. 1996ലാണ് ഇതിനു മുന്‍പ് അവസാനമായി പ്രദര്‍ശിപ്പിച്ചത്. അന്ന് ഏഴു ലക്ഷത്തോളം പേര്‍ കാണാനെത്തിയിരുന്നു. ഇത്തവണ അഞ്ചു ലക്ഷം പേരെ മാത്രമാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പ്രദര്‍ശന ചടങ്ങില്‍ സംബന്ധിച്ചുകൊണ്ട് ട്രിയര്‍ മേയര്‍ ക്ളൌസ് ജെന്‍സന്‍ ആഗോ കത്തോലിക്കാ വിശ്വാസികളെ ട്രിയറിലേയ്ക്ക് സ്വാഗതം ചെയ്തു.റോമാക്കാരുടെ ജര്‍മനിയിലെ നഗരം എന്നാണ് ട്രിയര്‍ അറിയപ്പെടുന്നത്. ഇവിടത്തെ കത്തീഡ്രല്‍ ദേവാലയത്തില്‍ (ഡോം) സൂക്ഷിച്ചിരിക്കുന്ന ക്രിസ്തുവിന്റെ മേലങ്കിയുടെ(ഹൈലിഗെ റോക്ക്/ടൂണിക്ക യേശു ക്രിസ്റി(തിരുവസ്ത്രം) പ്രദര്‍ശനമാണ് ഇന്നലെ ആരംഭിച്ചത്. ട്രിയര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ.സ്റെഫാന്‍ ആക്കര്‍മാന്‍ അങ്കിയുടെ പ്രദര്‍ശനം കഴിഞ്ഞ മാസം 25 ന് മ്യൂസിയം അം ഡോമില്‍ ഔദ്യോഗികമായി നിര്‍വഹിച്ചിരുന്നു.

നാലാം നൂറ്റാണ്ടില്‍ കൈസര്‍ കോണ്‍സ്റാന്റിന്റെ അമ്മ ഹെലെനയാണ് കര്‍ത്താവിന്റെ തിരുവസ്ത്രം ട്രിയറില്‍ കൊണ്ടുവന്നത്. 1512 ല്‍ അന്നത്തെ കൈസറായിരുന്ന മാക്സിമലന്‍ ഒന്നാമന്‍ ക്രിസ്തുവിന്റെ മേലങ്കി ആദ്യമായി പ്രദര്‍ശിപ്പിയ്ക്കാന്‍ അനുവാദം നല്‍കി. തുടര്‍ന്ന് ഡോം അള്‍ത്താരയില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ഇതിന്റെ സ്മരണ പുതുക്കലും ഒപ്പം 500 വര്‍ഷത്തിന്റെ ആചരണവുമാണ് ഇത്തവണത്തെ പ്രദര്‍ശനം കൊണ്ടു ലക്ഷ്യമാക്കുന്നത്. 1512 ഏപ്രില്‍ 14 നാണ് ക്രിസ്തുവിന്റെ മേലങ്കി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പിന്നീട് 1517, 1524,1545 എന്നീ വര്‍ഷങ്ങളിലും അങ്കി പ്രദര്‍ശിപ്പിച്ചിരുന്നു.

അന്നുമുതല്‍ ട്രിയര്‍ കത്തീഡ്രലിലാണ് മേലങ്കി സൂക്ഷിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ മൂന്നു പ്രാവശ്യമാണ് മേലങ്കി പ്രദര്‍ശനത്തിന് വെച്ചിട്ടുള്ളത്. 1933, 1959, 1996 എന്നീ വര്‍ഷങ്ങളിലായിരുന്നു. ഈ പ്രദര്‍ശനം. ആഗോള തലത്തില്‍ 1996 ല്‍ ഏതാണ്ട് 7 ലക്ഷം വിശ്വാസികള്‍ അങ്കി സന്ദര്‍ശിയ്ക്കാന്‍ എത്തിയിരുന്നതായി കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. കര്‍ത്താവിനെ തറച്ച വിശുദ്ധ കുരിശിനൊപ്പമാണ് മേലങ്കിയും കണ്ടെത്തിയെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്.

ഇത് എഡി 327 നാണ് കണ്ടെത്തിയതെന്നും കരുതപ്പെടുന്നു. ഉണ്ണിയേശുവിനെ അണിയിക്കാന്‍ പരിശുദ്ധ അമ്മതന്നെ സ്വയം തുന്നിയ കുഞ്ഞുടുപ്പായ മേലങ്കി ക്രിസ്തുവിനൊപ്പം വളരുകയായിരുന്നുവെന്നാണ് ക്രൈസ്തവിശ്വാസം പഠിപ്പിയ്ക്കുന്നത്. ഇപ്പോള്‍ ഈ അങ്കി വിശ്വാസത്തിന്റെ ഏറ്റവും ദൃഢമായ തിരുശേഷിപ്പായി കണക്കാക്കുന്നു. പ്രദര്‍ശനം കാണാനെത്തുന്നവരുടെ ഉല്ലാസത്തിനായി ട്രിയര്‍ രൂപതയുടെ നേതൃത്വത്തില്‍ സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പടെ വിപുലമായ പ്രോഗ്രാമുകളാണ് ട്രിയര്‍ ഡോം അധികാരികള്‍ ഏപ്രില്‍ 13 മുതല്‍ ഒരുമാസക്കാലത്തേയ്ക്ക് തയ്യാറാക്കിയിരിയ്ക്കുന്നത്.

പ്രദര്‍ശന സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണിവരെയും അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകുന്നേരം 5 മണിവരെയുമാണ്. അങ്കിയുടെ പ്രദര്‍ശനം മേയ് 13ന് അവസാനിയ്ക്കും. കാറല്‍മാര്‍ക്സിന്റെ ജന്മസ്ഥലം എന്ന പ്രത്യേകതയും ട്രിയര്‍ നഗരത്തിനുണ്ട്. അദ്ദേഹത്തിന്റെ സ്മാരക മ്യൂസിയം ട്രിയര്‍ കത്തിഡ്രലിന്റെ എതിര്‍വശത്താണ് സ്ഥിതിചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.