1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

അങ്ങനെ തോമാച്ചനും നഴ്‌സായി
നോവല്‍
അദ്ധ്യായം ഏഴ്

പഠനത്തിന്റെ പേരില്‍ ഭാരത് കോളേജില്‍ കാര്യമായി ഒന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും ആര്‍ട്‌സ് ഡേ, കോളേജ് ഡേ, സ്‌പോര്‍ട്ട്‌സ് ഡേ തുടങ്ങിയ സകല വിശേഷ ഡേകളും കലണ്ടറിലെ സകല ചുവപ്പ് ദിനങ്ങളും ഈ കലാലയം വളരെ ഭംഗിയായും കൃത്യമായും ആചരിച്ചു പോന്നു. പഠിക്കാത്തവരെ തല്ലി നന്നാക്കാന്‍ ശ്രമിക്കുന്ന പഴയ പ്രിന്‍സിപ്പാളച്ചന്‍ എവിടെ, ഇവിടെ പഠിക്കാതെ നടക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സത്യന്‍ സാര്‍ എവിടെ. തോമാച്ചന് എത്ര ശ്രമിച്ചിട്ടും ഈ അന്തരത്തിന്റെ കാരണം പിടികിട്ടിയില്ല. ഇതിനെ കുറിച്ച് ഒരിക്കല്‍ സംസാരിച്ചപ്പോള്‍ ജോസൂട്ടിയാണ് തോമാച്ചന്റെ സംശയങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞത്.

‘തോമാച്ചാ, ഏഴാം ക്ലാസില്‍ പഠിച്ച ഏതെങ്കിലും പാഠമോ, കവിതയോ നീ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? അന്ന് അതൊക്കെ നന്നായി പഠിച്ചില്ലെങ്കില്‍ ഭാവി കോഞ്ഞാട്ടയാകുമെന്ന് ടീച്ചര്‍മാര്‍ നിന്നോട് പറഞ്ഞതല്ലേ? എന്നിട്ടിപ്പോഴെന്തായി? അതുപോലെയാണ് ഇപ്പോഴത്തെ കാര്യവും. എടാ, ഈ പുസ്തകത്തില്‍ കാണുന്നതെല്ലാം വെറുതേ നമ്മള്‍ വിദ്യാര്‍ത്ഥികളെ മാനസികമായി പീഡീപ്പിക്കുവാനും മാര്‍ക്കിട്ട് നമ്മളെ തരം തിരിക്കുവാനും മാത്രമുളളതാ. കലാലയ വിദ്യാഭ്യാസം എന്നത് ഇവിടെ നിന്ന് നമുക്ക് കിട്ടുന്ന ജീവിതാനുഭവങ്ങളാ. അങ്ങനെ വരുമ്പോള്‍ നമ്മള്‍ ഇപ്പോള്‍ കാണിക്കുന്ന ഈ വികൃതിത്തരങ്ങളൈാക്കെ പിന്നീട് ഭാവിയില്‍ ഓര്‍ത്ത് സൂക്ഷിക്കാം’

ജോസൂട്ടി പറഞ്ഞത് ഒക്കെ ശരി. തനിക്കെന്തേ ഇത് തോന്നിയില്ല? ഇത്രയും മിടുക്കനായ ഒരു കൂട്ടുകാരനെ കിട്ടിയതില്‍ തോമാച്ചന്‍ ശരിക്കും അഭിമാനിച്ചു.

ഭാരത് കോളേജിലെ ആര്‍ട്ട്‌സ് ഡേയ്ക്ക് സിനിമാ ഷൂട്ടിങ്ങിനായി കുമരകത്ത് തമ്പടിച്ച രണ്ട് പേരു കേട്ട നടന്മാരും മാദകത്തിടമ്പായ ഒരു നടിയുമാണ് അതിഥികളായി എത്തുന്നത് എന്നു കേട്ടതോടെ കോളേജിലെ ചിത്രശലഭങ്ങളും അവരെ ചുറ്റുന്ന വണ്ടുകളും ആവേശത്തിലായി. എല്ലാവരുടേയും സംസാരം അവരെകുറിച്ചും അവര്‍ അഭിനയിച്ച സിനിമകളെ കുറിച്ചും മാത്രമായി. ഇത്രയും വലിയ ആളുകളെ തന്റെ കോളേജില്‍ എത്തിയ്ക്കാന്‍ പ്രാപ്തിയുളള സത്യന്‍ സാറിനോട് തോമാച്ചന് തോന്നിയ ആദരവ് ചില്ലറയൊന്നും ആയിരുന്നില്ല.

അങ്ങനെ വളരെ ആഘോഷപൂര്‍വ്വം ആര്‍ട്‌സ് ഡേ നടന്നു. എല്ലാവരും തന്നെ നടിനടന്മാരുടെ ആട്ടോഗ്രാഫ് വാങ്ങിയതിന്റെ ത്രില്ലിലാണ്. പിന്നീട് ഒരു ദിവസം ജോസൂട്ടി പറഞ്ഞാണ് തോമാച്ചന്‍ ആ സത്യം അറിഞ്ഞത്. ആര്‍ട്ട്‌സ് ഡേയില്‍ വന്ന ആ മൂന്ന് താരങ്ങളും ഭാരത് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് എന്ന്. പാരലല്‍ കോളേജ് എന്നും ഭോപ്പാല്‍ എച്ച്എസ് സി എന്നും ഒക്കെ കേള്‍ക്കുമ്പോള്‍ പലര്‍ക്കും വലിയ പുച്ഛമാണ്. അവര്‍ക്കറിയാമോ അവര്‍ ദൈവങ്ങളായി ആരാധിക്കുന്ന പല താരങ്ങളും പഠിച്ച കലാലയത്തിലാണ് താന്‍ പഠിക്കുന്നതെന്ന്. ഒരു പക്ഷേ നാളെ താനും ഏതെങ്കിലും ഒരു മേഖലയില്‍ വലിയ ആള് ആയാല്‍ ഈ ഭാരത് കോളേജ് പഠനകാലം ഒരു കരിനിഴലായി പിന്തുടരുകയില്ല എന്ന് തോമാച്ചന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടു. ഈ തിരിച്ചറിയലിനിടയില്‍ തോമാച്ചന്‍ തന്റെ സഹദാ കോളേജിലെ ആര്‍ട്ട്‌സ് ഡേ ഓര്‍ത്തുപോയി.

അന്ന് തോമാച്ചന്‍ രണ്ടാം വര്‍ഷ പിഡിസിയ്ക്ക് പഠിക്കുന്ന സമയം. കോളേജ് ആര്‍ട്‌സ് ഡേയുടെ മുഖ്യ ഇനം പ്രശസ്ത പിന്നിണി ഗായകന്‍ ‘ഓച്ചിറ ശശീന്ദ്രന്‍’ നയിക്കുന്ന ഗാനമേളയാണ്. ഒന്നോ രണ്ടോ സിനിമയില്‍ പാടിയതിന്റെ പിന്‍ബലത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഗാനമേളകള്‍ നടത്തി ശശീന്ദ്രന്‍ കത്തി നില്‍ക്കുന്ന കാലഘട്ടം. പ്രിന്‍സിപ്പാളച്ചനും സാറന്മാരും ആര്‍ട്ട്‌സ്‌ക്ലബ്ബ് സെക്രട്ടറി എബിയും വളരെ കഷ്ടപ്പെട്ടിട്ടാണ് ശശീന്ദ്രന്റെ ഡേറ്റ് കിട്ടിയത് തന്നെ.

ആര്‍ട്ട്‌സ്‌ക്ലബ്ബ് സെക്രട്ടറി എബി മൈക്കിലൂടെ വിളിച്ചു പറഞ്ഞ സ്വാഗത പ്രസംഗം കേട്ടാല്‍ തോന്നും, ഇനി യേശുദാസിന് കഞ്ഞി കുടിയ്ക്കണമെങ്കില്‍ ആക്രി കച്ചവടത്തിന് പോകേണ്ടി വരുമെന്ന്. എബിയുടെ പ്രസംഗം കേട്ട ചിലരെങ്കിലും വിശ്വസിച്ചു കാണും, മൈക്കിള്‍ ജാക്‌സണും, മുഹമ്മദ് റാഫിയും ഒക്കെ ഓച്ചിറ ശശീന്ദ്രന്റെ മുന്നില്‍ ഒന്നുമല്ലെന്ന്.

തിരഞ്ഞെടുപ്പില്‍ ജോസൂട്ടിയുടെ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് എബി ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായത്. അതുകൊണ്ട് തന്നെ ഈ പരിപാടി കുളമാക്കാന്‍ ജോസൂട്ടിയും പാര്‍ട്ടിയും തീരുമാനിച്ചു. തോമാച്ചന് അങ്ങനെ ഒരു പാര്‍ട്ടിയോടും സ്‌നേഹമില്ല. വാവിനേയും സംക്രാന്തിയേയും കുറിച്ചൊന്നും ആകുലപ്പെടാത്ത കാട്ടുകോഴിയെ പോലെ തോമാച്ചന്‍ കോളേജില്‍ വന്നും പോയിയുമിരുന്നു. അത്രതന്നെ. എങ്കിലും ജോസൂട്ടിയുടെ സന്തത സഹചാരി ആയിരുന്നതിനാല്‍ തോമാച്ചനും പുരോഗമന വിപ്ലവ പാര്‍ട്ടിക്കാരനാണ് എന്നാണ് പൊതുവേ മറ്റുളളവരുടെ ധാരണ.

സ്വാഗത പ്രസംഗത്തിന് ശേഷം വീണ കര്‍ട്ടന്‍ അധികം താമസിക്കാതെ തന്നെ ‘ഗാനമേള ഇതാ ആരംഭിക്കുന്നു’ എന്ന അശീരീരിയോടെ ഉയര്‍ന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ ശശീന്ദ്രന്‍ ‘അകലെ അകലെ നീലാകാശം’ എന്ന ഗാനം പാടി. പാട്ടു കേട്ട് ജോസൂട്ടിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം കുട്ടികള്‍ എഴുനേറ്റ് നിന്ന് നിലയ്്ക്കാത്ത കൈയ്യടി. തോമാച്ചന് സന്തോഷം തോന്നി. ഇതാണ് കലാകാരന്റെ കഴിവ്!! പരിപാടി കുളമാക്കാന്‍ വന്ന ജോസൂട്ടിയേയും കൂട്ടരേയും ശശീന്ദ്രന്‍ പാട്ടിലാക്കിയിരിക്കുന്നു. പെട്ടന്ന് തോമാച്ചനെ അമ്പരപ്പിച്ചുകൊണ്ട് ജോസൂട്ടി വിളിച്ചു പറഞ്ഞു. ‘ വണ്‍സ് മോര്‍ പ്ലീസ്!!’ ശശീന്ദ്രന്റെ മുഖത്ത് വളരെ സന്തോഷം. സദസ്സിനെ നോക്കി മധുര പുഞ്ചിരി തൂകി ഗായകന്‍ മൊഴിഞ്ഞു. ‘ശരി’ വീണ്ടും ഗാനം ആരംഭിച്ചു. പൂര്‍ണ്ണ നിശബ്ദത. സൂചിയല്ല, നൂല് നിലത്ത് വീണാലും കേള്‍ക്കാവുന്ന നിശബ്ദത.

ഇത്തവണ കൈയ്യടി ഉയര്‍ന്നത് പെണ്‍കുട്ടികളുടെ ഭാഗത്തു നിന്നായിരുന്നു. നീണ്ട കൈയ്യടിയുടെ അവസാനം സോണിയ എഴുനേറ്റ് നിന്ന് മൊഴിഞ്ഞു. ‘വണ്‍സ് മോര്‍ പ്ലീസ്’. ശശീന്ദ്രന്റെ മുഖത്ത് ആയിരം സൂര്യന്‍മാര്‍ ഒന്നിച്ചു ഉദിച്ച പോലെ പ്രകാശമായി. ‘പാടാം പാടാം, താങ്ക്യു ഫോര്‍ യുവര്‍ സപ്പോര്‍ട്ട്’ ഇത്തവണ പാട്ട് കലക്കി. ശശീന്ദ്രന്റെ പാട്ട് അതിമനോഹരമായിരുന്നു. ഇതെല്ലാം കണ്ടും കേട്ടും എബി നെഞ്ച് വിരിച്ച് പിടിച്ച് ഷൈന്‍ ചെയ്യുന്നുമുണ്ട്. പാട്ടു പാടി അവസാനിച്ചപ്പോള്‍ കുട്ടികള്‍ ഒന്നടങ്കം എഴുനേറ്റ് നിന്ന് വിളിച്ചുപറഞ്ഞു. ‘വണ്‍സ് മോര്‍’.

ഇതിലെന്തോ ചതി ഒളിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കാതെ പാവം ഓച്ചിറ ശശീന്ദ്രന്‍ വിനയപൂര്‍വ്വം പറഞ്ഞു. ഈ പാട്ട് ഇപ്പോള്‍ തന്നെ മൂന്ന് പ്രാവശ്യം പാടി. ഇനിയും ധാരാളം നല്ല പാട്ടുകള്‍ പാടാനുണ്ട്. അതുകൊണ്ട് ഈ പാട്ട് വീണ്ടും പാടണമെന്ന് ശഠിക്കരുത്. നിങ്ങളുടെ സ്‌നേഹത്തിനും ഈ അംഗീകാരത്തിനും ഞാന്‍ നന്ദി പറയുന്നു.

പെട്ടന്ന് ഓഡിറ്റോറിയം മുഴുവന്‍ കേള്‍ക്കെ ജോസൂട്ടിയുടെ ശബ്ദം ഉയര്‍ന്നു. ‘ആദ്യം ഈ പാട്ട് നന്നായി പാടി പഠിക്കടാ, എന്നിട്ടു മതി ബാക്കി പാട്ടുകള്‍’.

ഇത് കേട്ടതും സപ്ത നാഡികളും തളര്‍ന്ന് ഓച്ചിറ ശശീന്ദ്രന്‍ എന്ന ഗായകന്‍ തലകറങ്ങി വീണതും ജോസൂട്ടിയുടെ നേരെ അക്രമിക്കാന്‍ ഓടിയെത്തിയ എബിയേയും ഇരുവരേയും പിടിച്ചുമാറ്റാന്‍ പ്രയാസപ്പെടുന്ന പ്രിന്‍സിപ്പാളച്ചനേയും ഒക്കെ ഇന്നലെ എന്നപോലെ തോമാച്ചന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു.

ജോസൂട്ടി പറഞ്ഞതെത്ര ശരി. പാഠപുസ്തകത്തില്‍ ഉളളതെല്ലാം മറന്നേക്കാം; പക്ഷേ ഇതൊക്കെ എങ്ങനെ മറക്കും!!.
തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.