1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2011

ചില കുഞ്ഞുങ്ങള്‍ ജനിക്കുന്നത് തന്നെ പുതിയ ഒരു ചരിത്രം കുറിച്ചു കൊണ്ടായിരിക്കും. എന്നാല്‍ ടോബി ഡ്രിങ്ക് എന്ന കുട്ടി ജനിച്ചു വീണത് തന്നെ ഒരു വിലയേറിയ റെക്കോര്‍ഡുമായാണ്. സ്വന്തം ജീവന്റെ വിലയാണ് അവന്റെ റെക്കോര്‍ഡിനുള്ളത്. ബ്രിട്ടനില്‍ ഓപ്പണ്‍ ഹേര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡിനാണ് ജനിച്ച് 22 മണിക്കൂറിനുള്ളില്‍ ടോബി അര്‍ഹനായത്.

ജനിച്ചപ്പോള്‍ തന്നെ ആരോഗ്യ സ്ഥിതി വഷളായതോടെയാണ് ടോബിയെ ഹൃദയ പരിശോധനയ്ക്ക് വിധേയനാക്കിയതും ശസ്ത്രക്രിയ നടത്തിയതും. 12 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ജീവിതത്തലേക്ക് മടങ്ങി വന്ന ടോബി ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രി വിട്ടു. ലണ്ടനിലെ ഫ്രീമാന്‍ ആശുപത്രിയിലായിരുന്നു ടോബിയുടെ ശസ്ത്രക്രിയ. കുഞ്ഞ് സൃഷ്ടിച്ച റെക്കോര്‍ഡല്ല പകരം അവനെ തിരികെ കിട്ടി എന്നതാണ് തങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതെന്ന് ടോബിയുടെ അമ്മ സോഫി അറിയിച്ചു.

ഇരുപത്തിയഞ്ചുകാരിയായ സോഫി ഗര്‍ഭത്തിന്റെ ഇരുപത് ആഴ്ച പൂര്‍ത്തിയായപ്പോള്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ എന്തോ പ്രശ്‌നം ഉള്ളതായി തെളിഞ്ഞിരുന്നു. ഹൃദയത്തിന്റെ ഇടതുഭാഗം ശരിയായ രീതിയില്‍ രൂപപ്പെട്ടില്ല എന്നതായിരുന്നു ടോബിക്കുണ്ടായിരുന്ന അസുഖം. അയ്യായിരത്തില്‍ ഒന്നുവീതം നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് ഇത്.

ഗര്‍ഭം അലസിപ്പിക്കുകയോ ജനിച്ച ശേഷം കുഞ്ഞിനെ മരിക്കാന്‍ അനുവദിക്കുകയോ അതുമല്ലങ്കില്‍ പരീക്ഷണമെന്ന രീതിയില്‍ യാതൊരു സാധ്യതകളുമില്ലാത്ത ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയോ ചെയ്യാമെന്നാണ് ഡോക്ടര്‍മാരെല്ലാം വിധിയെഴുതിയത്. എന്നാല്‍ ഇതില്‍ മൂന്നാമത്തെ സാധ്യത തിരഞ്ഞെടുക്കാന്‍ ടോബിയുടെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

39ാം ആഴ്ചയില്‍ മാസം തികയാതെ പ്രസവിച്ച ടോബിയെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് സോഫി ഒരുവട്ടം കണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകള്‍ക്കകം ഡോക്ടര്‍മാരെയെല്ലാം അമ്പരിപ്പിച്ചു കൊണ്ട് ടോബി വേഗം സുഖം പ്രാപിക്കുകയായിരുന്നു. ഹൃദയശസ്ത്രക്രിയയുടെ രണ്ട് ഘട്ടങ്ങള്‍ക്ക് കൂടി ടോബി ഇനിയും വിധേയനാകേണ്ടതുണ്ട്. ഇതില്‍ അടുത്ത ഘട്ടം ക്രിസ്മസിന് മുമ്പും അവസാന ഘട്ടം നടന്നു തുടങ്ങുമ്പോഴേക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്.

റൂഡി മാക്‌സ്‌വെല്‍ ജോണ്‍സ് എന്ന 36 മണിക്കൂര്‍ പ്രായമുള്ള കുഞ്ഞാണ് ടോബി കഴിഞ്ഞാല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രായം കുറഞ്ഞ വ്യക്തി. ബെര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ വച്ച് ജൂലൈയിലായിരുന്നു റൂഡിയുടെ ശസ്ത്രക്രിയ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.