1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

നോര്‍വിച്ച് : നാല് വയസ്സുകാരന്‍ ആട്രിക്കിനും കുഞ്ഞ് അനിയന്‍ രോഹിതിനും ഏതോ വലിയ അത്ഭുത ലോകത്ത് പോയി വന്നതിന്റെ ഉത്സാഹത്തിലാണ്. പപ്പയായ ടോണിയ്ക്കാകട്ടെ തന്റെ ഏറ്റവും പ്രീയപ്പെട്ട കായിക വിനോദമായ വോളിബോള്‍ ലോകോത്തര വേദിയില്‍ ലോകത്തെ കേമന്‍മാരായ കളിക്കാരുടെ പ്രകടനത്തിലൂടെ കാണാനായതിന്റെ ചാരിതാര്‍ത്ഥ്യവും. ഇത് നോര്‍വിച്ചിലെ ടോണിയും കുടുംബവും കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് വോളിബോള്‍ മത്സരം കാണാന്‍ പോയതിന്റെ അനുഭവം പങ്കുവെയ്ക്കലാണ്.

ഒരു പക്ഷെ ഈസ്റ്റ് ആംഗ്ലിയായില്‍ നിന്ന് ലണ്ടന്‍ ഒളിമ്പിക്‌സ് കാണാന്‍ പോയ ചുരുക്കം കുടുംബങ്ങളിലൊന്നാണ് ടോണിയുടേത്. നോര്‍ത്ത് ഫോര്‍ക്ക് ആന്‍ഡ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷ്യണറായി ജോലി ചെയ്യുകയാണ് ചമ്പക്കുളംകാരനായ ടോണി. ഇക്‌ഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയായിലെ സ്‌പോര്‍ട്ട്‌സ് പാര്‍ക്കില്‍ വച്ച് സുഹൃത്തുക്കളുമായി ഒളിമ്പിക്‌സ് അനുഭവം ടോണി പങ്കുവച്ചു. ഒന്നര വര്‍ഷം മുന്‍പ് ഒളിമ്പിക്‌സ് ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തിയപ്പോള്‍ ഇന്റര്‍നെറ്റിന് മുന്നില്‍ ഉറക്കമുളച്ചിരുന്നാണ് ടോണിയും കുടുംബവും ടോണിയുടെ ഇഷ്ടയിനമായ വോളിബോളിനുളള ടിക്കറ്റ് സ്വന്തമാക്കിയത്. അന്നുമുതല്‍ ഇങ്ങോട്ട് ലോകമെമ്പാടുമുളള കായിക പ്രേമികള്‍ ഉറ്റുനോക്കിയിരുന്ന ഈ കായിക വേദിയിലെത്താനുളള തിടുക്കവും ജിജ്ഞാസയുമായിരുന്നു ഈ കുടുംബത്തിനും.

ഒളിമ്പിക്സ് അടുത്തുവരുംതോറും ദിവസങ്ങള്‍ക്ക് നീളം കൂടിയതുപോലെ. ഒളിമ്പിക്‌സ് കാണാനുളള തങ്ങളുടെ ദിനം ഒന്നടുത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹം. അത് എപ്പോഴും അങ്ങിനെയാണ്. ഒരു കാര്യം ആഗ്രഹിച്ച് കാത്തിരുന്നാല്‍ ആഗ്രഹത്തിന്റെ തീവ്രത കൂടികൊണ്ടിരിക്കും. ഒടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് അവര്‍ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തില്‍ എത്തി. കുട്ടികള്‍ക്കായിരുന്നു ഏറ്റവും സന്തോഷം. ഉത്സാഹ തിമിര്‍പ്പിലായിരുന്നു രണ്ടുപേരും. എവിടെ നോക്കിയാലും തങ്ങളുടെ രാജ്യത്തിന്റെ പാരമ്പര്യത്തിലും കായികനേട്ടത്തിലും ആവേശവും ഒട്ടൊക്കെ അഹങ്കാരവും കാട്ടി നടക്കുന്ന ലോകത്തിലെ വിവിധ രാജ്യക്കാര്‍. ലോകം മുഴുവന്‍ ലണ്ടന്‍ എന്ന വലിയ കുടയുടെ കീഴില്‍ ഒത്തു ചേര്‍ന്ന പ്രതീതി.

ജര്‍മ്മിനി, ക്രൊയേഷ്യ, സെര്‍ബിയ, ഓസ്ട്രലിയ തുടങ്ങിയ ലോകോത്തര രാജ്യങ്ങള്‍ വോളിബോള്‍ കോര്‍ട്ടില്‍ കൂറ്റന്‍ സ്മാഷുകളും കൗശലപൂര്‍ണ്ണമായ പ്ലേ സ്വിങ്ങുകളുമായി കാണികളുടെ മനം കവര്‍ന്നപ്പോള്‍ ആരവം മുഴങ്ങി നിന്ന ആ കളിക്കളത്തിലിരുന്നുകൊണ്ട് പോയ നല്ലദിനങ്ങളെ കുറിച്ചുളള ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണകളുമായി താന്‍ കുറച്ചു സമയം ചിലവിട്ടുവെന്ന് ടോണിയുടെ സമ്മതം. ഒരു കാലത്ത് നാട്ടിലെ ഏത് നാട്ടിന്‍പുറത്ത് ചെന്നാലും വൈകുന്നേരങ്ങളില്‍ വോളിബോള്‍ പ്രേമികളെ കൊണ്ട് നിറഞ്ഞു കവിയുന്ന ചെമ്മണ്ണിന്‍ മൈതാനങ്ങളും ആവേശത്തിമിര്‍പ്പുകളും ടോണിയെ പോലെ തന്നെ ഏത് ശുദ്ധ നാടന്‍ കായിക പ്രേമിക്കാണ് ഇത് മറക്കാന്‍ കഴിയുക?

വോളിബോളിനെ ഇന്ത്യയുടെ പ്രധാന കായിക ഇനമാക്കി മാറ്റിയ ഒട്ടേറെ ചുണക്കുട്ടന്‍മാര്‍ പിറന്ന നാടായിരുന്നു നമ്മുടെ കൊച്ചു കേരളം. ഇന്ത്യന്‍ വോളിബോളിനെ ലോകോത്തര നിലവാരമുളള ക്ലബ്ബ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ജിമ്മി ജോര്‍ജ്ജ് എന്ന അത്ഭുത മനുഷ്യനെ ആര്‍ക്ക് മറക്കാന്‍ കഴിയും. ഇറ്റലിയിലെ ഒരു കാര്‍ അപകടത്തി്ല്‍ ആ ജീവന്‍ പൊലിഞ്ഞപ്പോള്‍ ഇന്ത്യന്‍ വോളിബോള്‍ അതിന്റെ പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു. അന്നുമുതലിങ്ങോട്ട് നമുക്ക് കാണാന്‍ കഴിഞ്ഞത് താളപ്പിഴകളുടേയും അവ്യക്തമായ കാരണങ്ങളാല്‍ തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ വോളിബോളിനേയുമാണ്. ഒരു യോഗ്യത റൗണ്ടില്‍ പോലും എത്താതെ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ പുറത്ത് നില്‍ക്കുന്ന ദുരവസ്ഥയിലെത്തി നില്‍ക്കുന്നു ഇന്ത്യന്‍ വോളിബോള്‍ ഇപ്പോള്‍. ടോണിയെപോലെ തന്നെ വോളിബോള്‍ ഒരു ഹരമായി കൊണ്ടു നടക്കുന്ന നിരവധി മലയാളി ചെറുപ്പക്കാര്‍ ലോകമെമ്പാടുമായി ചിതറി കഴിയുന്നുണ്ട് ഇപ്പോള്‍.

ഒരു അവധിക്ക് നാട്ടില്‍ വരുമ്പോഴെല്ലാം ഒത്തുകൂടി വോളിബോള്‍ കളിക്കാന്‍ ചെന്നാല്‍ മൈതാനങ്ങള്‍ നിലകൊണ്ടിടത്ത് ഇന്ന് പടുകൂറ്റന്‍ കെട്ടിടങ്ങള്‍ മാത്രം. നഷ്ട സൗഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ പേറി നില്‍ക്കുന്ന അവശേഷിക്കുന്ന ചുരുക്കം ചില കളിക്കളങ്ങളില്‍ പഴയതുപോലെ സൗഹൃദങ്ങള്‍ പങ്കുവെയ്ക്കലോ ആരോഗ്യകരമായ ചൂടേറിയ വാഗ്വാദങ്ങളോ ഇല്ല. വെറും ശൂന്യത മാത്രം. മൈക്രോ കുടുംബങ്ങളാണ് ഇന്നെങ്ങും. ലോകം മുഴുവന്‍ വിരുന്നുവരുന്ന തങ്ങളുടെ സ്വീകരണമുറിയിലെ ഏറ്റവും പുതിയ ടിവിക്ക് മുന്നില്‍ അവരെല്ലാം മറന്ന് ഇരിക്കുന്നു.

തന്റെ ഹൈസ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ പത്താം നമ്പര്‍ നീല കുപ്പായമിട്ട് ഇന്ത്യന്‍ ടീമീനുവേണ്ടി എതിരാളികളുടെ കളിക്കളത്തില്‍ പടുകൂറ്റന്‍ സ്മാഷുകള്‍ ഉതിര്‍ത്തിരുന്ന ജിമ്മി ജോര്‍ജ്ജിന്റെ ആരാധകനായി കഴിച്ചുകൂട്ടിയ കാലത്തെകുറിച്ച് പറയുമ്പോള്‍ ടോണി ഇപ്പോഴും വാചാലനാകും. ഇന്ത്യക്ക് വേണ്ടി അനേകം അശ്വമേധങ്ങള്‍ നടത്തിയ ആ കണ്ണുര്‍ പേരാവുകാരനെ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക. നീക്കങ്ങളുടെ ചടുലതയിലും പന്തിന്റെ കൈയ്യടക്കത്തിലും അക്രമണത്തിന്റെ മൂര്‍ച്ചയിലും ഇന്ത്യന്‍ വോളിബോള്‍ കണ്ട ഏറ്റവും വലിയ അത്ഭുത പ്രതിഭാസമായിരുന്നു ജിമ്മി. ജിമ്മിയുടെ പാത അനുകരിച്ച് അനേകായിരങ്ങള്‍ ആ കളിയിലേക്ക് ആകൃഷ്ടരായി. ആകൃഷ്ടരാവുക മാത്രമല്ല ആവര്‍ ആ കളിയെ നെഞ്ചിലേറ്റുകയും ചെയ്തു.

അതുകൊണ്ടാണ് ഇന്നും അമേരിക്കയില്‍ ജിമ്മിയുടെ പേരില്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ടോണിയെ പോലെ ഒന്നരവര്‍ഷം മുന്‍പ് ഉറക്കമിളച്ച് ഇരുന്ന് വോളിബോള്‍ കാണുവാന്‍ വേണ്ടി ടിക്കറ്റ് കൈക്കലാക്കുന്നത്. എവിടെയാണ് നമ്മുടെ വോളിബോളിന് ചുവടുകള്‍ പിഴച്ചതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്ന് മാത്രം. വോളിബോളിന് മാത്രമല്ല ഇന്ത്യന്‍ കായിക രംഗം മുഴുവന്‍ തകര്‍ച്ചയുടെ വക്കിലാണ്. അതാണ് ഈ ഒളിമ്പിക്‌സ് നമുക്ക് തരുന്ന ചിത്രം. ഒരു കളി പോലും ജയിക്കാനാകാത്ത ഹോക്കി ടീം. ഇക്കഴിഞ്ഞ ദിവസം വരെ ആര്‍ക്കും കേട്ടുകേഴ്‌വി പോലും ഇല്ലാതിരുന്ന നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമായ മലയാളി താരം ഇര്‍ഫാന്‍, സ്വന്തം കോച്ചിന്റെ സഹായം പോലുമില്ലാതെ ക്രീസില്‍ തളര്‍ന്നിരിക്കേണ്ടി വന്ന ഇന്ത്യയുടെ ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി ചിത്രങ്ങള്‍ ഇനിയും ധാരാളം. 1.22 ബില്യണ്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഇന്ത്യയില്‍ മജ്ജയും മാംസവും മനോധൈര്യവും ഉളള ബോള്‍ട്ടുമാരുടെ വംശനാശം സംഭവിച്ചിട്ടില്ല. പകരം പെരുകുന്ന കല്‍മാഡിമാരാണ് ഇന്ത്യന്‍ കായിക രംഗം നശിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ കല്‍മാഡിയും കൂട്ടരും കട്ടുമുടിച്ച കോടികളുടെ പകുതിയെങ്കിലും കഴിവുളള കായികതാരങ്ങളെ കണ്ടെത്തി അവരുടെ പരിശീലനത്തിനായി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടി ചിലവിട്ടാല്‍ ചൈനയ്ക്ക് എന്നല്ല ലോകത്ത് ഒരു ശക്തിക്കും ഇന്ത്യന്‍ കായികരംഗത്തെ കവച്ച് വെയ്ക്കാന്‍ കഴിയില്ല. അത് നൂറ് തരം ഉറപ്പ്. പക്ഷെ പൂച്ചയ്ക്ക് ആരു മണികെട്ടും. ശുദ്ധി കലശം എവിടെ തുടങ്ങും. മറുനാട്ടിലും സ്വന്തം കുഞ്ഞുങ്ങള്‍ക്ക് അവരുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനമായി നല്‍കിയ ടോണിയെപോലുളള ശുദ്ധ കായിക പ്രേമികളാണ് ഒരു ആശ്വാസം. ഇന്നു പിച്ച വെക്കുന്ന ആ കുഞ്ഞുങ്ങള്‍ നാളെ ഒരു പക്ഷെ തങ്ങളുടെ പിതാവിന്റെ ഇഷ്ട കായിക വിനോദമായ വോളിബോള്‍ നെഞ്ചിലേറ്റി അടുത്ത തലമുറയ്ക്ക് പകര്‍ന്നേക്കാം. ലണ്ടന്‍ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലിരുന്ന് ഇന്ത്യന്‍ വോളിബോളിന്റെ അഭിമാനമായിരുന്ന ജിമ്മി ജോര്‍ജ്ജിനെ ഓര്‍ത്ത ചമ്പക്കുളത്തുകാരന്‍ ടോണിക്ക് മലയാളികളുടെ നന്ദി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.