1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2012

റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു.ഇന്നോവ കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തു കയായിരുന്നു. വടകര ഓര്‍ക്കാട്ടേരി വള്ളിക്കാട് സമീപത്തു കൂടി ബൈക്കില്‍ പോകുമ്പോള്‍ അക്രമിസംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. രാത്രി പത്തരയോടെയായിരുന്നു സംഭവം. വെട്ടേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ചന്ദ്രശേഖരനെ പോലീസടക്കമുള്ളവര്‍ വടകര ഗവ. ആസ്​പത്രിയില്‍ എത്തിച്ചു. ആസ്​പത്രിയില്‍ വെച്ച് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് മനസ്സിലാക്കിയത്. തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിരുന്നു മുഖം. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് മാറ്റി..

എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തി പാര്‍ട്ടിയുടെ ആവേശമായി മാറിയ നേതാവാണ് ചന്ദ്രശേഖരന്‍. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

ഒഞ്ചിയം നെല്ലാച്ചേരി സ്വദേശിയാണ്. ഭാര്യ: രമ. മകന്‍: നന്ദു. പരേതനായ അപ്പുണ്ണി നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, സുരേന്ദ്രന്‍, സേതുമാധവന്‍, ദിനേശ്കുമാര്‍.

മൃതദേഹം ശനിയാഴ്ച പകല്‍ 12 മുതല്‍ 1 വരെ കോഴിക്കോട് ടൗണ്‍ ഹാളിലും 2 മുതല്‍ 3 വരെ വടകരയിലും പൊതുദര്‍ശനത്തിനുവെയ്ക്കും. ശവസംസ്‌കാരം വൈകിട്ട് അഞ്ചിന് ഒഞ്ചിയത്ത്.

സംസ്ഥാനത്ത് ഇന്ന് യു.ഡി.എഫ്. ഹര്‍ത്താല്‍

ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചനും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും അറിയിച്ചു. ചെന്നിത്തല ശനിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കും.

അന്തിമോപചാരം അര്‍പ്പിക്കാന്‍ വി.എസ് കോഴിക്കോട്ടേയ്ക്ക്

കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍ കോഴിക്കോട്ടേയ്ക്കു തിരിച്ചു. പാലക്കാട്ടുള്ള എല്ലാ പരിപാടികളും വെട്ടിച്ചുരുക്കിയാണ് അദ്ദേഹം കോഴിക്കോട്ടേയ്ക്ക് വരുന്നത്.സി.പി.ഐ.എമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ വി.എസ് ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളോട് ഒപ്പമായിരുന്നു ചന്ദ്രശേഖരന്‍. വി.എസ്സുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവുകൂടിയായിരുന്നു അദ്ദേഹം. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവര്‍ ചന്ദ്രശേഖരനേയും ഒഞ്ചിയം റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും കുലം കുത്തികളെന്ന് വിളിച്ചപ്പോഴും വി.എസ്. അദ്ദേഹത്തെ തള്ളി പറഞ്ഞിരുന്നില്ല.

വിട വാങ്ങിയത് ഒഞ്ചിയത്തിന്റെ സമരസഖാവ്‌

കോഴിക്കോട്:സമര പോരാട്ടങ്ങള്‍ കൊണ്ട് നിണമണിഞ്ഞ ഒഞ്ചിയത്തെ രക്തസാക്ഷികളുടെ മണ്ണ് സ്വന്തമായൊരു ചെങ്കൊടി കൈയിലേന്തിയപ്പോഴാണ് ടി.പി.ചന്ദ്രശേഖരന്‍ എന്ന നേതാവ് സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. സി.പി. എമ്മിലെ ഉള്‍പ്പാര്‍ട്ടി സമരങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയപ്പോഴാണ് ഒഞ്ചിയം ഗ്രാമവും അവിടത്തെ സി.പി.എം. വിമതരുടെ പാര്‍ട്ടിയായ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധനേടിയത്.

2008-ല്‍ ഏറാമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിനു കൈമാറിയതോടെയാണ് ഒഞ്ചിയം മേഖലയില്‍ പാര്‍ട്ടിയിലെ ആശയസമരം പൊടുന്നനെ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.

സി.പി.എം. നേതൃത്വം പാര്‍ട്ടിവിട്ടവരെ കുലംകുത്തികളെന്നുവരെ മുദ്രകുത്തി ആക്ഷേപിച്ചിട്ടും ഒഞ്ചിയത്തെ ‘സി.പി.എം.’ ചന്ദ്രശേഖരന്റെ പിന്നില്‍ അടിയുറച്ചു നിന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഈ മേഖലയില്‍ ഇതിന് സി.പി.എം. കനത്ത വിലയാണ് നല്‍കേണ്ടത്.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ സംസ്ഥാനത്തെ സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടിമറി വിജയം നേടിയത് ഒഞ്ചിയത്തെ സി.പി.എമ്മിലെ പിളര്‍പ്പിന്റെ ബലത്തിലായിരുന്നു. എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ഇടതുപക്ഷ ഏകോപനസമിതി സ്ഥാനാര്‍ത്ഥിയായ ടി.പി.ചന്ദ്രശേഖരന്‍ നേടിയ വോട്ടുകളാണ് എക്കാലത്തും സി.പി.എം. കുത്തകയാക്കിവെച്ച വടകര മണ്ഡലം നഷ്ടപ്പെടാനിടയാക്കിയത്.

21,833 വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്‍ നേടിയത്. പരമാവധി പതിനായിരം വോട്ടിനപ്പുറം ചന്ദ്രശേഖരന് നേടാനാവില്ലെന്ന് കണക്കാക്കിയ സി.പി.എം. നേതൃത്വത്തെ ഇത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ചന്ദ്രശേഖരന്‍േറത് ആളില്ലാപ്പാര്‍ട്ടിയാണെന്ന് പ്രചരിപ്പിച്ച സി.പി.എം. അവസാനഘട്ടത്തില്‍ ഇവര്‍ യു.ഡി.എഫിന് വോട്ടു മറിച്ചുവെന്നും പ്രചരിപ്പിച്ചു. എന്നാല്‍ അപ്പോഴൊക്കെയും ചന്ദ്രശേഖരനും സഹപ്രവര്‍ത്തകരും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനു പിന്നില്‍ വടകര മേഖലയിലാകെ പാര്‍ട്ടി അണികള്‍ അണിചേരുന്ന കാര്യം ബോധപൂര്‍വം അറിഞ്ഞില്ലെന്ന് നടിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 ബൂത്തുകളില്‍ സി.പി.എം. സ്ഥാനാര്‍ഥിയേക്കാള്‍ കൂടുതല്‍ വോട്ട് ചന്ദ്രശേഖരന്‍ നേടിയിരുന്നു.

ഏറാമല, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിലും ചന്ദ്രശേഖരന്‍ സി.പി.എമ്മിനേക്കാള്‍ വോട്ടുനേടി.
പാര്‍ട്ടിയുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോവുന്നതറിഞ്ഞ് ചില നേതാക്കള്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഔദ്യോഗിക നേതൃത്വത്തിന്റെ കടുംപിടിത്തം അതിനു തടസ്സമായി. കേവലമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങി തിരിച്ചുപോവാന്‍ ചന്ദ്രശേഖരനും തയ്യാറായിരുന്നില്ല.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എം. ഒരിക്കല്‍ക്കൂടി റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് ചരിത്രത്തിലാദ്യമായി പാര്‍ട്ടിക്ക് നഷ്ടമായി. പോലീസ് വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചുവീണ രക്തസാക്ഷി കുടീരം സ്ഥിതിചെയ്യുന്ന വാര്‍ഡില്‍പ്പോലും പാര്‍ട്ടി പരാജയം നുണഞ്ഞു. പഞ്ചായത്തില്‍ ആകെയുള്ള 17 വാര്‍ഡില്‍ എട്ടിടത്ത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിജയിച്ചപ്പോള്‍ അഞ്ച് സീറ്റിലെ വിജയംകൊണ്ട് സി.പി.എം. ഏറെ പിന്നിലായി. അഴിയൂര്‍, ഏറാമല പഞ്ചായത്തുകള്‍ യു.ഡി.എഫ്. തൂത്തുവാരിയപ്പോള്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍പ്പോലും സി.പി.എം. മൂന്നാംസ്ഥാനത്തായി.

ഇതിനിടയിലെല്ലാം ചന്ദ്രശേഖരനും സഹപ്രവര്‍ത്തകര്‍ക്കും പലപ്പോഴായി ആക്രമണങ്ങളും നേരിടേണ്ടിവന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജനെ മാരകമായി വെട്ടിപ്പരിക്കേല്പിച്ചതായിരുന്നു ഇക്കൂട്ടത്തില്‍ ഏറെ പ്രതിഷേധമുണ്ടാക്കിയ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മണ്ഡലത്തില്‍പ്പെട്ട തലശ്ശേരി, കൂത്തുപറമ്പ് മേഖലകളില്‍ ചന്ദ്രശേഖരന്റെ പ്രവേശനം നിഷേധിച്ച സി.പി.എം. പ്രചാരണം പരസ്യമായി തടയുകയും ചെയ്തിരുന്നു.

അവസാനമായി അടുത്തിടെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏരിയാ സമ്മേളനത്തിനുനേരെയും വ്യാപകമായി ആക്രമണം നടന്നു. ഇത് മേഖലയില്‍ ദിവസങ്ങളോളം സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു.

പതിനെട്ടാം വയസ്സില്‍ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞ ടി.പി. സഹപ്രവര്‍ത്തകരില്‍ എന്നും ആവേശം പകര്‍ന്ന് കൂടെനിന്ന നേതാവായിരുന്നു.

ഡി.വൈ.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും ടി.പി.യുടെ പ്രവര്‍ത്തനശൈലി പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. ഒരിക്കലും നേതാവായി മാറിനില്ക്കാതെ അണികളോടൊപ്പം അലിഞ്ഞുചേര്‍ന്ന നേതാവായിരുന്നു അദ്ദേഹം. ആ നേതൃത്വ മികവുകൊണ്ടുതന്നെയാണ് സി.പി.എം. പോലൊരു പാര്‍ട്ടിയെ ചെറുക്കാന്‍ ഒഞ്ചിയം ഗ്രാമത്തെ ആകെ അണിനിരത്താന്‍ അദ്ദേഹത്തിനായത്. സമാനമായ സാഹചര്യത്തില്‍ പാര്‍ട്ടി വിട്ടുവന്നവര്‍ക്കിടയില്‍ ഷൊറണൂര്‍ മേഖലയിലും മറ്റുമുണ്ടായ ആശയക്കുഴപ്പം ഇല്ലാതെ നയിക്കാനായതും ചന്ദ്രശേഖരന്റെ വ്യക്തമായ നിലപാടുകളെത്തുടര്‍ന്നുതന്നെയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.