ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ സി.പി.എമ്മിന്റെ മറ്റൊരു ഏരിയാ കമ്മിറ്റിയംഗമടക്കം രണ്ടുപേരെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവും മാഹി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ന്യൂമാഹി പുത്തലത്തുപൊയില്‍ പി.പി. രാമകൃഷ്ണന്‍ (60), മാഹി മോരിക്കര കാട്ടില്‍പറമ്പത്ത് അഭിജിത്ത് എന്ന അഭി (28) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി വടകര ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു.
ഹൃദ്രോഗിയായതിനാലാണ് രാമകൃഷ്ണനെ കൂടുതല്‍ ചോദ്യംചെയ്യാതെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന്് പൊലീസ് ശനിയാഴ്ച അപേക്ഷ നല്‍കും.
രാമകൃഷ്ണനെ വെള്ളിയാഴ്ച രാവിലെ 11.20ഓടെ ന്യൂമാഹിയിലെ വീട്ടില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ രണ്ടു വര്‍ഷം മുമ്പ് തലശ്ശേരി കേന്ദ്രമാക്കി നടത്തിയ ഗൂഢാലോചനാ കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മേയ് നാലിന് രാത്രി കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ ചൊക്ളിയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതിന് അഭിക്കെതിരെ രണ്ടാമതൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാമകൃഷ്ണന്റെ മാഹിയിലെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ മറ്റു ചില ഏരിയാ കമ്മിറ്റിയംഗങ്ങളും കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനും പങ്കെടുത്തതായി പൊലീസ് പറഞ്ഞു. ചന്ദ്രശേഖരനെ വകവരുത്താനുള്ള ആയുധങ്ങള്‍ അന്ന് കുറച്ചു ദിവസം രാമകൃഷ്ണന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. കിര്‍മാനി മനോജ് എന്ന ഗുണ്ടയെ ക്വട്ടേഷന്‍ ഏല്‍പിക്കുന്നതിന് അന്ന് നടന്ന ഗൂഢാലോചനയുടെ സൂത്രധാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
രണ്ട് കൊലകേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭി അന്ന് കിര്‍മാനി മനോജിനൊപ്പം രാമകൃഷ്ണന്റെ വീട്ടില്‍ എത്തിയിരുന്നു. ഇയാള്‍ ഇപ്പോഴത്തെ ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. കുന്നുമ്മക്കര ലോക്കല്‍ സെക്രട്ടറി കെ.സി. രാമചന്ദ്രനൊപ്പം ജീപ്പില്‍ ചന്ദ്രശേഖരനെ ഒരാഴ്ച പിന്തുടര്‍ന്ന സംഘത്തില്‍ അഭിയും ഉണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പ് നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല