1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്‌ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണെന്ന്‌ കേസില്‍ പിടിയിലായ ടി.കെ.രജീഷ്‌. സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ വീട്ടിലെ ലാന്റ്‌ ഫോണില്‍ നിന്നാണ്‌ കൊല നടത്താനായി തന്നെ മുംബൈയില്‍ നിന്ന്‌ വിളിച്ചുവരുത്തിയതെന്നും കൊലയാളി സംഘത്തില്‍ പ്രധാനിയായ രജീഷ്‌ പോലീസിന്‌ മുമ്പാകെ മൊഴിനല്‍കിയെന്നാണ്‌ സൂചന.
ചന്ദ്രശേഖരന്‍ വധം ആസൂത്രണം ചെയ്തത്‌ താനല്ല. കൊല്ലാനുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നു. പി.കെ.കുഞ്ഞനന്തന്‍, കൊടി സുനി, കിര്‍മാണി മനോജ്‌, അനൂപ്‌ എന്നിവരുടെ ആവശ്യപ്രകാരമാണ്‌ കൊലപാതകത്തില്‍ താന്‍ പങ്കാളിയായത്‌. ഇതിന്‌ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൊല എങ്ങിനെ നടത്താമെന്ന ഗൂഢാലോചനയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ടി.പി.ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക്‌ ശല്യമാണെന്ന്‌ പി.കെ.കുഞ്ഞനന്തന്‍ തന്നോട്‌ പറഞ്ഞതായും രജീഷ്‌ മൊഴി നല്‍കിയിട്ടുണ്ടെന്നാണ്‌ സൂചന.

കൊലപാതകം നടന്ന ദിവസം ഏഴ്‌ മണിയോടെ ഓര്‍ക്കാട്ടേരിയില്‍ ഇന്നോവകാറില്‍ എത്തിയെന്നും ചന്ദ്രശേഖരന്റെ നീക്കങ്ങള്‍ മനസ്സിലാക്കി പിന്തുടരുകയായിരുന്നുവത്രെ. വള്ളിക്കാട്ട്‌ വെച്ച്‌ കാറ്‌ ചന്ദ്രശേഖരന്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയും റോഡില്‍ വീണതിന്‌ ശേഷം ബോംബെറിഞ്ഞ്‌ ഭീതി പരത്തിയശേഷം ചന്ദ്രശേഖരനെ ആയുധങ്ങളുപയോഗിച്ച്‌ വെട്ടുകയുമായിരുന്നുവത്രെ. മരണം ഉറപ്പാക്കിയതിന്‌ ശേഷവും കൊലയാളി സംഘത്തിലുള്ള മുഹമ്മദ്ഷാഫി ചന്ദ്രശേഖരനെ തുടര്‍ച്ചയായി വെട്ടിയെന്നും രജീഷ്‌ മൊഴിനല്‍കിയതായാണ്‌ അറിയുന്നത്‌. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമായതുകൊണ്ട്‌ ചന്ദ്രശേഖരനെ വധിക്കാന്‍ പണം വാങ്ങിയിട്ടില്ലെന്നും ഇതൊരു ക്വട്ടേഷനായിരുന്നില്ലെന്നുമാണ്‌ രജീഷ്‌ മൊഴിനല്‍കിയതത്രേ.

യുവമോര്‍ച്ച നേതാവ്‌ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ഉള്‍പ്പെടെ പാനൂര്‍, ചൊക്ലി മേഖലയില്‍ നടന്ന അഞ്ചോളം കൊലപാതക കേസുകളില്‍ പങ്കാളിയായിട്ടുണ്ടെന്ന്‌ രജീഷ്‌ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്‌. ടി.പി.ചന്ദ്രശേഖരനെ വധിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്‌ ഇന്നോവ കാറിലെ മുന്‍സീറ്റിലിരുന്ന്‌ ടി.കെ. രജീഷാണത്രെ.

ടി.പി.ചന്ദ്രശേഖരനെ വധിച്ച ഏഴംഗ കൊലയാളിസംഘത്തിലെ പ്രധാനിയായ ടി.കെ. രജീഷിന്റെ മൊഴികള്‍ സംഭവത്തിന്‌ പിന്നിലെ ഉന്നതതല പാര്‍ട്ടിഗൂഢാലോചനയിലേക്കാണ്‌ വെളിച്ചം വീശുന്നത്‌. കണ്ണൂരിലെ മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവുമായ വ്യക്തിയുടെ സ്വന്തക്കാരനും തൊട്ടടുത്ത വീട്ടുകാരനുമാണ്‌ കൂത്തുപറമ്പ്‌ പാട്യം കൊട്ടയോടി പുതിയ തെരുവിലെ ടി.കെ. എന്ന ടി.കെ. രജീഷ്‌. കഴിഞ്ഞ ഒരു ദശാബ്ദകാലത്തിനിടയില്‍ കൊലക്കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ നേരിട്ട്‌ പങ്കാളിയാണെങ്കിലും ഒരു പെറ്റിക്കേസില്‍ പോലും രജീഷ്‌ പിടിക്കപ്പെട്ടിട്ടില്ല.
കൃത്യനിര്‍വ്വഹണത്തിലുള്ള രജീഷിന്റെ കഴിവാണ്‌ ടി.കെ.രജീഷിനെ പാര്‍ട്ടി ഉന്നതരുടെ വിശ്വസ്തനും ഇഷ്ടപ്പെട്ടവനുമാക്കി മാറ്റിയതത്രേ.
ഇന്നലെ വടകര കോടതിയില്‍ ഹാജരാക്കിയ രജീഷിനെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തു. കോടതി നടപടികള്‍ക്ക്‌ ശേഷം ജില്ലാജയിലിലേക്ക്‌ കൊണ്ടുപോയി. തിരിച്ചറിയല്‍ പരേഡിന്‌ ശേഷം മാത്രമേ രജീഷിനെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങുകയുള്ളൂ എന്നാണ്‌ സൂചന. കൂടുതല്‍ ചോദ്യംചെയ്യുന്നതിലൂടെ ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്‌ പിന്നിലെ ഗൂഢാലോചനയും രാഷ്ട്രീയബന്ധങ്ങളും പൂര്‍ണ്ണമായും പുറത്താകുമെന്നാണ്‌ കരുതുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.