1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍െറ മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റ് ചോര്‍ത്തിയത് യൂസര്‍ ഐ.ഡി ദുരുപയോഗം ചെയ്താണെന്ന് സര്‍ക്കാര്‍.; കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ ആര്‍.എസ്. സനല്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫ് അലി ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരത്ത് ബി.എസ്.എന്‍.എല്‍ അക്കൗണ്ട്സ് നോഡല്‍ ഓഫീസറായിരുന്ന സനല്‍കുമാറിന് മേലുദ്യോഗസ്ഥരുടെ അനുമതിയോടെ കോള്‍ ഡീറ്റയില്‍ റെക്കോഡര്‍ (ഡി.ഡി.ആര്‍) കൈകാര്യം ചെയ്യാന്‍ നല്‍കിയിരുന്ന യൂസര്‍ ഐ.ഡി ഉപയോഗിച്ചാണ് ടി.പി വധക്കേസ് അന്വേഷിക്കുന്ന വടകര ഡിവൈ.എസ്.പി ജോസി ചെറിയാന്‍െറ ഡി.ഡി.ആര്‍ തുറന്നത്.
ടി.പി വധക്കേസില്‍ മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാജപ്രചാരണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി സി.പി.എം മുഖപത്രവും ഓണ്‍ലൈന്‍ പത്രവും പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കേസിനിടയാക്കിയത്. ജോസി ചെറിയാന്‍ 3000 കോളുകള്‍ വിവിധ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളിലേക്ക് വിളിച്ചിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, 13 തവണ മാത്രമാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചിട്ടുള്ളതെന്ന് വ്യക്തമാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. തെറ്റായ വിവരമാണ് സനല്‍കുമാര്‍ നല്‍കിയതും പത്രം പ്രസിദ്ധീകരിച്ചതും.
നിക്ഷിപ്ത താല്‍പ്പര്യത്തോടെയാണ് സനല്‍കുമാര്‍ കോള്‍ ലിസ്റ്റ് ചോര്‍ത്തി യത്. ദേശസുരക്ഷാ പ്രകാരം പുറത്തുവിടാന്‍ പാടില്ലാത്ത സംരക്ഷിത ഗണത്തില്‍പെടുന്ന രേഖയാണ് ബി.എസ്.എന്‍.എല്ലിന്‍െറ ഡി.ഡി.ആര്‍ സെര്‍വര്‍ മുഖേന ചോര്‍ത്തിയത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കാവുന്ന രേഖയല്ലയിത്. വിപണന രഹസ്യം, പേറ്റന്‍റ് വിവരങ്ങള്‍, കോള്‍ വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച രേഖകളും റെക്കോഡുകള്‍, സിംകാര്‍ഡുകള്‍, ബൂസ്റ്റര്‍ വിവരങ്ങള്‍ എന്നിവയും സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥര്‍, ബി.എസ്.എന്‍.എല്‍ ലീഗല്‍ എന്‍ഫോഴ്സ്മെന്‍റ് മേധാവി എന്നിവര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ ഈ രേഖകള്‍ നല്‍കാനാവൂ.
അസി. ജനറല്‍ മാനേജര്‍ നടത്തിയ അന്വേഷണത്തില്‍ സനല്‍കുമാറാണ് കുറ്റക്കാരനെന്ന് കണ്ടെത്തി നടപടിക്ക് ജനറല്‍ മാനേജരോട് ശിപാര്‍ശ ചെയ്തിരുന്നു. സി.പി.എം അനുകൂല സംഘടനയായ ബി.എസ്.എന്‍.എല്‍ എംപ്ളോയീസ് യൂനിയന്‍െറ പ്രവര്‍ത്തകനാണ് ഹരജിക്കാരന്‍. ജോസി ചെറിയാന്‍െറ മാത്രമല്ല, മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്തലിയുടെ ഫോണ്‍ കോള്‍ ലിസ്റ്റും ചോര്‍ത്തിയിട്ടുണ്ട്. സനല്‍കുമാറിനെതിരെ വിവര സാങ്കേതിക നിയമം, ഇന്ത്യന്‍ പീനല്‍ കോഡ്, കേരള പൊലീസ് ആക്ട്, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് തുടങ്ങിയ നിയമപ്രകാരമുള്ള കേസുകളാണ് ചുമത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ ഹരജിക്കാരന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ജാമ്യഹരജി ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.