1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012

ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ ഈ മാസം 10ന് വടകര ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഗവ. പ്ളീഡറില്‍നിന്ന് നിയമോപദേശം തേടിയ ശേഷം കലക്ടറുടെ അനുമതി വാങ്ങേണ്ട ജോലികളെ ഇനി ബാക്കിയുള്ളൂ. കൊലപാതകത്തില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനാല്‍ കുറ്റപത്രം ഫയല്‍ ചെയ്യുന്നതിനുമുമ്പ് സര്‍ക്കാറിന്‍െറ അനുമതി വാങ്ങേണ്ടതുണ്ട്. ജില്ലാ കലക്ടര്‍ക്കാണ് ഇതിനുള്ള അധികാരം.

ഏഴംഗ കൊലയാളി സംഘത്തിലെ ടി.കെ. രജീഷ്, കൊടി സുനി, കിര്‍മാനി മനോജ്, എം.സി. അനൂപ്, കെ. ഷിനോജ്, മുഹമ്മദ് ഷാഫി, സിജിത് എന്ന അണ്ണന്‍ എന്നിവര്‍ക്കുപുറമെ, സി.പി.എം നേതാക്കളായ പി. മോഹനന്‍ മാസ്റ്റര്‍, കാരായി രാജന്‍, സി.എച്ച്. അശോകന്‍, പി.കെ. കുഞ്ഞനന്തന്‍, കെ.സി. രാമചന്ദ്രന്‍, പി.പി. രാമകൃഷ്ണന്‍, പടയംകണ്ടി രവീന്ദ്രന്‍, വടക്കയില്‍ മനോജ് എന്ന ട്രൗസര്‍ മനോജ്, പി. ജ്യോതി ബാബു, കെ.കെ. കൃഷ്ണന്‍, പൊന്നത്ത് കുമാരന്‍ തുടങ്ങി 36 പേരുകളാണ് ആദ്യഘട്ട കുറ്റപത്രത്തില്‍ ഉണ്ടാവുക. കൊലപാതക ഗൂഢാലോചന, കൊലപാതകം, കൊലപാതകികള്‍ക്ക് സഹായം ചെയ്യല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചെയ്തവരെ മാത്രമേ ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തു.

കൊലപാതകികളെ ഒളിവില്‍ താമസിക്കുക, അതിന് പ്രേരിപ്പിക്കുക, സഹായം ചെയ്യുക തുടങ്ങി കുറ്റങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ് ഉള്‍പ്പെടെയുള്ളവരെ രണ്ടാംഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പ് സൈബര്‍ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് അടക്കം പരമാവധി തെളിവുകള്‍ ശേഖരിക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണ സംഘത്തിന് ലഭിക്കുമെന്നറിയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.