സ്വന്തം ലേഖകന്‍: മാധ്യമങ്ങളോടുള്ള കലിപ്പ് തീരാതെ ട്രംപ്, സിഎന്‍എന്‍ ചാനലിന്റെ മുഖം ഇടിച്ചു പരത്തുന്ന വീഡിയോ വൈറല്‍. തനിക്കെതിരായ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതായി ട്രംപ് തുടര്‍ച്ചയായി ആരോപിക്കുന്ന സിഎന്‍എന്‍ ചാനലിനു നേര്‍ക്കാണ് പ്രസിഡന്റിന്റെ പുതിയ ആക്രമണം. റെസ്‌ലിംഗ് ഗോദയ്ക്കു വെളിയില്‍ സിഎന്‍എന്‍ ചാനലിന്റെ മുഖത്ത് താന്‍ ഇടിക്കുന്നതായ അനിമേഷന്‍ വീഡിയോയാണ് ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
സിഎന്‍എന്‍ ചാനലിനെ ട്രംപ് പ്രതീകാത്മകമായി മര്‍ദിക്കുന്നതാണ് ദൃശ്യം. ട്രംപ് ഒരാളെ ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദനം ഏല്‍ക്കുന്ന ആളുടെ തല സിഎന്‍എന്‍ ലോഗോ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. 2007 ല്‍ വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയ്ന്‍മെന്റില്‍ (WWE) ട്രംപ് നടത്തിയ വിക്രിയയാണ് പുതിയ രൂപത്തിലേക്ക് മാറ്റിയിരിക്കുന്നത്. അന്ന് ഫ്രാഞ്ചസി ഉടമ വിന്‍സി മക്മാനെയാണ് ട്രംപ് ഇടിച്ചത്. റെസ്‌ലിംഗ് തിരക്കഥയ്ക്ക് അനുസരിച്ചുള്ള നാടകമായിരുന്നു ഇത്.
എന്നാല്‍ ഈ വീഡിയോ ട്രംപ് അനുകൂല ഇന്റര്‍നെറ്റ് ഫോറം സിഎന്‍എന്‍ ചാനലിനെ മര്‍ദിക്കുന്നതായി അനിമേഷന്‍ ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ട്രംപ് ട്വീറ്റ് ചെയ്യുകയും പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഫ്രോഡ് ന്യൂസ് സിഎന്‍എന്‍ എന്നാണ് ട്വീറ്റിന് ട്രംപ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് മാധ്യമങ്ങള്‍ക്കെതിരായ ആക്രമണത്തിന് പ്രേരിക്കുകയാണെന്ന് കുറ്റപ്പെടുത്തി സിഎന്‍എന്‍ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല