വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്നാണ് വിശ്വാസം. അത് ഒരുപരിധിവരെ സത്യമാണുതാനും. വിവാഹം സ്വര്‍ഗ്ഗത്തില്‍തന്നെയാണ് നടക്കുന്നത്. അത് പുരോഹിതര്‍ നടത്തുമ്പോള്‍ മാത്രമാണ് എന്നതാണ് വാസ്തവം. അല്ലാതെ മനുഷ്യര്‍ സ്വന്തമിഷ്ടപ്രകാരം നടത്തുന്ന വിവാഹം ഒരിക്കലും സ്വര്‍ഗ്ഗത്തില്‍വെച്ചല്ല നടത്തുന്നത്. ഇവിടെ പറയാന്‍ പോകുന്നത് ബ്രിട്ടണില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് തങ്ങാന്‍ തട്ടിപ്പ് വിവാഹങ്ങള്‍ നടത്തികൊടുത്ത രണ്ട് പുരോഹിതന്മാരെക്കുറിച്ചാണ്.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ രണ്ട് വികാരിമാരാണ് നൂറുകണക്കിന് തട്ടിപ്പ് വിവാഹങ്ങള്‍ നടത്തികൊടുത്തതായി തെളിഞ്ഞത്. കിഴക്കന്‍ ലണ്ടനിലെ ഓള്‍ സെയ്ന്‍റ് പള്ളിയിലെ വികാരിമാരായ അല്‍ബോന്‍ ജോണ്‍, ബ്രിയാന്‍ ഷിപ്പ്സൈഡ് എന്നീ വികാരിമാരാണ് തട്ടിപ്പ് വിവാഹങ്ങള്‍ നടത്തിയ കുറ്റത്തിന് കോടതിയില്‍ ഹാജരാക്കപ്പെട്ടത്. ഈ പള്ളിയില്‍ വിവാഹിതരായാലുടന്‍ കുടിയേറ്റക്കാര്‍ ചെയ്യുന്നത് ബ്രിട്ടണിലെ തങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കലാണ്. ഇത് വ്യാപകമായതോടെയാണ് സംശയം തോന്നിയത്. പിന്നീട് നിരീക്ഷിക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകുകയായിരുന്നു.
യൂറോപ്യന്‍ യൂണിയനിലെ പൗരന്മാരുമായും മറ്റ് രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരുമായുള്ള വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന അമ്പുഡലത് ലാഡിപ്പോയാണ് ഇക്കാര്യത്തിലെ ഇവരുടെ പ്രധാന ഇടനിലക്കാരി. പ്രധാനമായും നൈജീരിയായില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വിവാഹങ്ങളാണ് ഇവര്‍ നടത്തികൊടുത്തിരുന്നത്. 2010ലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യസംശയങ്ങള്‍ ബോര്‍ഡര്‍ ഏജന്‍സികള്‍ തോന്നിത്തുടങ്ങിയത്. ഇപ്പോള്‍ ഇവരെ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അനധികൃത കുടിയേറ്റത്തിന് സഹായിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ധാരാളം തട്ടിപ്പ് വിവാഹങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പങ്കാളികളെ വാടകയ്ക്ക് എടുത്താണ് ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടത്തിവന്നിരുന്നത്. ലാഡിപ്പോ മറ്റ് പള്ളികളിലും തട്ടിപ്പ് വിവാഹങ്ങള്‍ നടത്തുന്നതിന് ഇടനിലക്കാരിയായിട്ടുണ്ട് എന്ന് സൂചനകളുണ്ട്. അങ്ങനെയാണെങ്കില്‍ ഇവര്‍വഴിമാത്രം ബ്രിട്ടണില്‍ സ്ഥിരതാമസത്തിന് ശ്രമിച്ചവരുടെ എണ്ണം നൂറുകണക്കിനായിരിക്കും എന്നാണ് പോലീസ് കരുതുന്നത്.
ബ്രിട്ടണിലെ രജിസ്ട്രര്‍ ഓഫീസുകള്‍ വഴി നടക്കുന്ന വിവാഹങ്ങളില്‍ നാല്‍പത് ശതമാനവും തട്ടിപ്പാണെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വാടകയ്ക്ക് എടുക്കുന്ന പങ്കാളിയെക്കൂട്ടി രജിസ്ട്രര്‍ ഓഫീസിലെത്തി വിവാഹം കഴിക്കുന്ന രീതി വര്‍ദ്ധിക്കുകയാണ് എന്നാണ് അന്ന് കണ്ടെത്തിയിരുന്നത്. അതിന് പിന്നാലെയാണ് പള്ളികളില്‍വെച്ച് നടത്തുന്ന വിവാഹങ്ങളും തട്ടിപ്പാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല