1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2022

സ്വന്തം ലേഖകൻ: യുഎഇയിൽ രക്തസമ്മർദ രോഗികളുടെ എണ്ണം കൂടുന്നതു കണക്കിലെടുത്ത് വ്യാപക ബോധവൽക്കരണത്തിനു തുടക്കമിട്ടു. വിവിധ കേന്ദ്രങ്ങളിൽ സൗജന്യ പരിശോധനയ്ക്കും സൗകര്യമൊരുക്കും. ഗൾഫ് മേഖലയിൽ ചെറുപ്പക്കാരിലടക്കം രക്തസമ്മർദ നിരക്ക് കൂടുതലാണെന്നാണ് റിപ്പോർട്ട് രാജ്യത്ത് പ്രായപൂർത്തിയായ 28.8% പേർക്ക് അമിത രക്തസമ്മർദമുണ്ടെന്നും 2025 ആകുമ്പോഴേക്കും ഇത് 21.8% ആക്കി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യവകുപ്പിലെ നോൺ കമ്യൂണിക്കബിൾ ഡിസീസസ് ആൻഡ് മെന്റൽ ഹെൽത്ത് ഡിപാർട്മെന്റ് മേധാവി ഡോ. ബുതൈന ബെൻ ബെലീല പറഞ്ഞു.

ജീവിതസാഹചര്യം, ഭക്ഷണം, പാരമ്പര്യം തുടങ്ങിയ പല ഘടകങ്ങളും രോഗസാധ്യത വർധിപ്പിക്കുന്നു. രക്തസമ്മർദത്തോത് ഇടയ്ക്കിടെ പരിശോധിക്കുകയും പരിധി കടന്നാൽ ചികിത്സ തേടുകയും വേണമെന്നു ‘രക്തസമ്മർദം നിയന്ത്രിക്കാം, ആയുസ്സ് കൂട്ടാം’ എന്ന പ്രമേയത്തിൽ ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച സിംപോസിയം ചൂണ്ടിക്കാട്ടി.

ഹൃദയ ധമനികളെ ബാധിക്കുന്നതുൾപ്പെടെ രക്തസമ്മർദം ഗുരുതര ഭീഷണി ഉയർത്തുന്നതായി പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവൻഷൻ ഡിപാർട്മെന്റ് ഡയറക്ടർ ഡോ. നദ ഹസ്സൻ അൽ മർസൂഖി പറഞ്ഞു. കണ്ണുകൾ, വൃക്ക, ഹൃദയം, തലച്ചോർ എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കാം. യുഎഇയിൽ അമിത രക്തസമ്മർദം ഉള്ളവരുടെ എണ്ണം ഏതാനും വർഷങ്ങൾക്കിടെ കുത്തനെ കൂടിയതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

രക്തസമ്മർദം പരിധിവിട്ടാൽ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. വൃക്കരോഗത്ത അക്യൂട്ട്, ക്രോണിക് എന്നീ 2 വിഭാഗങ്ങളിൽ പെടുത്താം. പ്രത്യേക രോഗമോ മറ്റോ മൂലം വൃക്കയുടെ പ്രവർത്തനം താളം തെറ്റുന്നതാണ് ആദ്യത്തേത്. രോഗം ഭേദമാകുന്നതോടെ വൃക്കയുടെ പ്രവർത്തനം സാധാരണ നിലയിലാകും. കേരളത്തിൽ പാമ്പുകടി, എലിപ്പനി തുടങ്ങിയവയാണ് പൊതുവേ ഇതിനു കാരണമാകുന്നത്.

വൃക്കത്തകരാർ യഥാസമയം കണ്ടെത്തുകയാണ് പ്രധാനമെങ്കിലും തുടക്കത്തിൽ പ്രത്യേക ലക്ഷണമില്ലാത്തതാണ് പ്രധാന വെല്ലുവിളി. പലപ്പോഴും പ്രവർത്തനം തീരെ മോശമായിക്കഴിഞ്ഞാകും ലക്ഷണങ്ങൾ കാണിക്കുക.

യൂറോപ്യൻ മാനദണ്ഡമനുസരിച്ച്, സാധാരണ കേസുകളിൽ രക്തസമ്മർദ തോത് 140 (സിസ്റ്റോളിക് ബ്ലഡ് പ്രഷർ)-90 (ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ) ന് മുകളിലാണെങ്കിൽ വൈദ്യസഹായം തേടണം. 140-159 വരെ സിസ്റ്റോളിക്കും 90-99 വരെ ഡയസ്റ്റോളിക്കും ആണെങ്കിൽ ഗ്രേഡ് 1 വിഭാഗത്തിലും 160-179 (സിസ്റ്റോളിക്), 100-109 (ഡയസ്റ്റോളിക്) ഗ്രേഡ് 2 വിഭാഗത്തിലും ഇതിൽ കൂടിയാൽ ഗ്രേഡ് 3 വിഭാഗത്തിലുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.