1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2021
FILE PHOTO: British Prime Minister Boris Johnson looks on after nurse Rebecca Cathersides administered the Pfizer/BioNTech COVID-19 vaccine to Lyn Wheeler at Guy’s Hospital in London, Britain December 8, 2020. Frank Augstein/Pool via REUTERS/File Photo

സ്വന്തം ലേഖകൻ: യുകെയിൽ ബോറിസ് ജോൺസൻ്റെ അൺലോക്ക് റോഡ് മാപ്പ് ഒരു മാസത്തോളം നീണ്ടേക്കുമെന്ന് സൂചന. ജൂൺ 21 മുതൽ അൺലോക്കിന്റെ നാലാം ഘട്ടം തുടങ്ങുമെന്നായിരുന്നു റോഡ് മാപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ വീണ്ടും ഉയർന്നത് ഈ കാലാവധി നീട്ടേണ്ടി വരുമെന്ന സൂചനയാണ് നൽകുന്നത്. ഇക്കാര്യം തിങ്കളാഴ്ച ഒരു പ്രഖ്യാപനത്തിലൂടെ ജോൺസൺ വ്യക്തമാക്കിയേക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ പറഞ്ഞു.

കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായ വർധനവ് റോഡ് മാപ്പുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ സർക്കാരിൽ വ്യാപകമായ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മന്ത്രിമാരുടേയും വിദഗ്ദരുടേയും എതിർപ്പുകൾ മറികടന്ന് ജൂൺ 21 പ്രഖ്യാപനവുമായി ജോൺസൺ മുന്നോട്ടു പോകാനിടയില്ല.

എന്നാൽ ഇക്കാര്യത്തിൽ ഞായറാഴ്ച അവസാനിക്കാനിരിക്കുന്ന ജി-7 ഉച്ചകോടി കഴിയും വരെ പ്രധാനമന്ത്രി തീരുമാനമെടുക്കില്ലെന്നും നമ്പർ 10 വൃത്തങ്ങൾ സൂചന നൽകുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം ഒരു വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്റെ തീരുമാനം രാജ്യത്തോട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

രണ്ട് മുതൽ നാല് ആഴ്ചവരെ റോഡ് മാപ്പ് നീട്ടാനാണ് സർക്കാർ ഉപദേശകരുടെ നിർദേശം. സോഷ്യൽ കോൺ‌ടാക്റ്റ് പരിധി നീക്കംചെയ്യലും നൈറ്റ്ക്ലബ്ബുകളും മറ്റ് വിനോദ വേദികളും വീണ്ടും തുറക്കുന്നതും ഏറ്റവും പുതിയ കണക്കുകൾ വച്ച് നോക്കുമ്പോൾ ഉടനെ ഉണ്ടാകാനിടയില്ല. എങ്കിലും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവാഹ ചടങ്ങുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ ജോൺസൺ പ്രഖ്യാപിച്ചേക്കും.

അതിനിടെ ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽകാലികമായി നിർത്തിവച്ച ബ്രിട്ടനിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റുകൾ പുന:രാരംഭിച്ചു. റിക്രൂട്ട്മെന്റ് നടപടികൾ ഉടനടി പുന:രാരംഭിക്കാമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് നർദേശം നൽകി. ഇതോടെ അവസാന നിമിഷം മുടങ്ങിപ്പോയ പലരുടെയും യാത്രകളും പാതിവഴി മുടങ്ങിയ ആപ്ലിക്കേഷൻ പ്രോസസിംങ്ങുമെല്ലാം പുന:രാരംഭിക്കാൻ അടുത്തയാഴ്ച മുതൽ ഏജൻസികൾ നടപടി തുടങ്ങും.

വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായതിനാൽ ബ്രിട്ടനിലേക്കുള്ള വരവ് മുൻകാലങ്ങളിലേപ്പോലെ അത്ര സുഗമമാവില്ല. വരുന്നവർ നിർബന്ധമായും 1750 പൗണ്ട് മുൻകൂറായി അടച്ച് ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം. പത്തുദിവസത്തെ ക്വാറന്റൈനിടെ രണ്ടുവട്ടം പിസിആർ ടെസ്റ്റും സ്വന്തം ചെലവിൽ നടത്തണം.

ഈ തുക നൽകി നഴ്സുമാരെ എത്തിക്കാൻ മിക്കവാറും എല്ലാ ട്രസ്റ്റുകളും തയാറായിട്ടുണ്ട്. ട്രസ്റ്റുകൾക്ക് സ്വന്തം നിലയിൽ നഴ്സുമാർക്ക് ക്വാറന്റീൻ സൌകര്യം ഒരുക്കാൻ എൻഎച്ച്എസ്. ഇംഗ്ലണ്ട് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ എളുപ്പമല്ലാത്തതിനാൽ ആരുതന്നെ അതിന് മുതിരുന്നില്ല. പകരം പണം മുടക്കി ഹോട്ടൽ ക്വാറന്റീൻ ഒരുക്കാനാണ് മിക്കവാറും ട്രസ്റ്റുകളും തയാറായിട്ടുള്ളത്.

എന്നാൽ ആഴ്ചയിൽ 15 വിമാന സർവിസുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ളത്. അതും ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്നു മാത്രവും. ഈ സാഹചര്യത്തിൽ വിലക്ക് നീങ്ങിയെങ്കിലും കോവിഡ് പ്രതിബന്ധങ്ങൾ മറിഅടന്ന് ബ്രിട്ടനിലെത്താൻ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.