1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് ഇരട്ട വകഭേദവും യുകെയിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത “ഇരട്ട മ്യൂട്ടേഷൻ” ഉള്ള കൊറോണ വൈറസ് വേരിയന്റ് യുകെയിൽ സ്ഥിരീകരിച്ചത് 77 പേർക്ക്. ഇംഗ്ലണ്ടിൽ 73 ഉം സ്കോട്ട്ലൻഡിൽ നാല് കേസുകളും. ഏപ്രിൽ 14 വരെയുള്ള കണക്കാണിത്.

ഒരേ വൈറസിൽ തന്നെയുള്ള സ്‌പൈക്ക് പ്രോട്ടീനിൽ രണ്ട് മ്യൂട്ടേഷനുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു, ഇത് കൂടുതൽ വ്യാപന ശേഷിയുള്ളതും വാക്‌സിനുകളെ ചെറുക്കാനുള്ള സാധ്യത കൂടുതലുള്ളതുമാണ്. ഈ വേരിയൻ്റിൻ്റെ കൂടുതൽ പഠനങ്ങൾ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

യുകെയിൽ ആകെ 600 പേർക്ക് ഇപ്പോൾ ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് വേരിയൻറ് ബാധിച്ചതായും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ ആഴ്ചയിൽ 56 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പി‌എച്ച്ഇ) യുടെ കണക്കുകൾ പ്രകാരം ഇതിൽ 524 എണ്ണം ഇംഗ്ലണ്ടിലാണ്.

കഴിഞ്ഞ ദിവസങ്ങളിലായി 650,000 ത്തോളം ആളുകളെ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. വാണ്ട്സ്‌വർത്തിലും ലംബെത്തിലും ഒരു ഡസനോളം ദക്ഷിണാഫ്രിക്കൻ വേരിയൻ്റ് കേസുകൾ ഈ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ദക്ഷിണാഫ്രിക്കൻ വകഭേദത്തിൻ്റെ വ്യാപന ശേഷി പരിഗണിക്കുമ്പോൾ ഈ കണക്കുകൾ ഒട്ടും ആശ്വാസം പകരുന്നതല്ല.

യുകെയിൽ കൊവിഡ് വേരിയൻ്റുകളുടെ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അന്തരിച്ച ഡ്യൂക്ക് ഓഫ് എഡിൻബർഗ് ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ബക്കിങ്ഹാം കൊട്ടാരം പുറത്ത് വിട്ടു. ഫിലിപ്പ് രാജകുമാരന്റെ നാല് മക്കളും സംസ്കാര ചടങ്ങിൽ മൃതദേഹത്തെ അനുഗമിക്കും.

രാജകുമാരന്മാരായ ചാൾസ്, ആൻഡ്രൂ, എഡ്വേർഡ്, ആൻ രാജകുമാരി എന്നിവരായിരിക്കും മൃതദേഹത്തിന് ഇരുവശവുമായി നടക്കുക. പേരക്കുട്ടികളായ പ്രിൻസസ് വില്യം, ഹാരി എന്നിവരും മൃതദേഹം വഹിക്കുന്ന ലാൻഡ് റോവറിനെ പിന്തുടർന്ന് വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് നീങ്ങും .

സംസ്കാര ചടങ്ങിലേക്കുള്ള അതിഥി പട്ടികയിൽ ഫിലിപ്പ് രാജകുമാരന്റെ മൂന്ന് ജർമ്മൻ ബന്ധുക്കൾ ഉൾപ്പെടെ 30 പേർ ഉൾപ്പെടുന്നു. പങ്കെടുക്കുന്നവർ മെഡലുകൾ ധരിക്കുമെങ്കിലും പക്ഷേ സൈനിക യൂണിഫോം ധരിക്കില്ല. ചടങ്ങിൽ കോവിഡ് ലോക്ക്ഡൗൺ നിയമങ്ങൾക്കനുസൃതമായി ഫേസ് മാസ്കുകളും സാമൂഹിക അകലവും പാലിക്കും.രാജ്ഞിക്ക് ഒറ്റയ്ക്ക് ആയിരിക്കും ഇരിപ്പിടമൊരുക്കുക.

വിൻഡ്‌സർ കാസിലിന്റെ മൈതാനത്തുള്ള ചാപ്പലിൽ നടക്കുന്ന ഫിലിപ്പ് രാജകുമാരന്റെ ആചാരപരമായ രാജകീയ ശവസംസ്കാരത്തിന്റെ വിശദാംശങ്ങൾ ബക്കിംഗ്ഹാം കൊട്ടാരം ഇന്നലെ പുറത്തുവിട്ടിരുന്നു. നിലവിലെ പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങൾ കണക്കിലെടുക്കുന്നതിനാണ് പദ്ധതികൾ പരിഷ്കരിച്ചതെന്ന് കൊട്ടാരം വക്താവ് പറഞ്ഞു,

എന്നാൽ അന്നത്തെ ആചാരപരമായ കാര്യങ്ങളും സേവനവും ഡ്യൂക്കിന്റെ ആഗ്രഹത്തിന് അനുസൃതമായാണ് രൂപം കൊടുത്തിരിക്കുന്നത്. ഫിലിപ്പ് രാജകുമാരന്റെ സൈനിക ബന്ധങ്ങളുടെയും ജീവിതത്തിലെ വ്യക്തിപരമായ ഘടകങ്ങളുടെയും പ്രതിഫലനമായിരിക്കും ചടങ്ങുകളെന്ന് കൊട്ടാരം വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.