1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2024

സ്വന്തം ലേഖകൻ: യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ 17 വയസ്സുള്ള പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതി 12 മാസം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. പ്രതിക്ക് മതിയായ ശിക്ഷ നൽകിയില്ലെന്ന് ജെറാൾഡ് നെറ്റോയുടെ കുടുംബം ആരോപിച്ചു.

ജെറാൾഡ് നെറ്റോയുടെ മരണം പോലും നീതിക്ക് യോഗ്യമല്ല എന്ന തോന്നലുണ്ടാക്കിയതായി നെറ്റോയുടെ കുടുംബം വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ നെറ്റോ യാതൊരു പ്രകോപനവും സൃഷടിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ചിന്തിക്കാനാകാത്ത വേദനയും ദുഃഖവും ഉണ്ടാക്കിയെന്നും ജഡ്ജി റെബേക്ക ട്രോളർ കെസി പറഞ്ഞു.

നെറ്റോയുടെ മകൾ ജെന്നിഫർ, പ്രതിക്കെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ്. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിന്‍റെ നിബന്ധനകൾ ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചു.

ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം നടത്തുന്നത്. ഒരു വ്യക്തിയുടെ മരണത്തിന് കാരണമായാൽ പോലും കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം യുവാക്കൾക്ക് ലഭിക്കുന്നതിന് ഈ വിധി കാരണമാകുമെന്ന് ജെന്നിഫർ ആരോപിച്ചു.

പ്രായപൂർത്തിയാകാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത ആൺകുട്ടിക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത്. അയാളെ (നെറ്റോയെ) ഉപദ്രവിക്കാനോ കൊല്ലാനോ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു, അയാൾ മരിച്ചതിൽ ഞാൻ ഖേദിക്കുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച് 19 ന് പുലർച്ചെ, നെറ്റോ ഹാൻവെല്ലിലെ യുക്സ്ബ്രിഡ്ജ് റോഡിലുള്ള ഡ്യൂക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്ന് തെരുവ് മുറിച്ചുകടന്ന് കൗമാരക്കാരനെയും സുഹൃത്തുക്കളെയും സമീപിച്ചു. അവരിൽ ഒരാൾക്ക് ഹസ്തദാനം നൽകി നെറ്റോ അവരുമായി സംസാരിക്കുന്നത് ശ്രമിച്ചതായി മെട്രോപൊളിറ്റൻ പൊലീസിലെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡെറ്റ് സിഎച്ച് ഇൻസ്‌പി ബ്രയാൻ ഹോവി രാജ്യാന്തര മാധ്യമത്തോടെ പറഞ്ഞു.

പ്രതിയായ കൗമാരക്കാരൻ നെറ്റോയെ പരിഹസിക്കുന്നതിന് അയാളുടെ പാന്‍റ് വലിച്ച് ഊരാൻ ശ്രമിച്ചു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും നെറ്റോ രണ്ടുതവണ നിലത്തുവീണതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. ജെറാൾഡിന്‍റെ മുഖം നിലത്ത് അമർന്നുവെന്ന് ഉറപ്പാക്കാൻ പ്രതികൾ ശ്രമിച്ചതായി ബ്രയാൻ ഹോവി പറഞ്ഞു.

നെറ്റോയ്ക്ക് വീഴ്ചയിൽ തലച്ചോറിന് ഗുരുതര ആഘാതമുണ്ടാക്കുകയും ഇത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതിന് മുമ്പ് കൗമാരക്കാരനായ പ്രതി നെറ്റോയുടെ ശരീരത്ത് ചാടികയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനെ തുടർന്ന് പ്രദേശവാസികളിൽ ആംബുലൻസിനെ വിളിച്ചു. ആശുപത്രിയിൽ എത്തിച്ച നെറ്റോ പിന്നീട് മരണത്തിന് കീഴടങ്ങി. സിസിടിവി ദൃശ്യങ്ങളുടെ വ്യക്തത കാരണം ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ കൗമാരക്കാരനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾക്കും രണ്ട് മൂത്ത സഹോദരന്മാർക്കും ഒപ്പം പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലേക്ക് താമസം മാറിയതാണ് നെറ്റോ. ഇലക്ട്രീഷ്യനായി യോഗ്യത കരസ്ഥമാക്കിയ നെറ്റോ നിർമ്മാണ മേഖലയിലും കാർ അറ്റകുറ്റപ്പണികൾ മുതൽ പൂന്തോട്ടപരിപാലനം വരെയുള്ള ജോലികളിൽ മികവ് പുലർത്തിയിരുന്നു. പലപ്പോഴും പ്രായമായവർക്ക് സൗജന്യമായി നെറ്റോ സേവനം ചെയ്തിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ നരഹത്യയ്ക്ക് കുറ്റം സമ്മതിക്കുന്നതിന് മുമ്പ് അക്രമിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. പ്രതി ലോക്കൽ അതോറിറ്റിയുടെ സംരക്ഷണയിൽ റിമാൻഡ് ചെയ്യപ്പെട്ടു. അതായത് നിരവധി നിബന്ധനകളോടെ മാതാപിതാക്കളുടെ സംരക്ഷണയിൽ വീട്ടിൽ താമസിക്കാൻ പ്രതിക്ക് കഴിഞ്ഞു. ഇലക്‌ട്രോണിക് ടാഗിന്‍റെ നിബന്ധനകൾ രണ്ടുതവണ ലംഘിച്ചു,

രണ്ടുതവണയും പ്രതിയെ കോടതിയിലേക്ക് തിരിച്ചുവിളിച്ചു. പക്ഷേ രണ്ട് തവണയും പ്രതിയെ ബാല കുറ്റവാളികളുടെ സ്ഥാപനത്തിലേക്ക് അയക്കുമെന്ന് പ്രതീക്ഷിച്ച് തങ്ങളുടെ കുടുംബം കോടതിയിൽ ഹാജരായി, എന്നാൽ കോടതി പ്രതിയെ വീട്ടിലേക്ക് മടക്കി അയച്ചുവെന്ന് നെറ്റോയുടെ മകൾ ജെന്നിഫർ രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. പ്രതിയായ കൗമാകാരനൊപ്പം പിടിയിലായ 20 വയസ്സുകാരന് നേരത്തെ കോടതി ജാമ്യം നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.