ഒന്നിന്‍റെ കൂടെ ഒന്നു കൂട്ടിയാല്‍ ഒരു വലിയ ഒന്നാണ് അല്ലെങ്കില്‍ പതിനോന്നാണ് എന്ന ഉത്തരം ഒരു പക്ഷെ നമ്മളൊക്കെ കേട്ടിരിക്കുന്നത് ബോബനും മോളിയിലുമോ അല്ലെങ്കില്‍ ടിന്റുമോന്‍ തമാശകളിലോ ആയിരിക്കും.എന്നാല്‍ ഇതേ ഉത്തരം നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്ന കണക്കു ടീച്ചര്‍ പറഞ്ഞാലോ…വിശ്വസിക്കാന്‍ സാധിക്കുന്നില്ല അല്ലേ…എന്നാല്‍ യു കെയിലെ സ്കൂളുകളില്‍ കാര്യങ്ങളുടെ പോക്ക് അത്തരത്തില്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.
ട്രെയിനി ടീച്ചര്‍മാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് അടിസ്ഥാന കണക്കുകള്‍ കൂട്ടാനോ ശരിയായ സ്പെല്ലിംഗ് എഴുതാനോ ഗ്രാമര്‍ തെറ്റാതെ എഴുതാനോ അറിയില്ല.പത്തിലൊന്ന് ടീച്ചര്‍മാരും അടിസ്ഥാന കണക്കു പരീക്ഷ രണ്ടു പ്രാവശ്യം എഴുതിയവരാണ്.പത്തില്‍ കൂടുതല്‍ തവണ ഒരേ പരീക്ഷ എഴുതിയവരുടെ എണ്ണം നൂറുകണക്കിനാണ്.ഇതില്‍ ഒരു മിടുക്കനാവട്ടെ മുപ്പത്തേഴു തവണ എഴുതിയതിനു ശേഷമാണ് കണക്കു പരീക്ഷ പാസായത്.
24 കുട്ടികള്‍ വീതം ഉള്ള മൂന്നു ക്ലാസുകളിലും 28 കുട്ടികള്‍ ഉള്ള നാലു ക്ലാസുകളിലും കൂടി ആകെ മൊത്തം എത്ര കുട്ടികള്‍ ഉണ്ടാവും ? ടീച്ചര്‍മാരുടെ കണക്ക് പരീക്ഷയിലെ ഒരു ചോദ്യമാണിത്.ഈ ചോദ്യത്തിന്റെ ഉത്തരം 184 എന്ന് എഴുതാന്‍ അറിയാതെ വീണ്ടും പരീക്ഷ എഴുതേണ്ടി വന്നവര്‍ നമ്മുടെ കുട്ടികളെ എങ്ങിനെ കണക്കു പഠിപ്പിക്കും.ലേബര്‍ സര്‍ക്കാരിന്റെ കാലത്താണ് ടീച്ചര്‍ ആകാനുള്ള യോഗ്യതാ പരീക്ഷ എത്ര തവണ വേണമെങ്കിലും എഴുതാമെന്ന നിയമം കൊണ്ട് വന്നത്.എന്തായാലും ഈ നിയമം മാറ്റി അടുത്ത വര്‍ഷം മുതല്‍ രണ്ടു തവണയ്ക്കുള്ളില്‍ ജയിക്കുന്നവരെ മാത്രം പഠിപ്പിക്കാനായി തിരഞ്ഞെടുത്താല്‍ മതി എന്നാണ് വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗ്രോവിന്റെ തീരുമാനം.
എന്തായാലും നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചര്‍മാരോട് എത്ര തവണ എഴുതിയാണ് യോഗ്യതാ പരീക്ഷ പാസായത് എന്ന് ചോദിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍,സ്കൂള്‍ വിട്ടു വരുന്ന പിള്ളേരെ നാലക്ഷരം സ്വന്തം നിലയില്‍ പറഞ്ഞു കൊടുക്കുന്നത് ഉചിതമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല