1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2011

ബിജു അബ്രഹാം മടക്കക്കുഴി

1500ലേറെ വര്‍ഷങ്ങളുടെ അനശ്വരചരിത്രത്തിന് ഉടമകളായി ക്‌നാനായ സമുദായം ആധുനിക കാലഘട്ടത്തിലെ സാമുഹീക സംവിധാനത്തില്‍ത തന്നെ ഒരു അത്ഭുത പ്രതിഭാസമായി നിലനില്‍ക്കുന്നു. കാലചക്രങ്ങളുടെ, പരിണാമപ്രക്രിയകളില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളും ഇതരസംസ്‌കാരങ്ങളുടെ സ്വാധീനവും, ആധുനിക ജീവിതരീതികളുടെ അധിനിവേശവും ഈ സമുദായത്തിന്റെ തനതായ പാരമ്പര്യത്തിനും സദാചാരപരമായ വിശ്വാസജീവിതത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെങ്കിലും അവയെല്ലാം അതിജീവിച്ചു തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും മുന്നേറുകയാണ് ക്നാനായ മക്കള്‍ .

ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ ഒരു പ്രവാസി സംഘടനയായി ക്‌നാനായക്കാരുടെ കൂട്ടായ്മയായ ദശാബ്ദി ആഘോഷിക്കുന്ന . യു.കെ.കെ.സി.എ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.കോട്ടയം അതിരൂപതയുടെ ശതാബ്ദിയുടെ നിറവില്‍ ഈ സമുദായം അതിന്റെ പാരമ്പര്യത്തിലും വിശ്വാസത്തിലും തമിനയിലും ഒരുമയിലും വംശശുദ്ധിയോടെ സഹസ്രാബ്ദങ്ങള്‍ പിന്നിട്ടു എന്നു പറയുമ്പോള്‍, സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ ആയിരുന്ന ദിവംഗതനായ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഈ സമുദായത്തെ ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നു വിശേഷിപ്പിയ്ക്കുമ്പോള്‍, ഈ സമുദായത്തെക്കുറിച്ചും യു.കെ.കെ.സി.എ എന്ന സംഘടനയെക്കുറിച്ചും അറിയുവാന്‍ ഏതൊരു മലയാളിയ്ക്കും പ്രത്യേകിച്ച് കേരളത്തില്‍ നിന്നുവന്ന ക്രൈസ്തവന് താല്‍പര്യം ഉണ്ടാവുക സ്വാഭാവികമാണ്.

1970കളില്‍ യു.കെയിലേയ്ക്കുള്ള ക്‌നാനായ കുടിയേറ്റം ആരംഭിച്ചു എങ്കിലും ഇമിഗ്രേഷന്‍ നിയമങ്ങളിലെ കാഠിന്യം നിമിത്തം കുടുംബാംഗങ്ങളെ കൊണ്ടുവരുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 1999-2000 വര്‍ഷങ്ങളില്‍ യു.കെയിലേക്കുള്ള സംഘടിത ക്‌നാനായ കുടിയേറ്റം ആരംഭിച്ചു എന്നുപറയാം. എവിടെ ചെന്നാലും ക്‌നാനായക്കാര്‍ അവരുടെ പൈതൃകം കാക്കുകയും ഒരുമിച്ചുകൂടുകയു ചെയ്യുമെന്ന് തലമുറകളായി പറയാറുള്ളതുപോലെ തന്നെ ലണ്ടനിലെ ക്‌നാനായ മക്കളും ഒത്തുകൂടി. അതിന് മേരി ചൊള്ളമ്പേലും എബ്രഹാം കല്ലിടാന്തിയും അന്ന് നേതൃത്വം നല്‍കി. തുടര്‍ന്ന് കുടുംബയോഗത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് സ്ഥലത്തിന്റെ അപര്യാപ്തത നിമിത്തം ഹാളിലേയ്ക്ക് നീക്കേണ്ടത് ആവശ്യമായി വരികയും ചെയ്തു.

ഇതേ സമയത്ത് മാഞ്ചസ്റ്ററിലെ ക്‌നാനായ സമൂഹം ശ്രീ റെജി മഠത്തിലേടത്തിന്റെ നേതൃത്വത്തിന്റെ ഒത്തുകൂടുയും മാഞ്ചസ്റ്റര്‍ ക്‌നാനായ കൂട്ടായ്മ ആരംഭിച്ചും അങ്ങനെ യു.കെയിലെ മുഴുവന്‍ ക്‌നാനായക്കാരെ ഒരുമിച്ച് ഒരു ജനറല്‍ മീറ്റിംങ്ങ് സംഘടിപ്പിക്കണമെന്ന് അംഗങ്ങള്‍ ആഗ്രഹിച്ചു. ഈ സാഹചര്യത്തില്‍ യു.കെയിലെ എല്ലാ ക്‌നാനായ കുടുംബങ്ങളേയും കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എങ്കിലും പ്രതികൂല സാഹചര്യങ്ങളിലും നല്ലവരായ ക്‌നാനായ മക്കള്‍ ആദ്യത്തെ ജനറല്‍ ബോഡി മീറ്റിംങ്ങിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ഫ്രാന്‍സില്‍ ഉപരിപഠനത്തിനു എത്തിയ സിറിയക്‌ മറ്റത്തില്‍ അച്ഛനെ ദിവ്യബലി അര്‍പ്പിക്കുന്നതിനായി ക്ഷണിക്കുകയും 2001 നവംബര്‍ മാസം 10ാം തീയ്യതി ലണ്ടനിലെ പാര്‍സണ്‍ ഗ്രീനിലുള്ള ഹോളി സ്ട്രീറ്റ് കത്തോലിക്കാപള്ളിയില്‍വച്ച് 350 ഓളം ക്‌നാനായമക്കള്‍ ഒത്തുകൂടുകയും യു.കെ.കെ.സി.എ എന്ന മഹത്തായ സംഘടനയ്ക്ക് രൂപം കൊടുത്തു. മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, ബര്‍മിംങ്ങാം, ലണ്ടന്‍, സ്‌കോട്ട്‌ലാന്റ് തുടങ്ങി എല്ലാ സ്ഥലങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. ദിവ്യബലിയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ 2001-2003 ലെ യു.കെ.കെ.സി.എ പ്രസിഡണ്ടായി റെജി മഠത്തിലേട്ട്, ജനറല്‍ സെക്രട്ടറി ലിജോ ജോണ്‍, ട്രഷറര്‍ ആയി ജസ്റ്റിന്‍ കാട്ടത്ത് എന്നിവരെ തിരഞ്ഞെടുത്തു.

തുടര്‍ന്ന് യു.കെ.കെ.സി.എയുടെ നിയമസംഹിതയുടെ ഫൈനല്‍ ഡ്രാഫ്റ്റ് നാഷണല്‍ കൗണ്‍സില്‍ അംഗീകരിക്കുകയും യു.കെ.കെ.സി.എയുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ നിലവില്‍വരികയും ചെയ്തു. ക്‌നാനായക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതാകണം യു.കെ.കെ.സി.എയുടെ പ്രധാന ലക്ഷ്യമെന്നു ഒരു നിബന്ധന കൂടി ഉണ്ടായിരുന്നു. യു.കെ.കെ.സി.എയുടെ 2ാമത് വാര്‍ഷികം2002 ജൂലൈ മാസം മാഞ്ചസ്റ്ററില്‍ സെന്റ്‌ ജോന്‍സ്‌ കാത്തലിക്‌ ചര്‍ച്ചില്‍ വച്ച് നടത്തപ്പെട്ടു. ഫാദര്‍ തോമസ്‌ കുരിശുമൂട്ടില്‍, ഫാദര്‍ ജേക്കബ്‌ മുള്ളര്‍, ഐബ്രഹാം കല്ലിടാന്തിയില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സംഘടന എന്ന നിലയില്‍ യു.കെ.കെ.സി.എ -യെ സംബന്ധിച്ചടത്തോളം എടുത്തു പറയത്തക്ക നേട്ടമായിരുന്നു 2003 ജൂലൈ 4 5 6 തീയതികളില്‍ റോമില്‍വച്ചുനടന്ന ഗ്ലോബല്‍ ക്‌നാനായ കണ്‍വെന്‍ഷനിലെ പ്രാതിനിധ്യം. 2003 ജൂലൈ 12 ന് മാഞ്ചസ്റ്ററില്‍ നടന്ന മൂന്നാമത് വാര്‍ഷികം സംഘടനയുടെ ചരിത്രത്തിലെ നാഴികക്കല്ലായി.അഭിവന്ദ്യ പിതാവ് മാര്‍ മാത്യൂ മൂലക്കാട്ട് പങ്കെടുത്ത കണ്‍വന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. കണ്‍വെന്‍ഷനെ തുടര്‍ന്ന് പിതാവ് യു.കെയിലെ ഭാരവാഹികളുമായി ഇംഗ്ലണ്ടിലെ വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.സംഘടനയുടെ ശക്തിയെക്കുറിച്ചും കൂടുതല്‍ വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സഭാനേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിന് പിതാവിന്‍റെ സന്ദര്‍ശനം ഉപകരിച്ചു.

ലേഖകന്‍ യു.കെ.കെ.സി.എ -യുടെ മുന്‍ ജോയിന്‍റ് സെക്രട്ടറിയും മുന്‍ ഉപദേശകസമിതി അംഗവുമാണ്

നാളെ : കൂടുതല്‍ യൂണിറ്റുകള്‍ .കൂടുതല്‍ ക്നാനായ മക്കള്‍ .. യു.കെ.കെ.സി.എ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി മാറിയ നാലു വര്‍ഷങ്ങള്‍ (2003- 2007)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.