1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2012

യുക്മ ദേശീയ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കുമ്പോള്‍ ഒരു ദേശീയ സംഘടന എന്ന നിലയില്‍ അതിലെ അംഗഅസോസിയേഷനുകളുടെ അവകാശം സംരക്ഷിക്കപ്പെടുമോ എന്നുള്ള കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മാത്രവുമല്ല തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചെയ്യാന്‍ പോലും എത്തരുത് എന്ന സങ്കുചിത മനോഭാവത്തോടെയാണോ സംഘടനയുടെ ദേശീയ സെക്രട്ടറി അബ്രാഹം ലൂക്കോസ് പെരുമാറുന്നതെന്ന്‌ തോന്നിപ്പോകുന്നു. ദേശീയ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവരങ്ങള്‍ മിഡ്‌ലാന്റ്സ് റീജണല്‍ കമ്മറ്റി ചേര്‍ന്ന് യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയ്ക്ക് അയയ്ക്കുകയും അതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് സമയത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയില്‍ തിരിച്ചയച്ച സെക്രട്ടറിയുടെ നടപടിയെ തുറന്ന് കാട്ടിയ റീജണല്‍ ജനറല്‍ സെക്രട്ടറിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചിരിക്കുന്നത്. യുക്മ പോലൊരു സംഘടനയുടെ ദേശീയ സെക്രട്ടറി, സഹപ്രവര്‍ത്തകരോട് മാന്യതവിട്ട് പെരുമാറുന്നത് സംഘടനാ മര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് മാത്രമല്ല ഇത്തരം സങ്കുചിത മനോഭാവമുള്ളവര്‍ ദേശീയ ഭരണസമിതിയുടെ തലപ്പത്ത് എത്തിയത് തന്നെ സംഘടനയെ പിന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാതെ വയ്യ.

കേംബ്രിഡ്ജില്‍ നാളെ നടക്കുന്ന ദേശീയ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ അംഗ അസോസിയേഷനുകളുടെ പ്രതിനിധികള്‍ യാതൊരു വിധത്തിലും പങ്കെടുക്കരുതെന്ന നിക്ഷിപ്ത താല്പര്യമാണോ സെക്രട്ടറിയുടേത് എന്നു വിശ്വസിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് തീയതിയും ഏകദേശ സമയവുമല്ലാതെ ഇതുവരെയും ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും അംഗ അസോസിയേഷനുകളെ നേരിട്ടോ, റീജണല്‍ കമ്മറ്റികള്‍ വഴിയോ, ദേശീയ ഭാരവാഹികളോ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ വഴിയോ അറിയിക്കുന്നതിനുള്ള സാമാന്യ മര്യാദ പോലും സെക്രട്ടറി അബ്രാഹം ലൂക്കോസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ആരെയും അറിയിക്കുന്നതിന് ഉദ്ദേശമില്ലെങ്കിലും യുക്മ വെബ്സൈറ്റിലെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട ചുമതല സെക്രട്ടറിയ്ക്കുണ്ട്. തെരഞ്ഞെടുപ്പിന് തലേ ദിവസം പോലും വോട്ടേഴ്സ് ലിസ്റ്റ് അല്ലാതെ ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും യുക്മ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് ഉച്ച തിരിഞ്ഞ് ഒരു മണിയ്ക്ക് നടക്കുമെന്ന് പത്രങ്ങളിലൂടെയും ഒന്നരയ്ക്ക് ആരംഭിക്കുമെന്ന് ചോദ്യത്തിന് ഉത്തരം നല്‍കുകയും ചെയ്തെങ്കിലും രണ്ട് മണി മുതലാണ് ഹാള്‍ ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് അറിയുന്നത്. നൂറ് കണക്കിന് മൈല്‍ ഡ്രൈവ് ചെയ്ത് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ യാതൊരു വിവരങ്ങളും ഇതുവരെയും അസോസിയേഷനുകളെ അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിന്റെ വിവരമോ അഡ്രസ്സോ, പാര്‍ക്കിങ് സൌകര്യങ്ങഓ എന്നു വേണ്ട ഇത്രയും ദൂരം തെരഞ്ഞെടുപ്പിന് വേണ്ടിയെത്തുന്ന അംഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുമോ എന്നു പോലും പറയുന്നതിന് തയ്യാറാവാതെ ഒളിവില്‍ കഴിയുന്ന സെക്രട്ടറി ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു.

ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ മിഡ്‌ലാന്റ്സ് റീജണല്‍ കമ്മറ്റി ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് എല്ലായിടത്തും നിന്നുള്ള അസോസിയേഷനുകളുടെ പ്രതിനിധികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള അസൌകര്യവും ഉച്ച തിരിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജനറല്‍ ബോഡിയില്‍ അംഗ അസോസിയേഷനുകള്‍ക്ക് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സമയപരിമിതിയും ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. മാത്രവുമല്ല മിഡ്‌ലാന്റ്സ് റീജിയണ്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സൌകര്യം ഉച്ചഭക്ഷണത്തോട് കൂടി നടത്തുന്നതിന് ഒരുക്കമാണെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ സെക്രട്ടറിയ്ക്ക് ജൂല്‍യ്യ് 24ന് കത്ത് അയച്ചിരുന്നു. ജൂലൈ 30തിന് ജനറല്‍ സെക്രട്ടറിയില്‍ നിന്നും ലഭിച്ച മറുപടിയില്‍ ഉച്ചയ്ക്ക് ഒന്നര മുതല്‍ വൈകിട്ട് ഏഴ് വരെ നടക്കുന്ന തെരഞ്ഞെടുപ്പ് അര മണിക്കൂര്‍ കൂടി കൂട്ടിയെടുത്ത് ആറര മണിക്കൂര്‍ ജനറല്‍ ബോഡിയ്ക്ക് സമയം ഉണ്ടാവുമെന്നും കഴിഞ്ഞ വര്‍ഷം ആറ് മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുവുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അദ്ദേഹം അവകാശപ്പെടുന്നതില്‍ നിന്നും ഒരു മണിക്കൂര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടിയതിനും അന്നേ ദിവസം നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യേണ്ടവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി മറുപടിയായി കത്ത് അയച്ച റീജണല്‍ സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞ് വ്യക്തിപരമായി ആക്ഷേപിക്കുന്ന കത്ത് അയച്ച ദേശീയ സെക്രട്ടറി അബ്രാഹം ലൂക്കോസിന്റെ നടപടി തികച്ചും അപലപനീയമാണ്.

ഇങ്ങനെ അല്പത്തരത്തോടെ പെരുമാറുന്നവര്‍ക്ക് എങ്ങനെയൊരു ദേശീയ സംഘടനയുടെ ഭാഗമാകാന്‍ സാധിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്നു. അംഗ അസോസിയേഷനുകളെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് ശ്രമിക്കുന്ന ദേശീയ സെക്രട്ടറി ലക്ഷ്യമിടുന്നത് എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ദൂരസ്ഥലങ്ങളില്‍ നിന്നും വോട്ടിങ്ങിന് എത്തുന്നവരുടെ സൌകര്യാര്‍ത്ഥം കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പ് പോലെ തന്നെ ഇത്തവണയും വൈകുന്നേരം അഞ്ച് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള സൌകര്യം ഉണ്ടാവണം. ഒരു വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും മാന്യമായി നടത്താതെ സംഘടനയെ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന അല്പത്തരം നിറഞ്ഞ പെരുമാറ്റമാണ് ദേശീയ സെക്രട്ടറിയുടേതെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആരും വിട്ടുനില്‍ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം നിലവാരമില്ലാത്ത പ്രവര്‍ത്തനങ്ങളോട് വോട്ടെടുപ്പില്‍ പങ്കെടുത്ത് തന്നെയാണ് മറുപടി നല്‍കേണ്ടത്.

ബിന്‍സ് ജോര്‍ജ്

പ്രസിഡന്റ് യുക്മ മിഡ്‌ലാന്റ്സ് റീജണല്‍ പ്രസിഡന്റ്
07931329311

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.