1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2012

ഒരു പ്രസ്ഥാനം വ്യക്തികള്‍ക്ക് മുന്‍പില്‍ അടിയറവ്‌ വെക്കേണ്ടി വരുന്നത് അത്ര സുഖകരമായ കാര്യമല്ല. ഒരു കൂട്ടുകക്ഷി ഗവണ്‍മെന്‍റ് നിലനിര്‍ത്താനുള്ള ശക്തമായ രാഷ്ട്രീയ മാനെജ്മെന്‍റിന്‍റെ അഭാവം ഒരിക്കല്‍ക്കൂടി യുപിഎ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുമ്പോള്‍ നാം അതെപറ്റി ചിന്തിക്കേണ്ടിരിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ഇപ്പോഴത്തെ വെല്ലുവിളി. മൂന്നു വയസു തികയുന്ന രണ്ടാം യുപിഎ സര്‍ക്കാരില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷിയാണു 19 എംപിമാരുള്ള ടിഎംസി. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുന്‍പേ, മുന്നണിയിലെ സമ്മര്‍ദ വിഭാഗമായിരുന്നു ഇക്കൂട്ടര്‍. കേന്ദ്ര മന്ത്രിസഭയില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വകുപ്പുകള്‍ നേടിയെടുക്കുന്നതില്‍ തുടങ്ങി, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ ടിഎംസി കോണ്‍ഗ്രസിനെ വട്ടംകറക്കി.

കോണ്‍ഗ്രസില്‍ നിന്നു പിണങ്ങിപ്പിരിഞ്ഞു പോയി സ്ഥാപിതമായ പ്രാദേശിക പാര്‍ട്ടിയാണു തൃണമൂല്‍. എന്നാല്‍ അതിന്‍റെ നേതൃത്വത്തിനു മുന്‍പില്‍ ഓച്ഛാനിച്ചു തലകുനിച്ചുനില്‍ക്കേണ്ട അവസ്ഥയിലാണ് ഒന്നേകാല്‍ നൂറ്റാണ്ടു പ്രായമായ മാതൃസംഘടന ഇപ്പോള്‍. കോണ്‍ഗ്രസിന്‍റെ ശക്തിദുര്‍ഗമായിരുന്നു ഒരു കാലത്ത് വംഗദേശം. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്‍റെ താന്‍പോരിമയും തന്നിഷ്ടവും കേന്ദ്ര നേതൃത്വത്തിന്‍റെ പിടിപ്പുകേടും മറ്റും മൂലം നാലു പതിറ്റാണ്ടു മുന്‍പ് പടിയിറങ്ങിയ സംസ്ഥാന ഭരണത്തില്‍ ഇന്നോളം തിരിച്ചെത്താന്‍ കഴിഞ്ഞിട്ടുമില്ല, പാര്‍ട്ടിക്ക്.

മൂന്നു പതിറ്റാണ്ടു നീണ്ട സിപിഎം ഭരണത്തില്‍ നിന്നു പശ്ചിമ ബംഗാളിനെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസിനു മമതയുടെ വാലാകേണ്ടി വന്നു. അവരുടെ ദയാവായ്പില്‍ ലഭിച്ച ഏതാനും അപ്രധാന വകുപ്പുകളും മന്ത്രിസ്ഥാനവും ചുമന്ന്, കേന്ദ്ര സര്‍ക്കാരില്‍ ഏതു വിട്ടുവീഴ്ചയ്ക്കും സമ്മര്‍ദത്തിനും വശംവദരാകുകയാണു കോണ്‍ഗ്രസ് നേതൃത്വം. മമതയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം, രാജ്യ താത്പര്യങ്ങള്‍ പോലും അടിയറ വയ്ക്കേണ്ടി വരുന്നു എന്നിടത്താണ് ഈ ഗതികേടിന്‍റെ പാരമ്യം. ദേശീയ ഭീകര വിരുദ്ധ കേന്ദ്രങ്ങള്‍ (എന്‍സിറ്റിസി) സ്ഥാപിക്കുന്നതിലടക്കം ഈ ഗതികേട് എത്രയോ തവണ അനുഭവിച്ചറിഞ്ഞിരിക്കുന്നു.

അതില്‍ അവസാനത്തേതാണു കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട റെയ്ല്‍ ബജറ്റും തുടര്‍ന്നു കേന്ദ്ര മന്ത്രിസഭയിലുണ്ടായ അനിശ്ചിതത്വവും ത്രിവേദിയുടെ രാജിയും. ഒരു സാധാരണ പൊതു മേഖലാ സ്ഥാപനമല്ല, ഇന്ത്യന്‍ റെയ്ല്‍വേ. രാജ്യത്തിന്‍റെ സിരാവിന്യാസമാണത്. നമ്മുടെ ഫെഡറല്‍ സ്വഭാവത്തെ കോര്‍ത്തിണക്കുന്ന ശക്തമായ ചരടും. റെയ്ല്‍വേയുടെ നിലനില്പ് രാജ്യത്തിന്‍റെ കെട്ടുറപ്പിന്‍റെ കൂടി പ്രതീകമാണ്. സങ്കുചിത താത്പര്യങ്ങള്‍ക്കപ്പുറം, രാജ്യത്തിന്‍റെ പൊതു വികാരമാകണം റെയ്ല്‍ വകുപ്പ് ഭരിക്കുന്നവര്‍ക്കുണ്ടാകേണ്ടത്. എന്നാല്‍ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കള്‍ അതു തങ്ങളുടെ വ്യക്തിരാഷ്ട്രീയ ലാഭങ്ങള്‍ക്കാണു പ്രയോജനപ്പെടുത്തിയത്.

അതില്‍ നിന്നു വ്യത്യസ്തമായി, രാജ്യതാത്പര്യവും റെയ്ല്‍വേയുടെ നിലനില്‍പ്പും ലക്ഷ്യം വച്ച ദിനേശ് ത്രിവേദിയുടെ ചോരയ്ക്കു ദാഹിക്കുകയാണു മമതാ ബനര്‍ജി. ആദ്യം രാജ്യം, പിന്നെ കുടുംബം, അതു കഴിഞ്ഞു പാര്‍ട്ടി എന്നു പറഞ്ഞ ത്രിവേദിയുടെ ആര്‍ജവം പോലും കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്നില്ല. സൂചനകള്‍ വിശ്വസിക്കാമെങ്കില്‍ ബജറ്റ് പാസാക്കുന്നതു വരെ ത്രിവേദിയെ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നു മമതയ്ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണു കോണ്‍ഗ്രസ് നേതൃത്വം.

മമത ബാനര്‍ജിയെപ്പോലുള്ള അപക്വതകള്‍ക്കു മുന്‍പില്‍ ഇതിനു മുന്‍പും തലകുനിച്ചു നിന്നിട്ടുണ്ട് കോണ്‍ഗ്രസ്. രാഷ്ട്രീയ ദിശാബോധമുള്ള പാര്‍ട്ടികളുടെയും മുന്നണികളുടെയും പിന്‍ബലത്തില്‍ കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടുണ്ട്. ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിലെത്തിയ ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവിന്‍റെ ഏഴയലത്തില്ല, ബംഗാള്‍ ദീദിയുടെ പിന്‍ബലത്തില്‍ അധികാരത്തിലിരിക്കുന്ന രണ്ടാം മന്‍മോഹന്‍ സര്‍ക്കാര്‍. കൂടെ നില്‍ക്കുന്നവരുടെ രാഷ്ട്രീയ വിശ്വാസ്യത, പ്രതിബദ്ധത, പാരമ്പര്യം തുടങ്ങിയവയ്ക്കൊന്നും ചെവി കൊടുക്കുന്ന രീതി കോണ്‍ഗ്രസിനില്ല. സഖ്യകക്ഷികളെ മുഖവിലയ്ക്കെടുക്കാനുള്ള ആര്‍ജവവും അംഗബലവും ഇല്ലാത്തതാണു കോണ്‍ഗ്രസിനെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിച്ചത്.

ആരുടെ കാലു പിടിച്ചും ആര്‍ക്കും വശംവദരായും അധികാരം എന്ന മിനിമം പരിപാടിയിലേക്കു കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. ശ്രീലങ്കയെ ചൊല്ലിയുള്ള യുഎന്‍ പ്രമേയത്തിന്‍റെ പേരില്‍ തമിഴകത്തെ സഖ്യകക്ഷികളും കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരിക്കുന്നു. ഇവിടെയൊന്നും സ്വന്ത നിലയില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങുകയാണു നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ മുന്‍പില്‍ കുമ്പിട്ടുനില്‍ക്കുമെന്ന ഗര്‍വാണു പ്രാദേശിക കക്ഷികളുടെ തലയെടുപ്പിനു പിന്നില്‍. ഇത്തരം അപക്വതകളെ ഇനിയും തലയില്‍ ചുമക്കണോ എന്നുതന്നെ ആലോചിക്കട്ടെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അതിന്‍റെ ഭരണ നേതൃത്വവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.