ബ്രിട്ടന്‍ വീണ്ടും കടുത്ത സമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്കാണോ? സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള അമേരിക്കയുടെ മോഹങ്ങള്‍ക്ക് അറുതി വരുത്തി കൊണ്ട് അമേരിക്കയ്ക്കുണ്ടായിരുന്ന AAA ക്രെഡിറ്റ് റേറ്റിംഗ് നഷ്ടപ്പെട്ടത് ബ്രിട്ടീഷ് സമ്പത്ത് മേഖലയെ പ്രതികൂലമായ് ബാധിക്കാന്‍ സാധ്യത. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ ഉണര്‍വിന്റെ പാതയിലാണെന്നും വൈകാതെ ഒബാമ സര്‍ക്കാര്‍ വിസ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും പ്രതീക്ഷിച്ച മലയാളികളുടെ യുഎസ് മോഹങ്ങള്‍ ഇതോടെ അസ്തമിച്ചിരിക്കുകയാണ്.
പുതിയ രാജ്യാന്തര സാമ്പത്തികമാന്ദ്യം തന്നെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്നും യൂറോപ്പിലെയും അമേരിക്കയിലേയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് മുന്‍പ് പറഞ്ഞിരുന്നു. അനുദിനം കൂടിക്കൊണ്ടിരുന്ന കടബാധ്യതയാണ് ക്രെഡിറ്റ് റേറ്റ് കുറയ്ക്കാന്‍ കാരണമായിരിക്കുന്നത്. ഇപ്പോള്‍ തന്നെ ചെലവ് ചുരുക്കല്‍ നയങ്ങളും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന യുകെയിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് ഇനിയൊരു സാമ്പത്തിക പ്രതിസന്ധി കൂടി താങ്ങാനുള്ള ശേഷിയില്ല. അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്ന ഈ തിരിച്ചടി ബ്രിട്ടീഷ് സാമ്പത്തികമേഖലയിലേക്ക് പടരുമെന്നാണ് വിദഗ്തര്‍ പറയുന്നത്.
അമേരിക്കയിലെ റിപ്പബ്ലിക്കല്‍ പാര്‍ട്ടി പ്രതിനിധിയും സ്പീക്കറുമായ ജോണ്‍ ബോഹ്നര്‍ തയ്യാറാക്കിയ കടപരിധി കൂട്ടുന്നതിനുള്ള ബില്‍ മുന്‍പ് ജനപ്രതിനിധിസഭ പാസാക്കിയിരുന്നു, എന്നാല്‍ ഡമോക്രാറ്റ്കള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്‍ തഴയപ്പെട്ടു. 14 .3 ട്രില്യന്‍ ഡോളറിന്റെ കടപരിധി ഉയര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്ലാണ് സെനറ്റ് തള്ളിയിരിക്കുന്നത്. ഈ ബില്‍ പ്രശ്നങ്ങള്‍ക്ക് താല്ക്ക്കാലിക പരിഹാരമേ നല്‍കുകയുള്ളൂ എന്നാണു ഡമോക്രാറ്റ്കള്‍ വാദിച്ചത്.
അതേസമയം മുതിര്‍ന്ന സെനറ്റംഗമായ ഹാരി റീഡ് അവതരിപ്പിച്ച ബദല്‍ ബില്ലില്‍ പ്രതീക്ഷയുണ്ടെന്നു അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ പറഞ്ഞു. റീഡിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം കട പരിധി 2 .7 ട്രില്യന്‍ ഡോളര്‍ ആയുയര്ത്താനാണ് ലക്ഷ്യമിടുന്നത്. ബജകറ്റ് കമ്മി 2.2 ട്രില്യന്‍ ഡോളറായ് കുറച്ചു കൊണ്ടാണിത് സാധ്യമാക്കുക.
രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരില്‍ അമേരിക്കയില്‍ നില നില്‍ക്കുന്ന ഈ അനിശ്ചിതത്വം ആഗോളസാമ്പത്തിക പ്രതിസന്ധിക്കു വഴിവയ്ക്കുമെന്നു ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ നിക്ക് ക്ലെഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. ബ്രിട്ടനിലെ തൊഴിലവസരത്തേയും കുടുംബജീവിതത്തേയും ഇതുബാധിക്കും. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത യുകെയിലെ ബിസിനസ് ലോകത്തെ ആത്മവിശ്വാസവും തകര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ കടുത്ത പ്രതിസന്ധിയിലുള്ള കുടുംബങ്ങള്‍ തൊഴില്‍ നഷ്ടം കൂടിയായാല്‍ പട്ടിണിയിലാകും. മെച്ചപ്പെട്ട തൊഴിലും ശമ്പളവും സ്വപ്നം കണ്ട് യുകെയിലേക്കു കുടിയേറിയിട്ടുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതം ദുഷ്‌കരമാകുമെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല