1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2021

സ്വന്തം ലേഖകൻ: ജോലിക്കുള്ള വീസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടിയത്. കൊവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചതെന്ന് തീരുമാനം അറിയിച്ച് ട്രം‌പ് പറഞ്ഞു. മാത്രമല്ല അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യമാണ് ഏറ്റവും ദേശീയ പ്രാധാന്യമുള്ള വിഷയമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

തൊഴിലില്ലായ്മ, ബിസിനസ് രംഗത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയവയെ കുറിച്ചും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഐ.ടി സാങ്കേതിക മേഖലയില്‍ പ്രധാനമായും ഉപയോഗിക്കുന്ന എച്ച് -1ബി വീസ, കൃഷി ഇതര ജോലികള്‍ക്കെത്തുന്ന സീസണല്‍ ജോലിക്കാരുടെ എച്ച്-2ബി, കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ജെ-1 വീസ, എച്ച്-1ബി – എച്ച് – 2ബി വീസയുള്ളവരുടെ ദമ്പതിമാര്‍ക്കുള്ള വീസ, യു.എസിലേക്ക് ജോലിക്കാരെ റീലോക്കേറ്റ് ചെയ്യുന്നതിനാല്‍ കമ്പനികള്‍ നല്‍കുന്ന എല്‍ വീസ എന്നിവയെല്ലാം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ ഈ നിയന്ത്രണങ്ങളില്‍ ഇളവ് വരുമെന്നായിരുന്നു വിലയിരുത്തലുകള്‍.

ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വിവിധ തരം വീസകളെയാണ് ബാധിക്കുന്നത്. ഇത്തരം വീസകള്‍ ഉപയോഗിച്ചുകൊണ്ട് അമേരിക്കയില്‍ ജോലിക്കെത്താന്‍ ശ്രമിക്കുന്നവരെയാണ് ഈ നിയന്ത്രണങ്ങള്‍ ഗൗരവമായി ബാധിക്കുക.

പുതുവര്‍ഷത്തില്‍ വാക്‌സിന്‍ കൂടി വരുന്നതോടെ കൊവിഡ് വ്യാപനത്തില്‍ കുറവ് വരുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ പുതിയ കൊറോണ സ്‌ട്രെയ്ന്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം മുഴുവന്‍ കൂടുതല്‍ ജാഗ്രതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

“2021 മാര്‍ച്ച് 31 വരെയാണ് നിലവിലെ നിയന്ത്രണങ്ങള്‍ തുടരുക. ആവശ്യമെങ്കില്‍ ഇനിയും തുടരും. ഡിസംബര്‍ 31ന് ശേഷം 15 ദിവസം കഴിയുമ്പോഴും പിന്നീട് ഓരോ മുപ്പത് ദിവസം കഴിയുമ്പോഴും ഈ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കണം,” ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു.

നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയാല്‍ കമ്പനികള്‍ കുറഞ്ഞ വേതനത്തില്‍ വിദേശ പൗരന്മാരെ ജോലിക്കെത്തിച്ച് ചൂഷണം തുടരുമെന്ന് ഫെഡറേഷന്‍ ഫോര്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ റിഫോം തലവന്‍ ആര്‍.ജെ ഹൗമാന്‍ അറിയിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്കൊപ്പമല്ലെന്നും ഹൗമാന്‍ വിമര്‍ശിച്ചു. വിദേശ പൗരന്മാരെ സംബന്ധിച്ച് ട്രംപ് നടപ്പിലാക്കിയ നിരവധി നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്ന് ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് അനുയായികളുടെ വിമര്‍ശനം.

അതിനിടെ യുഎസിൽ കൊവിഡ് വാക്‌സീനുകളുടെ വിതരണം പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണെന്ന് റിപ്പോർട്ട്. ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം തുറന്നു സമ്മതിച്ചു, വരും ആഴ്ചകളില്‍ വേഗത വർധിക്കുമെന്ന വിശ്വാസവും അവര്‍ പ്രകടിപ്പിച്ചെങ്കിലും അതിനു സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സീന്‍ വിതരണം സംസ്ഥാനങ്ങള്‍ അട്ടിമറിക്കുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

എന്നാല്‍ വ്യക്തമായ പദ്ധതിയില്ലാത്തതാണ് കാര്യങ്ങളെ തകര്‍ക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ വാക്‌സീൻ നല്‍കുന്നത്. എന്നാല്‍ ഇതിനു പോലും വിചാരിക്കുന്ന വേഗത കൈവരിക്കാനാവില്ലെന്നത് രാജ്യത്തെ ആരോഗ്യമേഖലയുടെ ദൗര്‍ബല്യം തുറന്നു കാണിക്കുന്നതായാണ് ആരോപണം. ഇ

പ്പോഴത്തെ സാഹചര്യത്തില്‍ മുന്‍നിരയിലുള്ളവര്‍ക്കു വാക്‌സീൻ നല്‍കിയതിനു ശേഷമേ മറ്റുള്ളവര്‍ക്ക് നല്‍കേണ്ടതുള്ളുവെന്നാണ് തീരുമാനം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് ഫെഡറല്‍ ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദ്ദേശം. അതു കൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ സംസ്ഥാനത്തെ മുന്‍നിര അധികൃതര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി എത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു സംസ്ഥാനവും നിലവില്‍ തീരുമാനമെടുത്തിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.