1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2021

അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): നമ്മുടെ പിറന്ന നാട്ടിൽ, ഏറ്റവും പ്രിയങ്കരരായിട്ടുള്ള നമ്മുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും കോവിഡ് മഹാമാരിയുടെ ദുരിതക്കയത്തിൽ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അവരെ സഹായിക്കുകയെന്നത് നമ്മുടെ കടമയാണെന്നത് മറന്ന് മുമ്പോട്ട് പോകുവാൻ സാധിക്കുകയില്ല. കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാവുകയും അത് കുഞ്ഞുകുട്ടികൾ മുതൽ എല്ലാവരെയും ബാധിക്കാനിടയുണ്ടെന്ന് വിദഗ്ദരുടെ മുന്നറിയിപ്പും നമ്മെ ഭയചകിതരാക്കുന്നു. ഈയവസരത്തിൽ മറ്റെന്തിനുമപരിയായി കരുണയുടെ ചെറിയൊരു കരസ്പർശം നീട്ടുവാൻ യുക്മ ചാരിറ്റി ഫൗണ്ടേഷൻ യുകെ മലയാളി സമൂഹത്തിന് മുന്നിൽ കൂടുതൽ സജീവമായി പ്രവർത്തിക്കുക വഴി പരമാവധി തുക സ്വരൂപിച്ച് നാട്ടിലെത്തിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയാണ്.

സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോൾ, കേഴുന്ന കേരളത്തെ ചേർത്ത്പിടിക്കാൻ യുക്മ യു കെ മലയാളികളോട് കാരുണ്യത്തിനായി അഭ്യർത്ഥിച്ചിരുന്നു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ് – യുക്മ, പിറന്ന നാടിനോട് കടമ മറക്കാത്തവരാണ് പ്രവാസികൾ എന്ന് ഒരിക്കൽ കൂടി തെളിയിക്കുവാൻ ഈ അവസരം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ കോവിഡ് അതിജീവനത്തിനായുള്ള തുക സമാഹരിക്കുന്നത്. പ്രധാനമായും യു കെ മലയാളികളുടെ കരുതലും ഔദാര്യവുമാണ് യുക്മ ലക്‌ഷ്യം വക്കുന്നത്. ഇതിലേക്കായി സംഭാവന ചെയ്യപ്പെടുന്ന തുകയുടെ ഇരുപത്തഞ്ച് ശതമാനം “ഗിഫ്റ്റ് ടാക്സ്” ഇനത്തിൽ സർക്കാരിൽനിന്നും അധികമായി ലഭിക്കുവാൻ അവസരം ഉള്ളതിനാൽ വിർജിൻ മണി “ജസ്റ്റ് ഗിവിങ്” സംവിധാനത്തിലൂടെയാണ് ധനസമാഹരണം നടത്തുന്നത്.

നമ്മുടെ കുടുംബാംഗങ്ങൾ, സഹൃത്തുക്കൾ എന്നിങ്ങനെ നിരവധി പേർ കോവിഡിൻ്റെ മാരകതാണ്ഡവത്തിൽ രോഗബാധിതരാവുകയും കുറെയേറെപ്പേർ നമ്മെ എന്നന്നേക്കുമായി വിട്ടു പോകുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ സങ്കൽപത്തിനുമപ്പുറമുള്ള ഒരു അവസ്ഥയിൽ നമ്മുടെ ജന്മനാടിനെ ചേർത്തു പിടിക്കുകയെന്നത് നമ്മുടെ കർത്തവ്യമാണെന്ന് കരുതുകയാണ്.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാന്ത്വനമേകാൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹായവും സഹകരണവും നൽകുവാൻ എല്ലാവരുടെ മുന്നിലും വിനയപൂർവ്വം കൈ നീട്ടുന്നു. നാട്ടിൽ രോഗികളായിരിക്കുന്നവർക്ക് മരുന്ന്, ഓക്സിജൻ, ആശുപത്രി സൗകര്യങ്ങൾ, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിൽ സർക്കാരിന് പിന്തുണയേകാൻ ജാതി മത രാഷ്ട്രീയ വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ ഒന്നായി പ്രവർത്തിച്ച് ഈ പ്രതിസന്ധി മറികടക്കുവാൻ എല്ലാ യുകെ മലയാളി സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിക്കുന്നു.

യുക്മ കോവിഡ് അപ്പീലിലേക്ക് സഹായം നൽകുവാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പണം കൈമാറാവുന്നതാണ്.

http://virginmoneygiving.com/fund/UUKMA/Kerala/Covid19Relief

കൂടുതൽ വിവരങ്ങൾക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-

ഷാജി തോമസ് – 07737736549
ടിറ്റോ തോമസ് – 07723956930
വർഗീസ് ഡാനിയേൽ – 07882712049
ബൈജു തോമസ് – 07825642000

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.