1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2022

അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മ ചാരിറ്റി ഫൗണ്ടേഷൻ യു കെ മലയാളി സമൂഹത്തിൻ്റെ കാരുണ്യ സ്പർശനമേറ്റു വാങ്ങിക്കൊണ്ട് പണിതുയർത്തുന്ന രണ്ട് വീടുകൾക്ക് തറക്കല്ലിട്ടു. കഴിഞ്ഞ ദിവസം നടന്ന ഗംഭീരമായ ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട എം.പി ആൻ്റോ ആൻറണി കല്ലിടൽ കർമം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് സജിമോൻ, വൈസ് പ്രസിഡൻ്റ് ജെസി ജോസ്, വാർഡ് മെമ്പർമാർ മറ്റ് സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഔപചാരികമായി നിലവിൽ വന്നതിന് ശേഷം 2017- ലെ പ്രളയത്തെ തുടർന്ന് ജന്മനാടിനെ സഹായിക്കുവാൻ സമാഹരിച്ച തുകയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനക്ക് ശേഷം ഉണ്ടായിരുന്ന തുക ഉപയോഗിച്ചാണ് ഭവന നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

കോവിഡിൻ്റെ പശ്ചാത്തലവും, ഏറ്റവും അർഹതയുള്ള ഗുണഭോക്താവിനെ കണ്ടെത്തുന്നതിലുള്ള താമസവും കാരണമാണ് ഭവന നിർമ്മാണത്തിന് കാലതാമസം ഉണ്ടായത്. യുക്മ അംഗ അസോസിയേഷനുകൾ ഭവന നിർമ്മാണത്തിനായി ശേഖരിച്ച തുക ഉപയോഗിച്ച് യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ മേൽനോട്ടത്തിൽ നിർമ്മിച്ച വീടുകൾ പൂർത്തീകരിച്ച് നേരത്തേ തന്നെ ഗുണഭോഗക്താക്കൾക്ക് താക്കോൽ കൈമാറിയിരുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് യോഗം ചേർന്നാണ് അർഹരായ ഗുണഭോക്താവിനെ കണ്ടെത്തി വീടുകൾ നിർമ്മിക്കുവാൻ തീരുമാനിച്ചത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ്, എബി സെബാസ്റ്റ്യൻ, ഷാജി തോമസ്, ടിറ്റോ തോമസ്, ബൈജു തോമസ്, വർഗീസ് ഡാനിയേൽ തുടങ്ങിയവർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.

അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുവാൻ ട്രസ്റ്റി ബോർഡ് യോഗം ഷാജി തോമസിനെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് പ്രളയത്തിൽ വീട് വാസയോഗ്യമല്ലാത്ത വിധം നശിച്ചുപോയതും, സ്വന്തമായി ഭവനം നിർമ്മിക്കാൻ ഒരു നിവൃത്തിയുമില്ലാത്ത 3 കുടുംബങ്ങളെ ഗവൺമെൻ്റിൻ്റെ ലിസ്റ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. അതിൽ നിന്നുമുള്ള ആദ്യത്തെ രണ്ട് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ട് ഭവനങ്ങൾ പൂർത്തിയാകുന്ന മുറക്ക് മൂന്നാമത്തെ ഭവനത്തിൻ്റെയും നിർമ്മാണം ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ഭവന നിർമ്മാണ പദ്ധതിയായ “സ്നേഹക്കൂട്” പദ്ധതിയുമായി സഹകരിച്ച എല്ലാവരോടുമുള്ള ട്രസ്റ്റി ബോർഡിൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ”സ്നേഹക്കൂട്” പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.

മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗീസ് – 07985641921
എബി സെബാസ്റ്റ്യൻ – 07702862186
ഷാജി തോമസ് – 07737736549

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.