1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2022

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): കോവിഡ് കാലത്തെ വെര്‍ച്വല്‍ ലോകത്ത് നിന്നും വേദികളിലേയ്ക്ക് മടങ്ങിയെത്തിയ യുക്മ കലാമേളയ്ക്ക് ഉജ്ജ്വല തുടക്കം. നവംബര്‍ 5 ശനിയാഴ്ച്ച ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന 13 മത് യുക്‌മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജണല്‍ കലാമേളകളില്‍ ആദ്യം നടന്ന ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ ഉന്നതമായ നിലവാരം കൊണ്ടും വര്‍ണാഭമായി. മലയാള നാടിന്റെ തനതായ സാംസ്ക്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന യുക്മ കലാമേളകള്‍ കേരളത്തിനു പുറത്ത് നടക്കുന്ന മത്സരസ്വഭാവത്തിലുള്ള ഏറ്റവും വലിയ കലാമാമാങ്കമാണ്. സപ്തസ്വരങ്ങളും താളവിസ്മയങ്ങളും നൂപുരധ്വനികളുയര്‍ത്തി നിറഞ്ഞാടിയ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേളയില്‍ കരുത്തന്മാരായ നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ജേതാക്കളായി. ചാമ്പ്യന്‍ അസ്സോസ്സിയേഷനിൽ നിന്നു തന്നെയുള്ള മിന്നും താരങ്ങള്‍ അഞ്ജലി പഴയാറ്റിൽ കലാതിലകമായും ഫ്രെഡി പ്രിന്‍സ് കലാപ്രതിഭയായും നേട്ടം കൈവരിച്ചു.

ബാസില്‍ഡണിന് സമീപമുള്ള റെയ്ലിയിലെ സ്വെയിന്‍ പാര്‍ക്ക് സ്‌കൂളിലാണ് ഈസ്റ്റ് ആഗ്ലിയ റീജിയണിന്റെ കലാമേള അരങ്ങേറിയത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുക്മ കലാമേള വേദികളിലേയ്ക്ക് മടങ്ങിയെത്തിയത് മുന്‍ വര്‍ഷങ്ങളേക്കാള്‍ ആവേശത്തോടെയാണ് ഈസ്റ്റ് ആംഗ്ലിയയിലെ മലയാളികള്‍ വരവേറ്റത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ രണ്ടുവര്‍ഷവും വെര്‍ച്വല്‍ കലാമേളകള്‍ യുക്‌മ നടത്തിയതിനും ഈസ്റ്റ് ആംഗ്ലിയ റീജിയൺ വലിയ പിന്തുണ നല്‍കിയിരുന്നു. 20 അംഗ അസ്സോസ്സിയേഷനുകളുള്ള റീജിയണിലെ എല്ലാ അസ്സോസ്സിയേഷനിൽ നിന്നും തന്നെ മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എല്ലാ മേഖലകളിലും ആധിപത്യമുറപ്പിച്ചാണ് 230 പോയിന്റ് നേടി നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷൻ കിരീടം നേടിയത്. ലൂട്ടന്‍ മലയാളി അസ്സോസ്സിയേഷൻ രണ്ടാം സ്ഥാനവും ചെംസ്‌ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷനും കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയും യഥാക്രമം മൂന്നൂം നാലും സ്ഥാനങ്ങളും സ്വന്തമാക്കി.

യുക്‌മ നാഷണല്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഈസ്റ്റ് ആംഗ്ലീയ റീജിയൺ പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം സണ്ണി മത്തായി സ്വാഗതം ആശംസിച്ചു. പി.ആർ.ഒ. അലക്‌സ് വർഗ്ഗീസ് ആശംസകൾ അർപ്പിച്ചു. ദേശീയ ജോ. ട്രഷറര്‍ എബ്രാഹം പൊന്നുംപുരയിടം, വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍, റീജിയണൽ ട്രഷറർ സാജൻ പടിക്കമ്യാലിൽ, റീജിയണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റീജിയണല്‍ ജനറല്‍ സെക്രട്ടറി ജോബിന്‍ ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി.

രാവിലെ പത്തരയ്ക്ക് ആരംഭിച്ച കലാമേള മത്സരങ്ങള്‍ വൈകുന്നേരം എട്ടുമണിവരെ നീണ്ടു നിന്നു. നാല് വേദികളിലായി ചിട്ടയായി നടന്ന മത്സരങ്ങളില്‍ വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. എല്ലാ ഇനങ്ങളിലും തന്നെ മത്സരിക്കുന്നതിന് കലാകാരന്മാരുടെ വന്‍നിരയുമായെത്തിയ നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന് മേധാവിത്വം നേടാനായി.

കലാതിലകം

നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന്റെ അഞ്ജലി പഴയാറ്റിൽ 16 പോയിന്റോടെ കലാതിലകം പട്ടം കരസ്ഥമാക്കി. ഭരതനാട്യം, ഫോക്ക് ഡാന്‍സ്, മോണോ ആക്ട്, ഗ്രൂപ്പ് ഇനമായ ഒപ്പന എന്നിവയില്‍ എല്ലാ ഇനത്തിലും ഒന്നാം സ്ഥാനം നേടിയാണ് അഞ്ജലി കലാതിലകപ്പട്ടം സ്വന്തമാക്കിയത്.

കലാപ്രതിഭ

നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷനിലെ തന്നെ ഫ്രെഡി പ്രിന്‍സ് കലാപ്രതിഭാ പട്ടം നേടി. സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവും , ഫോൽക്ക് ഡാന്‍സ്, മോണോആക്ട്, സിനിമാറ്റിക് ഡാന്‍സ് (സോളോ) എന്നിവയില്‍ രണ്ടാം സ്ഥാനവും നേടിയാണ് കലാപ്രതിഭയായത്.

നാട്യമയൂരം

നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷനിലെ മേഘ്‌ന ഗോപുരത്തിങ്കല്‍ നാട്യ മയൂരമായി തിരഞ്ഞെടുത്തു. സിനിമാറ്റിക് ഡാന്‍സിനൂം ഫോൽക്ക് ഡാന്‍സിനും ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിന് രണ്ടാം സ്ഥാനവും നേടി.

ഭാഷാകേസരി

നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന്റെ ഷാരോണ്‍ സാബുവിന് മോണോആക്ടിൽ ഒന്നാം സ്ഥാനവും പദ്യം ചൊല്ലലില്‍ രണ്ടാം സ്ഥാനവും നേടി ഭാഷ കേസരി പട്ടം കരസ്ഥമാക്കി.

വ്യക്തിഗത ഇനങ്ങളില്‍ ചാമ്പ്യന്‍ പട്ടം നേടിയവര്‍:

കിഡ്‌സ്: ഹിമ മോവര്‍- ലൂട്ടന്‍ മലയാളി അസ്സോസ്സിയേഷൻ

സബ് ജൂനിയര്‍: ദേവനന്ദ ബിബിന്‍ രാജ് – എന്‍ഫീല്‍ഡ് മലയാളി അസ്സോസ്സിയേഷൻ & ദിയ നായർ (നോർവിച്ച് അസോസിയേഷൻ ഓഫ് മലയാളീസ്)

ജൂനിയേഴ്‌സ്:
ത്രിഷാ സുധി – ചെംസ്‌ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷൻ & മേഘന ഗോപുരത്തിങ്കൽ (നോർവിച്ച് അസോസിയേഷൻ ഓഫ് മലയാളീസ്)

സീനിയേഴ്‌സ്:
അഞ്ജലി പഴയാറ്റിൽ – നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷൻ

മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമാപന സമ്മേളനം യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥിയായിരുന്നൂ. ദേശീയ കലാമേള കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, ദേശീയ നേതാക്കളായ എബ്രാഹം പൊന്നുംപുരയിടം, എബി സെബാസ്റ്റ്യന്‍, ടിറ്റോ തോമസ് തുടങ്ങിവരും സന്നിഹിതരായിരുന്നൂ. സമാപന സമ്മേളനത്തില്‍ റീജണല്‍ സെക്രട്ടറി ജോബിന്‍ ജോര്‍ജ് നന്ദി പറഞ്ഞു.

ഈസ്റ്റ് ആംഗ്ലീയ റീജണല്‍ പ്രസിഡന്റ് ജെയിസണ്‍ ചാക്കോച്ചന്റെയും നാഷണല്‍ കമ്മറ്റി അംഗം സണ്ണി മത്തായിയുടെയും നേതൃത്വത്തില്‍ റീജിയണൽ കമ്മറ്റി അംഗങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച് കലാമേളയെ വന്‍ വിജയത്തിലെത്തിക്കുകയായിരുന്നു. അലോഷ്യസ് ഗബ്രിയേല്‍ കലാമേളയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. കലാമേളയുടെ ഓഫീസ് നിര്‍വ്വഹണം തോമസ് മാറാട്ടുകളം, ഷാജി വര്‍ഗ്ഗീസ്, ബിജേഷ് ചാത്തോത്ത് എന്നിവരുടെ കൂട്ടായ പ്രയത്‌നം മൂലം മത്സരങ്ങള്‍ അവസാനിച്ച ഉടന്‍തന്നെ അധികം കാലതാമസം ഇല്ലാതെ ഫലപ്രഖ്യാപനം നടത്തുവാനും സാധിച്ചു.

കൂടാതെ മറ്റ് കമ്മറ്റി അംഗങ്ങളായ സാജന്‍ പടിക്കമാലില്‍, ജോസ് അഗസ്റ്റിന്‍, നിഷ കുര്യന്‍, ബിബിരാജ് രവീന്ദ്രന്‍, സന്ധ്യ സുധി, ബിബിന്‍ അഗസ്തി, പ്രവീണ്‍ ലോനപ്പന്‍, ഭൂവനേശ്വര്‍ പീതാംബരന്‍, ജിജി മാത്യൂ, ഐസക്ക് കുരുവിള എന്നിവരും റീജണല്‍ കമ്മറ്റിയൊടൊപ്പം കൈകോര്‍ത്തുള്ള കൂട്ടായ പ്രയത്നം കലാമേളയെ വിജയത്തിലെത്തിച്ചു.

വൈകുന്നേരം അരങ്ങേറിയ ഒപ്പനയും സിനിമാറ്റിക്ക് ഡാന്‍സും കാണികളെ ആവേശം കൊള്ളിച്ചു. ഒടുവില്‍ കലാമത്സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍, മനസ്സുനിറഞ്ഞ സന്തോഷത്തോടെ നവംബര്‍ അഞ്ചിന് നടക്കുന്ന ഗ്ലോസ്റ്റര്‍ഷെയര്‍ ദേശീയ കലാമാമാങ്കത്തില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ നിറപ്പകിട്ടാര്‍ന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മയുടെ മണിച്ചെപ്പില്‍ കാത്തുസൂക്ഷിച്ചാണ് ഏവരും മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.