1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2012

ക്രിസ്റ്റി അരഞ്ഞാണി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുകെയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയും വാര്‍ത്തയുമാണ് യുക്മയും അതിന്റെ നേതൃത്വവും അതുപോലെ യുക്മയുടെ ഭാഗമായ സൌത്തെന്റ് മലയാളി അസോസിയേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും ആരോപണങ്ങളും. സംഭവം എന്തുതന്നെ ആയാലും കളങ്കം സംഭവിച്ചത് യുക്മയ്ക്ക്. യഥാര്‍ത്ഥത്തില്‍ യുക്മ എന്ന പ്രസ്ഥാനം നിഷ്കളങ്കമാണെങ്കിലും യുക്മയെ കളങ്കപ്പെടുത്തിയത് അതിനെ നയിക്കുന്ന വ്യക്തി സ്വാര്‍ത്ഥ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നേതൃത്വമാണ്. അവരാണ് യുക്മയെ ഈ നിലയില്‍ കൊണ്ടെത്തിച്ചത്.

സോത്തെന്റ് മലയാളി അസോസിയേഷന്റെ ആരോപണത്തില്‍ പിന്ന യുക്മയുടെ മറുപടിയും അതിനുശേഷം തെളിവുകളോടെ സൌത്തെന്റ് അസോസിയേഷന്‍ മറുപടിയുമായും വന്നു. പിന്നീട് സൌത്തെന്റ് മലയാളി അസോസിയേഷന്‍ നേതൃത്വം എന്നെ ബന്ധപ്പെട്ട് വിശദീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു കാര്യം മനസിലായി. യുക്മ നേതൃത്വത്തിന് ഒരു കൂട്ട് ഉത്തരവാദിത്വം ഇല്ലെന്നും അതുപോലെ അവര്‍ തമ്മില്‍ ശരിയായ രീതിയില്‍ ആശയവിനിമയം നടക്കുന്നില്ലെന്നും നാഷണല്‍ കമ്മറ്റിയോ മറ്റു കമ്മറ്റികളോ വെറും പ്രഹസനങ്ങള്‍ ആണെന്നും. എന്നാല്‍ നേതൃത്വത്തില്‍ ചിലര്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു എങ്കിലും യുക്മയുടെ കര്‍മനിരതനായ ഉപാദ്ധ്യക്ഷന്റെ നിര്‍ദേശങ്ങളെ നേതൃത്വം അപ്പാടെ അവഗണിക്കുകയായിരുന്നു.

വര്‍ഷത്തില്‍ ഒരിക്കല്‍ ദേശീയ കലോത്സവം നടത്തുന്നു എന്നതിനപ്പുറം ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന യുക്മ എന്താണ് ചെയ്യുന്നത്? എന്നിട്ടും എല്ലാ പിന്തുണയും സഹായവും യുക്മയില്‍ അംഗങ്ങളായ ഡസണ്‍ കണക്കിന് മലയാളി അസോസിയേഷനുകളും ജനങ്ങളും കൊടുത്തിട്ടും അവരോടു ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ശരിയായ നടപടിയല്ല. ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായവനെ വലിയ കാര്യങ്ങളിലും വിശ്വസിക്കാം എന്നാണല്ലോ ബൈബിള്‍ വാക്യം. എന്നാല്‍ ഈ നേതൃത്വത്തെ ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസിക്കുവാന്‍ സാധികുമോ?

സൌത്തെന്‍ഡ് മലയാളി അസോസിയേഷന്റെ വിശാല കാഴ്ചപ്പാടും അതുപോലെ പ്രസിഡന്റ് കനേഷ്യസ് അത്തിപ്പൊഴിയിലിന്റെയും സെക്രട്ടറി ബാബു കുര്യാക്കോസിന്റെയും ആത്മാര്‍ഥതയും കലയോടുള്ള പ്രണയവുമാണ് യുക്മ ദേശീയ കലാമേളയ്ക്ക് വേദി ഒരുക്കാന്‍ ഇടയാക്കിയത്. അവര്‍ക്ക് ഈ ഗതിയെങ്കില്‍ വരും വര്‍ഷങ്ങളില്‍ മറ്റുള്ളവരുടെ ഗതിയെന്താകും? അറിഞ്ഞോണ്ട് അപകടത്തില്‍ ചാടാന്‍ ഏതെങ്കിലും സംഘടന മുന്നോട്ടുവരുമോ?

യുക്മയില്‍ നേരിട്ട് അംഗങ്ങളായ അസോസിയേഷനുകളുടെ പിന്തുണയില്ലെങ്കില്‍ സംഘടന മുന്നോട്ടു പോകുന്നതെങ്ങനെ? പിന്നെ യുക്മ വെറും കടലാസ് സംഘടനയായി മാറും. ഇക്കാര്യം നേതൃത്വത്തിന് ഓര്‍മ വേണം. കലാസ്നേഹികള്‍ കൂടിയായ സൌത്തെന്‍ഡ് മലയാളി അസോസിയേഷന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പരാതി ഉയരാതിരിക്കാന്‍ യുക്മ നേതൃത്വം ശ്രദ്ധിക്കേണ്ടിയിരുന്നു. യുക്മയുടെ ഭരണഘടന ലംഘിച്ച നേതൃത്വത്തിന് ഇനി തുടരാന്‍ എന്തു ധാര്‍മികതയാണുള്ളത്.

നേതൃത്വത്തിലെ ചിലരുടെ വ്യക്തതാല്‍പ്പര്യം ഈ സംഘടനയെ ഇല്ലായ്മ ചെയ്യുമെന്നുറപ്പ്. സംഘടനയെ കാര്‍ന്നുതിന്നു അര്‍ബുദമായി അതു മാറുകയാണ്. കീമോയും റേഡിയേഷനും ഇനി ഫലവത്തായില്ലെന്നു വരും. അര്‍ബുദം ബാധിച്ച ഭാഗം മുറിച്ചു മാറ്റുക മാത്രമാണ് ഏക പോംവഴി. കഴിഞ്ഞ കുറച്ചു നാളുകളായി യുക്മയില്‍ കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഒട്ടനവധി ഉയര്‍ന്നിട്ടുണ്ട്. നാളിതുവരെ നേതൃത്വം മൌനം പാലിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ഇംഗ്ളണ്ടില്‍ ഒഐസിസി എന്ന കക്ഷി രാഷ്ട്രീയ സംഘടനയുടെ മേഖലാ അധ്യക്ഷപദവിയും യുക്മയുടെ മേഖലാ അധ്യക്ഷ പദവിയും ഒരാള്‍ തന്നെ വഹിക്കുന്നത് സംഘടനയുടെ ഭരണഘടന ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടാതെ വയ്യ. അദ്ദേഹത്തിനെതിരേ യുക്മയുടെ പ്രസിഡന്റ് എന്താണ് നടപടിയെടുക്കാത്തത്. അതോ ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണോ? യുക്മയുടെ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു പ്രസിഡന്റ് രാജിവയ്ക്കുകയോ നാഷണല്‍ കമ്മിറ്റി വിളിച്ചു കൂട്ടി തെറ്റുകാരായവരെ പുറത്താക്കുകയോ മാത്രമാണ് ഈ പ്രസ്ഥാനത്തെ ശുദ്ധികലശം ചെയ്യാനുള്ള ഏകപോംവഴി.

നമ്മുടെ കുട്ടികളുടേയും വരുംതലമുറയുടേയും കലാ- സാംസ്കാരിക വളര്‍ച്ചയ്ക്ക് യുക്മ പോലുള്ള ഒരു ദേശീയ വേദി കൂടിയേ തീരൂ. അതുകൊണ്ട് അതിനായി അശ്രാന്തം പരിശ്രമിക്കുന്ന ഇവിടുത്തെ നല്ലവരായ ജനതയ്ക്ക്, അസോസിയേഷനുകള്‍ക്ക്, കുട്ടികള്‍ക്ക് വഴികാട്ടിയായി മാര്‍ഗദര്‍ശിയായി യുക്മ എന്ന സംഘടനയുടെ വളര്‍ച്ചയ്ക്ക് നല്ല നേതാക്കള്‍ മുന്നോട്ടു വരുന്നതിനു വേണ്ടിയും നമ്മുക്ക് പരിശ്രമിക്കാം. അങ്ങനെയൊരു നല്ല ഭാവി യുക്മയ്ക്കുണ്ടാകട്ടെയെന്ന് ആശംസിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.