1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2022

അലക്സ് വർഗ്ഗീസ്: യുക്മ “കേരളപൂരം” വള്ളംകളി 2022 ഒരു മാസം അവശേഷിച്ചിരിക്കേ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വള്ളംകളി സംഘടിപ്പിച്ചിരിക്കുന്ന മാൻവേഴ്സ് തടാകം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. യുക്മ കേരളപൂരം വള്ളംകളി 2022 ഇവൻ്റ് കോർഡിനേറ്റർ അഡ്വ.എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി പീറ്റർ താണോലിൽ, ജോയിൻറ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, വള്ളംകളിയുടെ രജിസ്ട്രേഷൻ്റെ ചുമതല വഹിക്കുന്ന ജയകുമാർ നായർ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, മുൻ നാഷണൽ ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ തുടങ്ങിയവരാണ് മാൻവേഴ്‌സ് തടാകം ചെയർമാൻ മാർക്ക് ബെൻഡൻ, ചീഫ് എക്സിക്യുട്ടീവ് ട്രവർ എന്നിവരുമായി വള്ളംകളിയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെ സംബന്ധിച്ചും ചർച്ചകൾ നടത്തിയത്.

2019-ൽ വള്ളംകളി നടത്തിയ ശേഷം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് മൂലം പരിപാടി സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. ഇക്കാരണം കൊണ്ട് മാൻവേഴ്സ് തടാകത്തിലെ ഇപ്പോഴത്തെ സൗകര്യങ്ങൾ നേരിൽ വിലയിരുത്തുന്നതിന് വേണ്ടി കൂടിയാണ് കഴിഞ്ഞ ദിവസം യുക്മ വള്ളംകളിയുടെ ഉന്നതാധികാര സമിതി മാൻവേഴ്സ് തടാകം സന്ദർശിച്ചത്. അധികൃതരുമായുള്ള ചർച്ചകളിൽ യുക്മ നേതൃത്വം പൂർണ തൃപ്തിതി രേഖപ്പെടുത്തി. മാൻവേഴ്സ് തടാകത്തിൻ്റെ പരിസരത്ത് യുക്മ വള്ളംകളി അറിയിച്ചു കൊണ്ടുള്ള ഫ്ലക്സും, ബോർഡും അന്നേ ദിവസം സ്ഥാപിച്ചു.

ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ ചുമതലയേറ്റ യുക്മ ദേശീയ സമിതിയുടെ ആദ്യത്തെ പരിപാടി എന്ന നിലയിൽ വള്ളംകളി മത്സരം വിജയപിക്കുവാൻ വലിയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. വള്ളംകളിക്ക് നേതൃത്വം കൊടുക്കുന്ന വിവിധ കമ്മിറ്റികൾ നിരന്തരം കൂടിയാലോചിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ വർഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരൻമാരും പരിപാടികൾ അവതരിപ്പിക്കും.

മനോജ് കുമാർ പിള്ള നേതൃത്വം കൊടുത്ത കഴിഞ്ഞ ദേശീയ സമിതി വള്ളംകളിയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ആഗസ്റ്റ് 27ന് (27/8/22) ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിലാണ് ഇത്തവണയും വള്ളംകളി നടക്കുന്നത്. കോവിഡിന് മുൻപ് 2019 – ൽ നടന്ന അവസാന വള്ളംകളി മത്സരവും പ്രകൃതി മനോഹരവും കൂടുതൽ സൗകര്യപ്രദവുമായ മാൻവേഴ്സ് തടാകത്തിൽ തന്നെയായിരുന്നു.

കാണികളായി ഈ വർഷം കൂടുതൽ പേർ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി – 2022 ൻ്റെ ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ അറിയിച്ചു. യുക്മ ദേശീയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിൻ്റെ ചുമതല നാഷണൽ വൈസ് പ്രസിഡൻ്റ് ഷീജാേ വർഗീസിനായിരിക്കും. അവസാന വർഷം വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകൾ കാണികളായി എത്തിച്ചേർന്നിരുന്നു. ഇപ്രാവശ്യം പതിനായിരത്തോളം പേരെങ്കിലും വള്ളംകളി കാണുന്നതിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാർണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്ളാദിച്ചുല്ലസിക്കുവാൻ വേണ്ടി നിരവധി അസോസിയേഷനുകളും മറ്റ് സംഘടനകളും ഏകദിന വിനോദയാത്രകൾ മാൻവേഴ്സ് തടാകത്തിലേക്ക് സംഘടിപ്പിക്കുകയാണ്.

മാൻവേഴ്സ് തടാകവും അനുബന്ധ പാർക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിൻ്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ് ഭക്ഷണശാലകൾ എന്നിവ ചുറ്റുമുള്ള പുൽത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരവുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകൾക്കും, കോച്ചുകൾക്ക് പ്രത്യേകവും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സര ദിവസം ഒരുക്കുന്നത്.

“യുക്മ കേരളാ പൂരം വള്ളംകളി – 2022” മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് മാൻവേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.

യുക്മ കേരളപൂരം വള്ളംകളി – 2022 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-

ഡോ.ബിജു പെരിങ്ങത്തറ – 07904785565
കുര്യൻ ജോർജ് – 07877348602
എബി സെബാസ്റ്റ്യൻ – 07702862186

വള്ളംകളി നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-

Manvers Waterfront Boat Club
Station Road, Wath-upon-Dearne, Rotherham,
South Yorkshire,
S63 7DG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.