1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2023

അലക്സ് വർഗീസ് (യുക്‌മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് സെലിബ്രിറ്റി ഗസ്റ്റായി, ‘ഹൃദയം’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച കല്ല്യാണി പ്രിയദർശനെത്തുന്നു. ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ യുക്‌മ കേരളപൂരം 2023 ന് ആവേശം പകരാൻ ജോജു ജോർജ്ജിനും ചെമ്പൻ വിനോദ് ജോസിനുമൊപ്പം കല്ല്യാണി പ്രിയദർശനുമെത്തുന്നത് വള്ളംകളി പ്രേമികളുടെ ആവേശം വാനോളമുയർത്തും.

വളരെ കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യൻ സിനിമ ലോകത്തെ താരറാണിയായി മാറിക്കഴിഞ്ഞ കല്ല്യാണി, സുപ്രസിദ്ധ സംവിധായകൻ പ്രിയദർശന്റെയും മലയാളത്തിന്റെ പ്രശസ്ത നടി ലിസിയുടെയും മകളാണ്. 2017 ൽ പുറത്തിറങ്ങിയ ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന കല്ല്യാണി തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ നല്ല നടിക്കുള്ള ഫിലിം ഫെയർ അവാർഡ്, സൌത്ത് ഇൻഡ്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, സീ ടി വി തെലുങ്ക് അപ്സര അവാർഡ് എന്നിവ കരസ്ഥമാക്കി. തുടർന്ന് ‘ചിത്രലഹരി’, ‘രണരംഗം’ എന്നീ തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച കല്ല്യാണി 2019 ൽ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ‘പുത്തം പുതു കാലൈ’, ‘മാനാട്’ എന്നീ പ്രശസ്ത തമിഴ് ചിത്രങ്ങളിലൂടെ കല്ല്യാണി തമിഴ് സിനിമ പ്രേമികളുടെയും പ്രിയ നായികയായി മാറി.

2020 ൽ പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ നിഖിതയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കല്ല്യാണി ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ട നായികയായി മാറി. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ നല്ല നടിക്കുള്ള സൌത്ത് ഇൻഡ്യൻ ഇൻറർനാഷണൽ മൂവി അവാർഡ് രണ്ടാം തവണയും കല്യാണിയെ തേടിയെത്തി. തുടർന്ന് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചരിത്ര സിനിമയിലെ ആയിഷയുടെ വേഷം അതിമനോഹരമാക്കി. 2022 ൽ പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ നിത്യയെന്ന കഥാപാത്രം കല്ല്യാണിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറി. 2022 ൽ തന്നെ ‘ബ്രോ ഡാഡി’, ‘തല്ലുമാല’ എന്നീ ഹിറ്റ് ചിത്രങ്ങളിലും തന്റെ അനിതര സാധാരണമായ അഭിനയം കല്ല്യാണി കാഴ്ച വെച്ചു.

ഐൻസ്റ്റീൻ മീഡിയ ബാനറിനു കീഴിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ‘ആന്റണി’ യാണ് കല്ല്യാണിയുടെ അടുത്ത ചിത്രം. കല്ല്യാണിയോടൊപ്പം ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്ന, സൂപ്പർ സംവിധായകൻ ജോഷി അണിയിച്ചൊരുക്കുന്ന ‘ആന്റണി’ മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. മലയാള സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളായ കല്ല്യാണി പ്രിയദർശൻ, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ് എന്നിവരുടെ സാന്നിദ്ധ്യത്തോടൊപ്പം വള്ളംകളിയുടെ ആവേശവും കേരളീയ കലകളുടെ മനോഹരങ്ങളായ ദൃശ്യാവിഷ്ക്കാരങ്ങളും കൂടി ചേരുമ്പോൾ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി ഒരു അവിസ്മരണീയ ആഘോഷമായി മാറുകയാണ്.

യുക്മ കേരളപൂരം വള്ളംകളി – 2023 ന്റെ പ്രധാന സ്പോൺസേഴ്സ് ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, പോൾ ജോൺ സോളിസിറ്റേഴ്സ്, മലബാർ ഗോൾഡ്, മുത്തൂറ്റ് ഫിനാൻസ്, എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ്, എസ്.ബി.ഐ യു കെ, ജി.കെ ടെലികോം ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ്, റിലീസിനൊരുങ്ങുന്ന മലയാള ചിത്രം ‘ആന്റണി’ എന്നിവരാണ്.

മലയാള സിനിമയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.