1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2023

യുക്‌മ കേരളപൂരം വള്ളംകളി 2023 ന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ വള്ളംകളിയിൽ പങ്കെടുക്കുന്ന 26 ടീമുകളും കഠിന പരിശീലനത്തിന്റെ തിരക്കിലാണ്. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുമ്പോൾ, യുക്മ ട്രോഫിയിൽ മുത്തമിടുന്നത് പുതിയ അവകാശികളാകും എന്ന കാര്യം ഉറപ്പായി കഴിഞ്ഞു. ആദ്യ തവണ ചാമ്പ്യൻമാരായ വൂസ്റ്റർ തെമ്മാടീസും 2, 3, 4 തവണകളിൽ തുടർച്ചയായി ചാമ്പ്യൻമാരായ ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂളും ഇത്തവണ മത്സര രംഗത്തില്ല. ഇത്തവണ 9 ഹീറ്റ്സുകളിലായി മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത് 26 ടീമുകളാണ്.

മത്സര വള്ളംകളിയിൽ ബോട്ട് ക്ളബ്ബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ ചുണ്ടൻ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കാനിറങ്ങുന്നത്.

ആദ്യ റൌണ്ടിൽ 9 ഹീറ്റ്സുകളിലായി 26 വള്ളങ്ങളാണ് മത്സരിക്കുന്നത്. 8 ഹീറ്റ്സുകളിൽ 3 ടീമുകൾ വീതവും അവശേഷിക്കുന്ന ഒരു ഹീറ്റ്സിൽ 2 വള്ളങ്ങളും മത്സരിക്കും. ഓരോ ഹീറ്റ്സിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ (18 ടീമുകൾ) അടുത്ത റൌണ്ടിലേക്ക് പ്രവേശിക്കും. തുടർന്ന് നടക്കുന്ന 6 മത്സരങ്ങളിൽ 3 ടീമുകൾ വീതം മത്സരിക്കുന്നതുമാണ്. രണ്ടാം റൌണ്ടിലെ 6 മത്സരങ്ങളിൽ നിന്നുള്ള ആദ്യ സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കുന്നതും തുടർന്ന് 3 ടീമുകൾ വീതം മത്സരിക്കുന്ന രണ്ട് സെമിഫൈനൽ മത്സരങ്ങളും നടക്കും. സെമിഫൈനലുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ വീതം 4 ടീമുകൾ ഫൈനലിലെത്തുന്ന വിധമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ റൌണ്ട് മുതൽ സെമിഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങളിൽ 3 ടീമുകൾ തമ്മിലും ഫൈനലിൽ 4 ടീമുകളുമായിരിക്കും മത്സരിക്കുക.

പ്രാഥമിക ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകൾ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. 1, 2, 3 ഹീറ്റ്സുകളിൽ പങ്കെടുക്കുന്ന വള്ളം, ടീമുകൾ, ബോട്ട് ക്ളബ്ബ്, ക്യാപ്റ്റൻമാർ എന്നിവ താഴെ നൽകുന്നു.

ഹീറ്റ്സ് 1:-

  1. പുതുക്കരി – യുണൈറ്റഡ് ബോട്ട് ക്ളബ്ബ്, ഷെഫീൽഡ്, രാജു ചാക്കോ.
  2. ആയാപറമ്പ്‌ – വെസ്റ്റ് യോർക്ക്ഷയർ ബോട്ട് ക്ഉബ്ബ്, വെയ്ക്ക്ഫീൽഡ്, തോമസ്‌ ജോസ്.
  3. നടുഭാഗം – ഡബ്ള്യു.എം.എ ബോട്ട് ക്ളബ്ബ്, സ്വിൻഡൻ, മെൽവിൻ മാത്യു.

വള്ളംകളിയിൽ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള കുട്ടനാട് സ്വദേശി രാജു ചാക്കോയുടെ നേതൃത്വത്തിലാണ് പുതുക്കരി വള്ളത്തിൽ യുക്മ ട്രോഫി കരസ്ഥമാക്കണമെന്ന ആഗ്രഹത്തോടെ യുണൈറ്റഡ് ബോട്ട് ക്ളബ്ബ് ഷെഫീൽഡ് മത്സരത്തിനെത്തുന്നത്. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സാണ് ടീമിന്റെ സ്പോൺസേഴ്‌സ്.

കേരളത്തിലെ മത്സര വള്ളംകളികളിൽ പല തവണ കിരീട ജേതാക്കളായ ആയാപറമ്പ് വള്ളം തുഴയാനെത്തുന്നത് വെയ്‌ക്ക്ഫീൽഡിലെ വെസ്റ്റ് യോർക്ക്ഷയർ ബോട്ട് ക്‌ളബ്ബാണ്. തറവാട് സ്പോൺസേഴ്സായിട്ടുള്ള ടീമിന്റെ ക്യാപ്റ്റൻ വള്ളംകളിയിൽ ഏറെ പരിചയ സമ്പന്നനായ തോമസ് ജോസാണ്.

WMA ബോട്ട് ക്ളബ്ബ് സ്വിൻഡൻ തുഴയുന്ന നടുഭാഗം വള്ളം ഇക്കുറി യുക്മ ട്രോഫി നേടണമെന്ന ദൃഢപ്രതിഞ്ജയിലാണ് മത്സരത്തിനിറങ്ങുന്നത്. മെൽവിൻ മാത്യു നയിക്കുന്ന ടീമിനെ സ്പോൺസർ ചെയ്യുന്നത് പോൾ ജോൺ & കോ. സോളിസിറ്റേഴ്സാണ്.

ഹീറ്റ്സ് 2:-

  1. എടത്വ – സ്കന്തോർപ് ബോട്ട് ക്‌ളബ്ബ്, സ്കന്തോർപ്, ഷൈജു പി വർഗ്ഗീസ്.
  2. മാമ്പുഴക്കരി – കെറ്ററിങ് ബോട്ട് ക്ളബ്ബ്, കെറ്ററിങ്, അരുൺ സെബാസ്റ്റ്യൻ.

ഷൈജു പി വർഗ്ഗീസ് ക്യാപ്റ്റനായുള്ള സ്കന്തോർപ് ബോട്ട് ക്ളബ്ബ് എടത്വ ചുണ്ടനിലാണ് യുക്മ ട്രോഫി വള്ളംകളിക്കെത്തുന്നത്‌. ചിട്ടയായ പരിശീലനം നടത്തുന്ന സ്കന്തോർപ് ടീം ഏറെ പ്രതീക്ഷകളയുർത്തുന്ന ടീമുകളിലൊന്നാണ്. ചാക്കോ ബിൽഡേഴ്സാണ് ടീമിന്റെ സ്പോൺസർ.

മാമ്പുഴക്കരി വള്ളത്തിൽ അരുൺ സെബാസ്റ്റ്യന്റെ ക്യാപ്റ്റൻസിയിൽ തുഴയാനെത്തുന്ന കെറ്ററിങ് ബോട്ട് ക്ളബ്ബ് എതിരാളികൾക്കൊരു പേടി സ്വപ്നമാണ്. ചിട്ടയായ പരിശീലനത്തിലൂടെ വിജയം മാത്രം ലക്ഷ്യമാക്കിയിറങ്ങുന്ന ടീമിന്റെ സ്പോൺസേഴ്സ് പോൾ ജോൺ & കോ. സോളിസിറ്റേഴ്സാണ്.

ഹീറ്റ്സ് 3:-

  1. അമ്പലപ്പുഴ – അമ്മ ബോട്ട്ക്‌ളബ്ബ്, മാൻസ്ഫീൽഡ്, ലിനു വർഗ്ഗീസ്‌.
  2. കൊടുപുന്ന – BKCA ബോട്ട് ക്ളബ്ബ്, ബാൻസ്ലി. മനു സതീശൻ.
  3. ചെറുതന – AMA ബോട്ട് ക്ളബ്ബ്, വെയിൽസ്, മിൽട്ടൺ ജോൺ.

കൃത്യമായ പരിശീലന സെഷനുകൾക്ക് ശേഷം മത്സരത്തിനെത്തുന്ന അമ്മ ബോട്ട് ക്ളബ്ബ് മാൻസ്ഫീൽഡ് തുഴയുന്ന അമ്പലപ്പുഴ വള്ളം ഇക്കുറി യുക്മ ട്രോഫിക്കെത്തുന്നത് ഏറെ പ്രതീക്ഷകളോടെയാണ്. ലിനു വർഗ്ഗീസ് ക്യാപ്റ്റനായുള്ള ടീമിന്റെ സ്പോൺസേഴ്‌സ് മുത്തൂറ്റ് ഗ്രൂപ്പാണ്.

ഏറെ പ്രശസ്തമായ കൊടുപുന്ന വള്ളം തുഴയാനെത്തുന്നത് BKCA ബോട്ട് ക്ളബ്ബ് ബാൺസ്‌ലിയാണ്. എതിരാളികൾക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാൻ തയ്യാറെടുക്കുന്ന ടീമിനെ നയിക്കുന്നത് മനു സതീശനാണ്. മുത്തൂറ്റ് ഗ്രൂപ്പാണ് ടീമിന്റെ സ്പോൺസേഴ്സ്.

യുക്മ ട്രോഫി നേടണമെന്നുള്ള ഉറച്ച തീരുമാനവുമായി എത്തുന്ന AMA ബോട്ട് ക്ളബ്ബ് വെയിൽസ് ചെറുതന വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. മിൽട്ടൺ ജോൺ ക്യാപ്റ്റനായുള്ള വള്ളം സ്പോൺസർ ചെയ്തിരിക്കുന്നത് ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡാണ്.

4, 5, 6 ഹീറ്റ്സുകളിൽ പങ്കെടുക്കുന്ന വള്ളം, ടീമുകൾ, ബോട്ട് ക്ളബ്ബ്, ക്യാപ്റ്റൻമാർ എന്നിവ താഴെ നൽകുന്നു.

ഹീറ്റ്സ് 4:-

  1. കാവാലം – BMA കൊമ്പൻസ് ബോട്ട് ക്ളബ്ബ്, ബോൾട്ടൻ, മോനിച്ചൻ കിഴക്കേച്ചിറ.
  2. ആനാരി – ആന്റണി ബോട്ട് ക്‌ളബ്ബ്, വാറിംഗ്ടൻ, ജോജോ ജോസഫ്.
  3. പായിപ്പാട് – ലയൺ കിങ്ങ്സ് ബോട്ട് ക്ളബ്ബ്, റോച്ഡെയ്‌ൽ, ജിമ്മി ബാബു.

മോനിച്ചൻ കിഴക്കേച്ചിറ (ആന്റണി ചാക്കോ) ക്യാപ്റ്റനായുള്ള BMA കൊമ്പൻസ് ബോട്ട് ക്ളബ്ബ് ബോൾട്ടൺ കാവാലം വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. 2022 ലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഫൈനലിലെത്തി എതിരാളികളെ വിറപ്പിച്ച ടീം ഇക്കുറി യുക്മ ട്രോഫി നേടണമെന്ന ദൃഢനിശ്ചയത്തിലാണ്. ജെജെ കെയർ സർവ്വീസാണ് ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത്.

ചരിത്രപ്രസിദ്ധമായ ആനാരി വള്ളത്തിൽ ഇക്കുറി മത്സരിക്കാനെത്തുന്നത് ആന്റണി ബോട്ട് ക്ളബ്ബ് വാറിംഗ്ടണിന്റെ ചുണക്കുട്ടികളാണ്. ജോജോ ജോസഫ് ക്യാപ്റ്റനായുള്ള ടീമിന്റെ സ്പോൺസേഴ്സ് ജോഷി സംവിധാനം ചെയ്ത മലയാള ചിത്രം ആന്റണിയാണ്.

യുക്മ ട്രോഫി വള്ളംകളിയിൽ നവാഗതരായ ലയൺസ് കിങ് ബോട്ട് ക്ളബ്ബ് റോച്ച്ഡെയിൽ തുഴയുന്നത് പായിപ്പാട് വള്ളമാണ്. ജിമ്മി ബാബു ക്യാപ്റ്റനായുള്ള ടീം ചിട്ടയായ പരിശീലനത്തിലാണ്. പോൾ ജോൺ & കോ സോളിസിറ്റേഴ്സാണ് ടീമിന്റെ സ്പോൺസേഴ്സ്.

ഹീറ്റ്സ് 5:-

  1. പുളിങ്കുന്ന് – SMA ബോട്ട് ക്ളബ്ബ്, സാൽഫോർഡ്, മാത്യു ചാക്കോ.
  2. പുന്നമട – BCMC ബോട്ട് ക്ളബ്ബ്, ബർമിംങ്ഹാം, സിറോഷ് ഫ്രാൻസിസ്.
  3. വേമ്പനാട് – കെയർവെൽ ഫൌണ്ടേഷൻ ബോട്ട് ക്ളബ്ബ്, ബർമിംങ്ഹാം, ദീപക് തോമസ്.

കഴിഞ്ഞ വർഷങ്ങളിൽ ചാമ്പ്യൻമാരെ വിറപ്പിക്കുവാൻ പോന്ന പ്രകടനം കാഴ്ച വെച്ച SMA ബോട്ട് ക്ളബ്ബ്, സാൽഫോർഡ്‌ ഇത്തവണയും പുളിങ്കുന്ന് വള്ളത്തിലാണ് മത്സരിക്കുവാൻ ഇറങ്ങുന്നത്. കുട്ടനാട് സ്വദേശിയായ മാത്യു ചാക്കോ ക്യാപ്റ്റനായുള്ള ടീമിന്റെ സ്പോൺസേഴ്‌സ് ഏലൂർ കൺസൽറ്റൻസിയാണ്.

സിറോഷ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പുന്നമട വള്ളത്തിൽ മത്സരിക്കുവാനെത്തുന്ന
BCMC ബോട്ട് ക്ളബ്ബ്, ബർമിംഗ്ഹാം തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇത്തവണ ഇറങ്ങുന്നത്. എൻവെർട്ടിസ് കൺസൽറ്റൻസിയാണ് ടീമിന്റെ സ്പോൺസേഴ്സ്.

യുക്മ ട്രോഫി വള്ളംകളിയിൽ നവാഗതരായ കെയർവെൽ ഫൌണ്ടേഷൻ ബോട്ട് ക്ളബ്ബ്, ബർമിംഗ്ഹാം ദീപക് തോമസിന്റെ ക്യാപ്റ്റൻസിയിലാണ് മത്സരത്തിനിറങ്ങുന്നത്. ചിട്ടയായ പരിശീലനത്തിന് ശേഷം മത്സരത്തിനെത്തുന്ന ടീമിന്റെ സ്‌പോൺസേഴ്‌സ് ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡാണ്.

ഹീറ്റ്സ് 6:-

  1. കുമരകം – റോയൽ 20 ബോട്ട് ക്ളബ്ബ്, ബർമിംങ്ഹാം, ബെന്നി മാവേലിൽ.
  2. കരുവാറ്റ – ശ്രീ വിനായക ബോട്ട് ക്ളബ്ബ്, ജഗദീഷ്‌ നായർ.
  3. കൈനകരി – GMA ബോട്ട് ക്ളബ്ബ്, ഗ്ലോസ്റ്റർഷയർ, ബിസ്പോൾ മണവാളൻ.

ബെന്നി മാവേലി ക്യാപ്റ്റനായുള്ള റോയൽ – 20 ബോട്ട് ക്ളബ്ബ്, ബർമിംഗ്ഹാം മത്സരത്തിനെത്തുന്നത് കുമരകം വള്ളത്തിലാണ്. കഠിനമായ പരിശീലനത്തിലൂടെ നേടിയ കരുത്തുമായെത്തുന്ന ടീമിന്റെ സ്പോൺസേഴ്സ് നിയോസോൺ കെയർ സൊലൂഷൻസാണ്.

വള്ളംകളിയിൽ ഏറെ പരിചയ സമ്പന്നനായ ജഗദീഷ് നായർ നയിക്കുന്ന ശ്രീവിനായക ബോട്ട് ക്ളബ്ബ് ഇത്തവണയും മത്സരത്തിനെത്തുന്നത് കരുവാറ്റ വള്ളത്തിലാണ്. മുത്തൂറ്റ് ഗ്രൂപ്പാണ് ടീമിന്റെ സ്പോൺസേഴ്‌സ്.

ചിട്ടയായ പരിശീലനത്തിലൂടെ തികഞ്ഞ വിജയ പ്രതീക്ഷയുമായി എത്തുന്ന ഗ്ളോസ്റ്റർ മലയാളി അസ്സോസ്സിയേഷന്റെ ചുണക്കുട്ടികൾ കൈനകരി വള്ളത്തിലാണ്‌ ഇത്തവണയും മത്സരിക്കുന്നത്. ബിസ്പോൾ മണവാളൻ നയിക്കുന്ന ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് YONO SBI UK യാണ്.

7, 8, 9 ഹീറ്റ്സുകളിൽ പങ്കെടുക്കുന്ന വള്ളം, ടീമുകൾ, ബോട്ട് ക്ളബ്ബ്, ക്യാപ്റ്റൻമാർ എന്നിവ താഴെ നൽകുന്നു.

ഹീറ്റ്സ് 7:-

  1. രാമങ്കരി – WMA ബോട്ട് ക്ളബ്ബ്, വിഗൻ, ബിനോജ് ചിറത്തറ.
  2. തായങ്കരി – BMA ബോട്ട് ക്ളബ്ബ്, ബസ്സറ്റ്ലോ, ജോയിച്ചൻ തായങ്കരി.
  3. കുമരങ്കരി – സാലിസ്ബറി ബോട്ട് ക്ളബ്ബ്, സാലിസ്ബറി, ഷാൽ പങ്കേത്.

ബിനോജ് ചിറത്തറയുടെ ക്യാപ്റ്റൻസിയിൽ രാമങ്കരി വള്ളത്തിൽ മത്സരിക്കാനെത്തുന്ന WMA ബോട്ട് ക്ളബ്ബ്, വിഗൻ കിരീടനേട്ടം മാത്രം ലക്ഷ്യമിട്ടാണ് മത്സരത്തിനിറങ്ങുന്നത്. ചിട്ടയായ പരിശീലനങ്ങൾക്ക് ശേഷം മത്സരത്തിനൊരുങ്ങുന്ന ടീമിനെ സ്പോൺസർ ചെയ്യുന്നത് സേവ്യേഴ്സ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൌണ്ടന്റ്സ് ആന്റ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സ് ആണ്.

തായങ്കരി വള്ളത്തിൽ തുഴയാനെത്തുന്ന BMA ബോട്ട് ക്ളബ്ബ്, ബസ്സറ്റ്ലോ യുക്മ ട്രോഫി വള്ളംകളിയിൽ നവാഗതരാണ്. ജോയിച്ചൻ തായങ്കരി ക്യാപ്റ്റനായുള്ള ടീമിന്റെ സ്പോൺസേഴ്‌സ് മുത്തൂറ്റ് ഗ്രൂപ്പാണ്.

ഇത്തവണ വിജയം തങ്ങളുടേതാണെന്ന ദൃഢനിശ്ചയത്തിൽ കുമരങ്കരി വള്ളത്തിൽ മത്സരത്തിന് ഇറങ്ങുന്ന സാലിസ്ബറി ബോട്ട് ക്ളബ്ബിനെ നയിക്കുന്നത് ഷാൽമോൻ പങ്കേത് ആണ്. കർശനമായ പരിശീലനത്തിന് ശേഷം മത്സരത്തിനെത്തുന്ന ടീമിനെ സ്പോൺസർ ചെയ്യുന്നത് പോൾ ജോൺ & കോ സോളിസിറ്റേഴ്സാണ്.

ഹീറ്റ്സ് 8:-

  1. കാരിച്ചാൽ – സെവൻ സ്റ്റാർസ് ബോട്ട് ക്ളബ്ബ്, കവന്ററി, ബാബു അബ്രാഹം കളപ്പുരക്കൽ.
  2. നെടുമുടി – റോഥർഹാം ബോട്ട് ക്ളബ്ബ്, റോഥർഹാം, ജസ്റ്റിൻ അബ്രാഹം.
  3. ചമ്പക്കുളം – WAM ബോട്ട് ക്ളബ്ബ്, വെഡ്നസ്ഫീൽഡ്, ജേക്കബ് പൊന്നൂസ്.

യുക്മ ട്രോഫി വള്ളംകളിയുടെ ആദ്യ വർഷം മുതൽ ശക്തമായ മത്സരം കാഴ്ച വെക്കുന്ന സെവൻ സ്റ്റാർസ്, കവൻട്രി ഇത്തവണ കാരിച്ചാൽ വള്ളത്തിൽ തുഴയാനെത്തുന്നത് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ബാബു അബ്രാഹം കളപ്പുരക്കൽ നയിക്കുന്ന ടീമിന്റെ സ്പോൺസേഴ്‌സ് ലൈഫ്‌ ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡാണ്.

നെടുമുടി വള്ളത്തിൽ മത്സരിക്കാനിറങ്ങുന്ന റോഥർഹാം ബോട്ട് ക്ളബ്ബ്, മത്സരവള്ളംകളി നടക്കുന്ന മാൻവേഴ്സ് തടാകത്തിന്റെ ഏറ്റവും അടുത്തുള്ള ടീമാണ്. ജസ്റ്റിൻ അബ്രാഹം ക്യാപ്റ്റനായുള്ള ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡാണ്.

WAM ബോട്ട് ക്ളബ്ബ്, വെഡ്നസ്ഫീൽഡ് ഏറെ പ്രശസ്തമായ ചമ്പക്കുളം വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. കൃത്യമായ പരിശീലന പരിപാടികളിലൂടെ മത്സരത്തിനെത്തുന്ന ടീമിനെ നയിക്കുന്നത് ജേക്കബ് പൊന്നൂസാണ്. Y0N0 SBI UK യാണ് ടീമിന്റെ സ്പോൺസേഴ്സ്.

ഹീറ്റ്സ് 9:-

  1. കിടങ്ങറ – NMCA ബോട്ട് ക്ളബ്ബ്, നോട്ടിംഗ്ഹാം, സാവിയോ ജോസ്.
  2. കായിപ്രം – നനീട്ടൺ ബോട്ട് ക്ളബ്ബ്, നനീട്ടൺ, സജീവ് സെബാസ്റ്റ്യൻ.
  3. വെള്ളംകുളങ്ങര – B&H ബോട്ട് ക്‌ളബ്ബ്, ഹെയ്വാർഡ്സ്ഹീത്ത്, ബിജു പോത്താനിക്കാട്.

യുക്‌മ ട്രോഫി വള്ളംകളിയിൽ ശക്തമായ സാന്നിദ്ധ്യം തെളിയിച്ചിട്ടുള്ള NMCA ബോട്ട് ക്ളബ്ബ്, നോട്ടിംഗ്ഹാം ഇത്തവണയും കിടങ്ങറ വള്ളത്തിലാണ് മത്സരിക്കാനെത്തുന്നത്. സാവിയോ ജോസ് നായകനായെത്തുന്ന ടീമിന്റെ സ്പോൺസേഷ്സ് ആക്സിഡന്റ് സൊലൂഷൻസാണ്.

സജീവ് സെബാസ്റ്റ്യൻ ക്യാപ്റ്റനായി ഇറങ്ങുന്ന നനീറ്റൻ ബോട്ട് ക്ളബ്ബ് മത്സരത്തിനെത്തുന്നത് കായിപ്രം വള്ളത്തിലാണ്. ഏറെ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങുന്ന ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് GK Telecom Ltd ലണ്ടനാണ്.

ഏറെ പ്രശസ്‌തമായ വെള്ളംകുളങ്ങര വള്ളത്തിൽ മത്സരത്തിനിറങ്ങുന്നത് B&H ബോട്ട് ക്ളബ്ബ്‌, ഹേയ് വാർഡ്സ് ഹീത്താണ്. ബിജു പോത്താനിക്കാട് ക്യാപ്റ്റനായി ഇറങ്ങുന്ന ടീമിനെ സ്പോൺസർ ചെയ്യുന്നത് മലബാർ ഗോൾഡ് & ഡയമണ്ട്സാണ്.

യുക്മ കേരളപൂരം വള്ളംകളി – 2023 ന്റെ പ്രധാന സ്പോൺസേഴ്സ് ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, പോൾ ജോൺ സോളിസിറ്റേഴ്സ്, മലബാർ ഗോൾഡ്, മുത്തൂറ്റ് ഫിനാൻസ്, എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ്, എസ്.ബി.ഐ യു കെ, ജി.കെ ടെലികോം ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ്, റിലീസിനൊരുങ്ങുന്ന മലയാള ചിത്രം ‘ആന്റണി’ എന്നിവരാണ്.

മലയാള സിനിമയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.