1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2023

അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ‘ടെക് ട്രാവൽ ഈറ്റ്’ എന്ന യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയങ്കരനായി മാറിയ വ്ളോഗർ സുജിത് ഭക്തൻ അഞ്ചാമത് യുക്‌മ കേരളപൂരം വള്ളംകളിക്ക് സ്പെഷ്യൽ ഗസ്റ്റായി എത്തുന്നു. മലയാളികളുടെ ഇഷ്ട താരങ്ങളായ കല്ല്യാണി പ്രിയദർശൻ, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ് എന്നിവരോടൊപ്പം സുജിത് ഭക്തനും ചേരുന്നതോടെ വള്ളംകളി വേദി നക്ഷത്രശോഭയിൽ തിളങ്ങും.

2.2 ദശലക്ഷത്തിലേറെ യുട്യൂബ് വരിക്കാരുള്ള സുജിത് ഭക്തൻ മറ്റ് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലും ഏറെ പ്രശസ്തനാണ്. 2016 മുതൽ യുട്യൂബിൽ ‘ടെക് ട്രാവൽ ഈറ്റ്’ എന്ന പേരിൽ വീഡിയോകൾ ചെയ്ത് തുടങ്ങിയ ഈ എഞ്ചിനീയറിംഗ് ബിരുദധാരിയുടെ വളർച്ച അതിവേഗമായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ലിങ്ക്എഡിൻ തുടങ്ങിയ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ സുജിത്തിനെ പിന്തുടരുന്ന ദശലക്ഷക്കണക്കിന് ആളുകളിൽ പ്രശസ്തരായ സിനിമ താരങ്ങളോടൊപ്പം പ്രമുഖരായ രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും ഉൾപ്പെടും. അമിതാഭ് ബച്ചൻ, രൺധീർ കപൂർ, മാധുരി ദീക്ഷിത്, ദീപിക പദുക്കോൺ തുടങ്ങിയ പ്രമുഖ സിനിമ താരങ്ങളുടെ പ്രശംസകൾ ഏറ്റു വാങ്ങിയ സുജിത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയാണ്.

മുപ്പത്തിയഞ്ചിലേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള സുജിത് അവിടങ്ങളിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചെടുത്ത വീഡിയോകൾ ഏറെ ശ്രദ്ധയാകർഷിച്ചവയാണ്. ആരെയും ആകർഷിക്കുന്ന മനോഹരമായ സംസാരശൈലിയാണ് സുജിതിന്റെ വിജയത്തിന്‌ പിന്നിലെ ഒരു കാരണം. താൻ സംസാരിക്കുന്ന വിഷയത്തെ പറ്റിയുള്ള കൃത്യമായ അറിവും ആധികാരികതയും സുജിതിനെ പിന്തുടരാൻ ഏറെ ആളുകളെ പ്രേരിപ്പിച്ചു.

യുട്യൂബിൽ അപ് ലോഡ് ചെയ്ത 1800 ലധികം വീഡിയോകളിലൂടെ കേരളത്തിലെ ഏറ്റവും പ്രശസ്തരായ യുട്യൂബ് സെലിബ്രിറ്റികളിൽ ഒരാളായി മാറിയ സുജിത് ഭക്തന്റെ സാന്നിദ്ധ്യം വള്ളംകളി പ്രേമികൾക്ക് കൂടുതൽ ആവേശം പകരുന്ന ഒന്നായി മാറുകയാണ്.

യുക്മ കേരളപൂരം വള്ളംകളി – 2023 ന്റെ പ്രധാന സ്പോൺസേഴ്സ് ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, പോൾ ജോൺ സോളിസിറ്റേഴ്സ്, മലബാർ ഗോൾഡ്, മുത്തൂറ്റ് ഫിനാൻസ്, എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ്, എസ്.ബി.ഐ യു കെ, ജി.കെ ടെലികോം ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ്, റിലീസിനൊരുങ്ങുന്ന മലയാള ചിത്രം ‘ആന്റണി’ എന്നിവരാണ്.

മലയാള സിനിമയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.