1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2022

അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ലയ്സൺ ഓഫീസറായി മുൻ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ളയെ നിയമിക്കാൻ യുക്മ ദേശീയസമിതി യോഗം തീരുമാനിച്ചു. യുക്മയെ യുകെയിലെയും, ഭാരതത്തിലേയും സർക്കാരുകളുമായും മറ്റ് ഒദ്യോഗിക സംവിധാനങ്ങളെയും ഏകോപ്പിക്കുന്നതുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് മനോജ് കുമാര്‍ പിള്ളയ്ക്ക് ദേശീയ സമിതി നൽകിയിരിക്കുന്നത്. ഇതാദ്യമാണ് യുക്മയ്ക്ക് ലെയ്സൺ ഓഫീസറെ നിയമിച്ചിരിക്കുന്നത്.

സ്ഥാനമൊഴിഞ്ഞ യുക്മ പ്രസിഡൻ്റായ മനോജ് കുമാര്‍ പിള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ പ്രതിനിധിയാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം യുക്മ ദേശീയ തലത്തിലും സൗത്ത് റീജിയണിലും സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളിലെയും നിറസാന്നിധ്യമായ മനോജ് കലാമേള, കായികമേള, ഫാമിലി ഫെസ്റ്റ്, വള്ളംകളി പോലെയുള്ള യുക്മയുടെ എല്ലാ പ്രധാനപരിപാടികൾക്കു പിന്നിലും സജീവ സാന്നിധ്യമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) മുൻ പ്രസിഡന്റാണ്. ഡി.കെ.സി യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നാണ്. നിരവധി തവണ റീജണല്‍ കലാമേള ചാമ്പ്യന്മാരും നാഷണല്‍ കലാമേളയിലെ മുന്‍നിരപോരാളികളും.
യുക്മ രൂപീകൃതമായതിനു ശേഷം റെഡ്ഡിങില്‍ നടന്ന ആദ്യ റീജിയണല്‍ രൂപീകരണ യോഗത്തില്‍ യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മനോജ് തുടക്കം കുറിയ്ക്കുന്നത്. യുക്മയില്‍ നടപ്പിലാക്കിയ എല്ലാ പ്രധാന പരിപാടികള്‍ക്കും തുടക്കം കുറിയ്ക്കപ്പെട്ടത്ത് അക്കാലത്ത് സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ഇന്ന് അറുന്നൂറോളും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ആഗോളതലത്തില്‍ യുക്മയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ദേശീയ കലാമേളയുടെ തുടക്കവും സൗത്ത് റീജിയണില്‍ നിന്നായിരുന്നു.

ആദ്യമായി യു.കെയില്‍ കലാമേള നടത്തിയ സൗത്ത് റീജിയന്റെ ചുവട് പിടിച്ചാണ് മറ്റ് റീജിയണുകളും ഈ രംഗത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. 2010ല്‍ പ്രഥമ ദേശീയ കലാമേള സൗത്ത് റീജിയണിലെ ബ്രിസ്റ്റോളില്‍ വച്ചാണ് നടത്തപ്പെട്ടത്. തുടക്കത്തിന്റെ പരിഭ്രമം ഒന്നുമില്ലാതെ തന്നെ കായികമേള, കരിയര്‍ ഗൈഡന്‍സ് തുടങ്ങി ഒട്ടനവധി പരിപാടികളാണ് അക്കാലത്ത് സൗത്ത് റീജിയണില്‍ സംഘടിപ്പിക്കപ്പെട്ടത്. പൊതുപ്രവര്‍ത്തനം നടത്തുന്നതിന് തുടര്‍ച്ചയായി സ്ഥാനങ്ങളിലിരിക്കാതെയും സാധിക്കുമെന്ന് തെളിയിച്ച് രണ്ട് ടേം ഭാരവാഹിയാവാതെ തന്നെ യുക്മയില്‍ സജീവമായി പ്രവര്‍ത്തിച്ച മനോജ് 2015ലാണ് പിന്നീട് റീജിയണല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. യുക്മ സാംസ്ക്കാരിക വേദിയുടെ ജനറല്‍ കണ്‍വീനര്‍ എന്ന സ്ഥാനവും വഹിച്ചിട്ടുണ്ട്.

യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ “ഡോര്‍സെറ്റ് ഇന്ത്യന്‍ മേള”യുടെ മുഖ്യസംഘാടകനാണ് മനോജ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മ നേതൃത്വം നല്‍കുന്ന ഈ പരിപാടിയില്‍ മലയാളി സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് മനോജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. ഭാര്യ ജലജ മനോജ്. മൂന്ന് കുട്ടികൾ.

യുക്മ ലെയ്സൺ ഓഫീസറായി നിയമിതനായിരിക്കുന്ന മനോജ്കുമാർ പിള്ളയെ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് തുടങ്ങിയവർ അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.