1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യശഃശരീരനായ സംഗീത ചക്രവർത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെർച്വൽ നഗറിൽ ഇന്ന്, ഡിസംബർ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ മേള പ്രവാസ ലോകത്തിന് വേറിട്ട അനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

തൃശ്ശൂർ പൂരത്തിലെ കേളികേട്ട ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തങ്ങളായ നിരവധി ഉത്സവങ്ങൾക്ക് മേള പ്രമാണിയായ പ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാർ ആണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടകൻ. മേളപ്പെരുക്കങ്ങളുടെ തമ്പുരാനായ ശ്രീ പെരുവനം കുട്ടൻ മാരാർ 2011 ൽ പത്മശ്രീ അവാർഡിന് സമ്മാനിതനാകുകവഴി ഒരു രാഷ്ട്രത്തിന്റെ മുഴുവൻ ആദരവ് ഏറ്റുവാങ്ങിയ ഗുരുതുല്യനായ കലാകാരനാണ്.

യു കെ സമയം രാവിലെ പതിനൊന്ന് മണിക്കാണ് (ഇന്ത്യൻ സമയം വൈകുന്നേരം 4:30) ദേശീയ കലാമേളയുടെ ഉദ്ഘാടനം നടക്കുക. യു കെ യിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമായ മഞ്ജു സുനിൽ അവതരിപ്പിക്കുന്ന രംഗപൂജയോട് കൂടെ ഉദ്ഘാടന പരിപാടികൾ സമാരംഭിക്കും. സൂര്യ ടി വി യിലൂടെ അവതാരകയായി ശ്രദ്ധേയയായ യു കെ യിലെ അറിയപ്പെടുന്ന നർത്തകിയും അവതാരകയുമായ ദീപ നായർ ആണ് അവതരണത്തിന്റെ മികവുമായി ദേശീയ കലാമേളയ്ക്ക് മിഴിവേകാൻ എത്തുന്നത്.

ഡിസംബർ 12 മുതൽ 19 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന രീതിയിലാണ് യുക്മ ദേശീയ കലാമേള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് മേളയിൽ മാറ്റുരക്കുന്നത്.

കലാമേള ഉദ്ഘാടന വേദിയിൽ യുക്മ കലണ്ടർ 2021 ന്റെ പ്രകാശനവും നടക്കുന്നതാണ്. 2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന പുതുമയാർന്ന ഒരു സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഇതോടൊപ്പം ഒരുക്കുന്നുണ്ട്.

ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് യുക്മ നടത്തിയ യു – ഗ്രാന്റ് ലോട്ടറിയുടെ സ്വർണ്ണനാണയ ജേതാക്കൾക്കുള്ള സമ്മാനദാനവും ദേശീയ കലാമേള ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്. മുൻ വർഷങ്ങളിലേതുപോലെതന്നെ, യുക്മ യു ഗ്രാൻറ് ലോട്ടറിയുടെ എല്ലാ സമ്മാനങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത് യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ്.

വെർച്വൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള നിങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, അതിനെ സഹർഷം ഏറ്റെടുക്കണമെന്നും മത്സരാർത്ഥികളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കലാമേള കോർഡിനേറ്റർ അഡ്വ എബി സെബാസ്റ്റ്യൻ, കൺവീനർമാരായ ലിറ്റി ജിജോ, സാജൻ സത്യൻ എന്നിവർ അഭ്യർത്ഥിക്കുന്നു.

Please tune in our Facebook page UUKMA at 11:00 am GMT (4:30 pm IST) TODAY – Saturday 12th December 2020 for the most spectacular inaugural ceremony of UUKMA National Kalamela

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.