1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പ്രതീക്ഷകളുടെ പുതുവർഷത്തെ എതിരേൽക്കാൻ യുക്മ ഒരുങ്ങുകയാണ്. 2021 ജനുവരി രണ്ട് ശനിയാഴ്ച രണ്ട് മണിക്ക് UUKMA ഫേസ്ബുക്ക് പേജിൽ പുതുവത്സരാഘോഷ പരിപാടികൾ സമാരംഭിക്കും. പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവർഷാഘോഷ വേദിയിൽ പ്രഖ്യാപിക്കുന്നതാണ്.

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ ശ്രീ. പെരുമ്പടവം ശ്രീധരൻ ആയിരിക്കും യുക്മ പുതുവത്സര ആഘോഷ പരിപാടികളിലെ വിശിഷ്ടാതിഥി. “ഒരു സങ്കീർത്തനം പോലെ” എന്ന ഒരൊറ്റ നോവലിലൂടെ വായനക്കാരുടെ മനസിൽ ഇടംനേടിയ പെരുമ്പടവം ശ്രീധരൻ കേരളാ സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് ഉൾപ്പടെ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. കാൽ നൂറ്റാണ്ടിനിടെ 100 പതിപ്പുകളിലായി രണ്ടുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ചാണ് “ഒരു സങ്കീർത്തനം പോലെ” മലയാള നോവൽ ചരിത്രത്തിൽ ഇടംനേടിയത്.

ഒരു സങ്കീര്‍ത്തനം പോലെ, അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, ഒറ്റച്ചിലമ്പ്, അര്‍ക്കവും ഇളവെയിലും, ആരണ്യഗീതം, കാല്‍വരിയിലേക്ക് വീണ്ടും, ഇടത്താവളം, മേഘച്ഛായ, ഏഴാം വാതില്‍, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം, തേവാരം, പകല്‍പൂരം, ഇലത്തുമ്പുകളിലെ മഴ, ഹൃദയരേഖ, അസ്തമയത്തിന്റെ കടല്‍, പിന്നെയും പൂക്കുന്ന കാട്, ഇരുട്ടില്‍ പറക്കുന്ന പക്ഷി, തൃഷ്ണ, സ്മൃതി, ഏഴാംവാതില്‍, തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാര്‍ പുരസ്‌കാരം എന്നിവക്ക് പുറമെ, വി ടി ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്‌കാരം, മഹാകവി ജി സ്മാരക പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, മലയാറ്റൂര്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവർഷാഘോഷ വേദിയിൽ പ്രഖ്യാപിക്കുന്നതാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ, കലാമേളയുടെ ചുമതലയുള്ള വൈസ് പ്രസിഡൻറ് ലിറ്റി ജിജോ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ എന്നിവർ അറിയിച്ചു.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ വെർച്വൽ പ്ലാറ്റ്‌ഫോമിൽ ആയിരുന്നു ഈ വർഷത്തെ യുക്മ ദേശീയ കലാമേള സംഘടിപ്പിച്ചത്. ഡിസംബർ പന്ത്രണ്ടിന് എസ് പി ബാലസുബ്രഹ്മണ്യം വെർച്വൽ നഗറിൽ സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പദ്മശ്രീ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്ത ദേശീയ കലാമേള യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ എട്ട് ദിവസങ്ങൾ നീണ്ട സംപ്രേക്ഷണത്തിലൂടെയാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്.

നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും വിവിധ സാംസ്ക്കാരിക കലാ പരിപാടികളും യുക്മയുടെ പുതുവർഷ പരിപാടികൾക്ക് മാറ്റുകൂട്ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.