1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

സ്വന്തം ലേഖകന്‍

യു കെ മലയാളികളുടെ കൂട്ടായ്മയായ യുക്മയുടെ നാഷണല്‍ കലാമേള ഇന്ന് സൌത്തെന്‍റ് ഓണ്‍ സീയില്‍ അരങ്ങേറും.യുകെയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള എണ്ണൂറോളം പ്രതിഭകള്‍ വിവിധ മല്‍സരങ്ങളില്‍ മാറ്റുരയ്ക്കും.യുക്മയുടെ രണ്ടാമത് ദേശീയ കലാമേള യുക്മയെന്ന സംഘടനയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമായ ഒന്നായി മാറിയിരിക്കുന്നു കാരണം, കഴിഞ്ഞ കലാമേളയില്‍ നിന്നും വ്യത്യസ്ഥമായി സൌത്തെന്റില്‍ നടക്കുന്ന കലാമേള പൂര്‍ണമായും കൈകാര്യം ചെയ്യുന്നത് യുക്മയാണ്. എല്ലാ കമ്മറ്റികളുടെയും പൂര്‍ണ ഉത്തരവാദിത്വം യുക്മ ഏറ്റെടുത്തിരിക്കുന്നു. പ്രോഗ്രാം കമ്മറ്റി കണ്‍വീനറായ വിജി കെ.പി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനനുസരിച്ച് സ്റ്റേജില്‍ മത്സരങ്ങള്‍ കൃത്യനിഷ്ഠയോടെ ചെയ്യുവാന്‍ സാധിച്ചാല്‍ യുക്മയ്ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളായിരിക്കും അത്.

കലാമേള വേദിയുടെ വിലാസം

Westcliff High School for Boys
Kenilworth Gardens
Westcliff-on-Sea
Essex
SS0 0BS

ആതിഥേയരായ സൌത്തെന്റ് മലയാളി അസോസിയേഷന് കലാമേളയ്ക്ക് എത്തുന്നവര്‍ക്ക് അടിസ്ഥാന സൌകര്യമൊരുക്കി കൊടുക്കുക എന്നത് മാത്രമാണ് പ്രധാനമായും ചെയ്യുവാനുള്ളത്. അതിനവര്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്നു. പ്രോഗ്രാമിലെ ഓരോ ചലനതിന്റെയും നിയന്ത്രണം യുകമയുടെ കരങ്ങളിലാണ് എന്നത് ശ്രദ്ധിക്കേണ്ട വസ്തുത തന്നെയാണ്. അതുകൊണ്ട് തന്നെ ഈ കലാമേള വിജയമാക്കെണ്ടാതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം യുക്മയ്ക്ക് തന്നെയാണ്. എല്ലാത്തിനുമുപരി ഒരു സംഘടനയെന്ന നിലയില്‍ യുകെയിലെ മലയാളി സമൂഹത്തിന് മുന്നില്‍ ഇത്തരം കാര്യങ്ങള്‍ ഭംഗിയായി ചെയ്യുവാന്‍ കെല്‍പ്പുള്ള സംഘടനയാണ് യുക്മയെന്നു തെളിയിച്ചു കൊടുക്കുവാനുള്ള സുവര്‍ണാവസരമായിട്ടാണ് യുക്മ ഈ കലാമേളയെ കാണുന്നത്.

ഈ കലാമേള യുക്മയുടെ തൊപ്പിയിലെ ഒരു പൊന്‍ തൂവലാക്കി തീര്‍ക്കുവാനുള്ള ശ്രമത്തിലാണ് ഇതിന്റെ നേതൃത്വം. അതുകൊണ്ടൊക്കെ തന്നെയാണ് കഴിഞ്ഞ തവണത്തെക്കാള്‍ വ്യത്യസ്ഥമായി ആതിഥേയര്‍ക്ക് പ്രാധാന്യം കൊടുക്കാതെ ഇത്തവണത്തെ കലാമേള യുടെ പൂര്‍ണ ഉത്തരവാദിത്വം യുക്മ ഏറ്റെടുത്തത്. ഈ കലാമേള കൃത്യമായും ഭംഗിയായും കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി വിവാദങ്ങള്‍ക്കിട നല്‍കാതെ പൂര്‍ത്തിയാക്കാന്‍ യുക്മ നേതൃത്വത്തിന് കഴിയുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

600 ഇരിപ്പിടങ്ങള്‍ താഴെയും 250 ഇരിപ്പിടങ്ങളുള്ള ബാല്‍ക്കണിയുമായി വിപുലമായ സൌകര്യങ്ങളുള്ള രണ്ട് പ്രധാന വേദികളാണ് 3000ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്കൂളിള്‍ യുക്മ നാഷണല്‍ കലാമേളക്ക് അരങ്ങുകളകുന്നത് ഇതിനോടൊപ്പം മറ്റു രണ്ടു ചെറിയ സ്റ്റേജുകളും മല്‍സരങ്ങള്‍ക്ക് വേദികളാകുന്നുണ്ട്.

600 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൌകര്യം 250 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഭക്ഷണ ശാല, ഗ്രീന്‍ റൂം ആവശ്യങ്ങള്‍ക്കും ചമയങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ ആവശ്യത്തിന് മുറികള്‍, കലാമേളക്ക് വേദിയായോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുന്ന ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, ബാറ്റ്മിന്ടന്‍ കോര്‍ട്ട് എന്നിവയടങ്ങിയ ഈ വേദി യുക്മ നാഷണല്‍ കലാമേളയുടെ സുഗമമായ നടത്തിപ്പിന് അനുയോജ്യമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ബോയ്സ് സ്കൂളും ഗേള്‍സ് സ്കൂളും ഒരു കോമ്പൌണ്ടില്‍ തന്ന പ്രവര്‍ത്തിക്കുന്ന ഈ മതില്‍ക്കെട്ടീനുള്ളിലേക്ക് രണ്ടു പ്രവേശന കവാടങ്ങളാണുള്ളത്.

വെസ്റ്ക്ളിഫ് ഗേള്‍സ് സ്കൂള്‍ എന്ന ബോര്‍ഡുള്ള മുന്‍ഭാഗത്തുള്ള പ്രവേശന കവാടത്തിന് അഭിമുഖമായാണ് ഒന്നാമത്തെ സ്റ്റേജ്. യുക്മ നാഷണല്‍ കലാമേള ഉല്‍ഘാടനം, തിരുവാതിരയില്‍ ആരംഭിക്കുന്ന കലാമല്‍സരങ്ങള്‍, സമാപന സമ്മേളനവും സമ്മാനദാനവും എല്ലാം ഈ വേദിയില്‍ വച്ചായിരിക്കും നടക്കുക. ഈ വേദിയുടെ മുന്‍ഭാഗത്തായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഓഫീസ് കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കും അനുവാചകര്‍ക്കും വേണ്ട എല്ലാ നിര്‍ദ്ദേശ്ശങ്ങളും നല്‍കുന്നതിന് സജ്ജമായ തരത്തില്‍ പരിചയസമ്പന്നരായ യുക്മ വോളണ്ടിയേഴ്സ് സദാസമയവും ഉണ്ടായിരിക്കും. അതിഥികളെ സ്വീകരിക്കുന്നതിനും ഉപചരിക്കുന്നതിനുമുള്ള യുക്മ വോളണ്ടിയേഴ്സും ഈ ഓഫീസിനോടു ചേര്‍ന്നായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇതിനോടു ചേര്‍ന്നുള്ള ഓഫീസില്‍ കലാമേളയോടനുബന്ധിച്ചുണ്ടാകുന്ന എന്തെങ്കിലും അപകടങ്ങള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നത് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമായിരിക്കുന്നതാണ്.

കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കും അനുവാചകര്‍ക്കുമായി 8 രെജിസ്ട്രേഷന്‍ കൌണ്ടറുകളായിരിക്കും രണ്ടു പ്രധാന വേദികളുടെയും മുന്‍ വശത്തായി ഉണ്ടായിരിക്കുക. രണ്ടാമത്തെ പ്രധാന വേദിയില്‍ യുക്മ നാഷണല്‍ കലാമേളയിലെ പ്രധാന ഡാന്‍സ് ഇനങ്ങളിലുള്ള മല്‍സരങ്ങളാണ് നടക്കുക. മൂന്നും നാലും വേദികളിലായി പ്രസംഗം, ലളിതഗാനം, കഥപറച്ചില്‍ ഫാന്‍സിഡ്രസ്സ്, മോണോ ആക്റ്റ് തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും. എല്ലാ വേദികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ലൈറ്റ് ആന്റ് സൌണ്ട് സംവിധാനം യു കെ യിലെ പ്രശസ്തരായ റെക്സ് ബാന്‍ഡ് ആണ് ചെയ്യുന്നത്.

ഈ വേദികളുടെ മദ്ധ്യഭാഗത്തായാണ് 250 പേര്‍ക്ക് ഇരിപ്പിട സൌകര്യമുള്ള വിഷാലമായ ഭക്ഷണശാല സൌത്തെന്‍ഡിലെ പ്രമുഖ കേരള റെസ്റ്റോറന്റ് ആയ ദോശ പാലസ് ആയിരിക്കും യുക്മ നാഷണല്‍ കലാമേളയില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ മിതമായ വിലക്ക് യുക്മ നാഷണല്‍ കമ്മിറ്റി നിര്‍ദ്ദേശ്ശിച്ച അളവില്‍ ലഭ്യമാക്കുമെന്നു ദോശ പാലസ് ഉറപ്പുനല്‍കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.