1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2022

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ക്രോയ്ഡണിലെ കൂൾസ്ഡോൺ ഒയാസിസ് അക്കാദമിയിൽ വെച്ച് നടന്ന യുക്‌മ സൗത്ത് ഈസ്റ്റ്‌ കലാമേളയിൽ കെ.സി.ഡബ്ള്യു.എ. ക്രോയിഡൻ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. യുക്‌മ കലാമേളകളിലെ നവാഗതരായ ബ്രൈറ്റൻ മലയാളി അസ്സോസ്സിയേഷൻ രണ്ടാം സ്ഥാനം സ്വന്തമാക്കി. കെ.സി.ഡബ്ള്യു.എ ക്രോയിഡണിലെ നിവേദ്യ സുനിൽകുമാർ എടത്താടൻ കലാതിലകമായും ഹേയ് വാർഡ്സ് ഹീത്ത് യുണൈറ്റഡ് കൾച്ചറൽ മലയാളി അസ്സോസ്സിയേഷനിലെ ആദിവ് വിമൽ കാർത്തിക് കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

നവംബർ 5 ന് ചെൽറ്റൻഹാമിൽ വെച്ച് നടക്കുന്ന യുക്‌മ ദേശീയ കലാമേളക്ക് മുന്നോടിയായി നടന്ന റീജിയണൽ കലാമേളയിൽ സൌത്ത് ഈസ്റ്റ് റീജിയണിലെ വിവിധ അസ്സോസ്സിയേഷനുകൾ ഏറെ തയ്യാറെടുപ്പുകളോടെയാണ് പങ്കെടുക്കുവാൻ എത്തിയത്. രണ്ട് വേദികളിലായി രാവിലെ 9.30 മുതൽ ആരംഭിച്ച മത്സരങ്ങൾ രാത്രി 8 മണിയോടെയാണ് അവസാനിച്ചത്.

റീജിയണൽ പ്രസിഡൻറ് സുരേന്ദ്രൻ ആരക്കോട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് യുക്‌മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ സൌത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഉദ്ഘാടനം ചെയ്തു. നാഷണൽ ജോയിൻറ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടം, യുക്‌മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, സ്ഥാപക പ്രസിഡൻറ് വർഗ്ഗീസ് ജോൺ, സനോജ് ജോസ്, ആൻറണി എബ്രാഹം, ഡെന്നിസ് വറീദ്, സജി ലോഹിദാസ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് റീജിയണൽ സെക്രട്ടറി ജിപ്സൺ തോമസ് സ്വാഗതം ആശംസിച്ചു.

പതിമൂന്നാമത് യുക്‌മ ദേശീയ കലാമേളയുടെ ലോഗോയും നഗറിന്റെ പേരും സൌത്ത് ഈസ്റ്റ്‌ കലാമേളയുടെ പ്രധാന വേദിയിൽ വെച്ച് ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ്‌ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. എബ്രാഹം പൊന്നുംപുരയിടം, എബി സെബാസ്റ്റ്യൻ, വർഗ്ഗീസ്സ് ജോൺ, സുരേന്ദ്രൻ ആരക്കോട്ട്, ജിപ്‌സൺ തോമസ്, സനോജ് ജോസ്‌, ഡെന്നിസ് വറീദ്, റെനോൾഡ് മാനുവൽ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ കിരീടം നേടിയ കെ.സി.ഡബ്ള്യൂ.എ. ക്രോയിഡന് യുക്‌മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് എവർറോളിങ് ട്രോഫി സമ്മാനിച്ചു. റണ്ണറപ്പായ ബ്രൈറ്റൻ മലയാളി അസ്സോസ്സിയേഷന് യുക്മ ജോയിൻറ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടം എവർറോളിങ് ട്രോഫി സമ്മാനിച്ചു. കലാതിലകപ്പട്ടം കരസ്ഥമാക്കിയ നിവേദ്യ സുനിൽകുമാറിന് റീജിയണൽ പ്രസിഡൻറ് സുരേന്ദ്രൻ ആരക്കോട്ടും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആദിവ് വിമലിന് റീജിയണൽ സെക്രട്ടറി ജിപ്സൺ തോമസും ട്രോഫികൾ സമ്മാനിച്ചു.

കിഡ്സ് വിഭാഗത്തിൽ കെ.സി.ഡബ്ള്യൂ.എ ക്രോയിഡണിലെ ദേവ പ്രേം നായർ പത്ത് പോയിന്റോടെ വ്യക്തിഗത ചാമ്പ്യനായപ്പോൾ സബ്ബ് – ജൂനിയർ വിഭാഗത്തിൽ സീമ ഈസ്റ്റ്‌ബോണിലെ എർവിന സിജി (10 പോയിൻറ്), ജൂണിയർ വിഭാഗത്തിൽ കെ.സി.ഡബ്ള്യു.എ ക്രോയിഡണിലെ നിവേദ്യ സുനിൽകുമാർ (16 പോയിൻറ്), സീനിയർ വിഭാഗത്തിൽ വോക്കിംഗ് മലയാളി അസ്സോസ്സിയേഷനിലെ അഖില അജിത്ത് (15 പോയിൻറ്) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. റീജിയണൽ ഭാരവാഹികൾ, റീജിയണിലെ അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

മത്സരാർത്ഥികൾക്കും കാണികൾക്കുമായി കുറ്റമറ്റ സൌകര്യങ്ങളാണ്‌ സംഘാടക സമിതി ഒരുക്കിയിരുന്നത്. മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം ലഭിക്കുന്ന വിശാലമായ ഭക്ഷണശാലയും സംഘാടകർ ഒരുക്കിയിരുന്നു. രാത്രി 9 മണിയോടെ കലാമേള അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.