1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ നേതൃത്വത്തിൽ, മാഗ്‌നവിഷൻ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ “യുക്മ – മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂനിയർ” ന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ബർമിംഗ്ഹാമിൽ തുടക്കം കുറിക്കുന്നു. ഡിസംബറിൽ ലണ്ടനിൽ നടന്ന ഓഡിഷനിൽ വിജയിച്ച ഇരുപത്തിനാല് മത്സരാർത്ഥികളാണ് ആദ്യറൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്.

യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അവതരിപ്പിക്കുന്ന സ്റ്റാർസിംഗറിന്റെ ആദ്യ മൂന്ന് സീസണുകളിൽനിന്നും വ്യത്യസ്തമായി, എട്ട് വയസ്സിനും പതിനാറ് വയസ്സിനും മധ്യേ പ്രായമുള്ള പുതുതലമുറക്ക് വേണ്ടിയാണ് സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ പറഞ്ഞു.

ജൂലൈ മാസം ആദ്യ വാരംകൊണ്ട് പൂർത്തിയാകുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സംഗീത മത്സര പരമ്പരയിലെ എല്ലാ ഗാനങ്ങളും മാഗ്‌നവിഷൻ ടി വി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കുമെന്ന് മാഗ്‌നവിഷൻ ഡയറക്റ്റർ ജോയ്‌സ് പള്ളിക്കമ്യാലിൽ അറിയിച്ചു. യുക്മയുടെ കലാ – സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ മേൽനോട്ടത്തിലായിരിക്കും സീസൺ 4 ജൂനിയർ അണിയിച്ചൊരുക്കുന്നത്.

ജനുവരി പതിനെട്ട് ശനിയാഴ്ച വൂൾഹറാംപ്റ്റണിലെ യു കെ കെ സി എ ആസ്ഥാനമന്ദിരം ഓഡിറ്റോറിയത്തിൽ, പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലാണ് ആദ്യ റൗണ്ട് മത്സരങ്ങളുടെ വീഡിയോ ചിത്രീകരണം നടക്കുന്നത്. മത്സരങ്ങളിലേക്ക് യോഗ്യത നേടിയ കുരുന്നു ഗായക പ്രതിഭകളും രക്ഷിതാക്കളും തീവ്രമായ തയ്യാറെടുപ്പുകളിലാണ്. പ്രവാസി മലയാളി സമൂഹത്തിലെ ഗായകർക്ക് കേരളത്തിൽ ആയിരിക്കുമ്പോൾ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് യുക്മ സ്റ്റാർ സിംഗറിന്റെ ഏറ്റവും വലിയ സവിശേഷത.

ഓഡിഷൻ വിജയിച്ചെത്തിയ ഇരുപത്തിനാല് ചെറു ഗായകരാണ് ശനിയാഴ്ച മാറ്റുരക്കാൻ തയ്യാറെടുക്കുന്നത്. ലിവർപൂളിൽ താമസിക്കുന്ന ജേക്കബ് – റാണി ദമ്പതികളുടെ പുത്രി ആറാം ക്ലാസ്സുകാരി ജോഹന്ന ജേക്കബ്, റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ നിന്നെത്തുന്ന ഷിജിമോൻ – അമ്പിളി ദമ്പതികളുടെ പുത്രി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഈഫാ വർഗീസ്, റെഡിച്ചിൽനിന്നും ബിഞ്ചു – ജാൻസി ദമ്പതികളുടെ പുത്രി ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ഏഞ്ചൽ ബിഞ്ചു ജേക്കബ്, ലിങ്കണിൽനിന്നുള്ള ബൈജു – മിനി ദമ്പതികളുടെ പുത്രൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന നെൽസൺ ബൈജു, സ്കോട്ട്ലൻഡിൽനിന്നും എത്തുന്ന ജിസ്മോൻ – ദീപ ദമ്പതികളുടെ പുത്രി അഞ്ചാം ക്ലാസ്സുകാരി ഫെബിയ ജിസ്മോൻ, ബർമിംഗ്ഹാമിലെ ജിജോ – ലിറ്റി ദമ്പതികളുടെ പുത്രി എട്ടാം ക്ലാസ് വിദ്യാർത്ഥിനി സൈറ മരിയ ജിജോ, കേംബ്രിഡ്ജിൽ നിന്നുള്ള ബിജു – ഐബി ദമ്പതികളുടെ പുത്രി പത്താം ക്ലാസ് വിദ്യാർത്ഥിനി ഫിയോന ബിജു, മാഞ്ചസ്റ്ററിൽനിന്നെത്തുന്ന ജോബി – സോബി ദമ്പതികളുടെ പുത്രൻ ആറാം ക്ലാസ്സുകാരൻ ഷെയിൻ തോമസ് എന്നിവർ മത്സരാർത്ഥികളിൽപ്പെടുന്നു.

വാറിംഗ്ടണിൽ നിന്നുള്ള ഗീവർഗീസ് – ബിനി ദമ്പതികളുടെ ആറാംക്ലാസ്സ് വിദ്യാർത്ഥിനിയായ പുത്രി ഒലീവിയ വർഗീസ്, വാൽസാൽ നിവാസികളായ സെബാസ്റ്റ്യൻ – ജെസ്സി ദമ്പതികളുടെ പുത്രി പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനി അലീന സെബാസ്റ്റ്യൻ, റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ നിന്നുമെത്തുന്ന ജെയ്‌മോൻ – റാണി ദമ്പതികളുടെ മകൻ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥി അമൽ ജെയ്‌മോൻ, ലെസ്റ്ററിൽ താമസിക്കുന്ന ടോജോ – ജിൻസി ദമ്പതികളുടെ മകൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ലെക്സി എബ്രഹാം, ബ്രൈറ്റണിൽനിന്നും വരുന്ന പ്രകാശ് – റോസമ്മ ദമ്പതികളുടെ മക്കൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി മാത്യു പ്രകാശ്, പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനി മെറീന പ്രകാശ്, ബർമിംഗ്ഹാമിൽനിന്നുള്ള ജിമ്മി – അനു ദമ്പതികളുടെ പുത്രി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അന്ന ജിമ്മി, നോട്ടിംഗ്ഹാമിൽ നിന്നെത്തുന്ന ഡിക്സ് – ട്രീസ ദമ്പതികളുടെ പുത്രി ആറാംക്ലാസ്സ് വിദ്യാർത്ഥിനി ഡെന ഡിക്സ് എന്നിവരും ശനിയാഴ്ച വൂളർഹാംപ്ടണിൽ പാടി പ്രതിഭതെളിയിക്കാൻ എത്തും.

ലിവർപൂളിൽനിന്നുള്ള ഫ്രാൻസീസ് – സിനി ദമ്പതികളുടെ പുത്രി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഇസബെൽ ഫ്രാൻസിസ്, ബർമിംഗ്ഹാമിൽ താമസിക്കുന്ന ഹരികുമാർ – നിഷ ദമ്പതികളുടെ പുത്രി ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ജിയ ഹരികുമാർ, ക്രൊയ്ഡോണിൽ താമസിക്കുന്ന രാജേഷ് – സൗമ്യ ദമ്പതികളുടെ പുത്രി ആറാംക്ലാസ്സ് വിദ്യാർത്ഥിനി ലക്ഷ്മി രാജേഷ്, കൊവൻട്രി നിവാസികളായ പോൾസൺ – ബിന്ദു ദമ്പതികളുടെ മക്കൾ എട്ടാംക്ലാസ് വിദ്യാർത്ഥിനി മെൽന പോൾസൺ, പതിനൊന്നാംക്ളാസ്സ് വിദ്യാർത്ഥി മെൽവിൻ പോൾസൺ, സൗത്ത് ലണ്ടനിൽനിന്നുള്ള പ്രവീൺ – രശ്മി ദമ്പതികളുടെ പുത്രി ഒൻപതാംക്ലാസ്സ് വിദ്യാർത്ഥിനി ദൃഷ്ടി പ്രവീൺ, ലിവർപൂളിൽ താമസിക്കുന്ന ജോസഫ് – സോണിയ ദമ്പതികളുടെ പുത്രി ആറാം ക്ലാസ്സുകാരി അൻസിൻ ജോസഫ്, കേംബ്രിഡ്ജിൽനിന്നുള്ള സ്റ്റാൻലി – സൂസൻ ദമ്പതികളുടെ പുത്രി ഒൻപതാംക്ലാസ്സ് വിദ്യാർത്ഥിനി ടെസ്സ സൂസൻ ജോൺ എന്നിവർ കൂടി ചേരുമ്പോൾ ആദ്യ റൗണ്ടിൽ ഏറ്റുമുട്ടി പാട്ടിന്റെ പാലാഴി തീർക്കാനെത്തുന്ന സംഗീത പ്രതിഭകളുടെ നിര പൂർണ്ണമാകുന്നു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, “യുക്മ ആദരസന്ധ്യ 2020” ഇവന്റ് ഓർഗനൈസറും “യുക്മ കേരളാപൂരം വള്ളംകളി” ജനറൽ കൺവീനറുമായ അഡ്വ. എബി സെബാസ്ററ്യൻ, യുക്മ സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ജോയ് ആഗസ്തി, രക്ഷാധികാരി സി എ ജോസഫ്, ജനറൽ കൺവീനർമാരായ ജെയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവർ സ്റ്റാർസിംഗർ സീസൺ 4 ജൂനിയറിന് ആശംസകൾ നേർന്നു. സ്റ്റാർസിംഗറിന്റെ സഹ കോർഡിനേറ്റർമാരായ ഹരീഷ് പാലാ, സാൻ ജോർജ്ജ് തോമസ്, മാഗ്നാവിഷൻ ടീം തുടങ്ങിയവരുടെ മേൽനോട്ടത്തിൽ മത്സരങ്ങളുടെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. ആദ്യ റൗണ്ട് മത്സരങ്ങളുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:- UKKCA Hall, 83 Woodcross Lane, Bilston, Wolverhampton – WV14 9BW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.