1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2011

ബിജു തോമസ്‌

പിറന്ന നാടിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അയവിറക്കിയും നാട്ടുകാര്‍ തമ്മിലുള്ള സ്നേഹവും ഐക്യവും പങ്കു വച്ചും അഞ്ചാമത് ഉഴവൂര്‍ സംഗമത്തിന് ലെസ്റ്ററില്‍ കൊടിയിറങ്ങി.സ്വന്തം നാടിനോടുള്ള സ്നേഹപ്രകടനത്തില്‍ പങ്കു ചേരാന്‍ യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം അഞ്ഞൂറോളം പേര്‍ ലെസ്റ്ററിലേക്ക് ഒഴുകിയെത്തിയത് നാടിനെ നെഞ്ചിലേറ്റുന്ന നല്ല മനസുകള്‍ക്ക് ഉദാത്ത മാതൃകയായി.അങ്ങിനെ വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും സംഗമങ്ങളുടെ സംഗമം എന്ന ഖ്യാതി ഉഴവൂര്‍ക്കാര്‍ നിലനിര്‍ത്തി.

ഉഴവൂരിന്റെ മക്കള്‍ യു കെയില്‍ എത്തിയെങ്കില്‍ അതിനുള്ള പ്രധാന കാരണം കഷ്ട്ടപ്പാടുകള്‍ക്കിടയിലും മക്കളെ നല്ല നിലയില്‍ എത്തിക്കാന്‍ രാപകല്‍ പ്രയത്നിച്ച മാതാപിതാക്കളാണ്.അതുകൊണ്ടു തന്നെയാണ് സംഗമത്തിന്റെ ഉദ്ഘാടനം അവരെക്കൊണ്ട് നിര്‍വഹിപ്പിക്കുന്ന പതിവു ഉഴവൂര്‍ക്കാര്‍ തുടങ്ങി വച്ചത്.പയസ്‌ മലേമുണ്ടക്കല്‍ അധ്യക്ഷം വഹിച്ച സംഗമം ഇത്തവണയും പതിവു തെറ്റിക്കാതെ മാതാപിതാക്കള്‍ തന്നെയാണ് രാവിലെ പത്തരയോടെ ഉദ്ഘാടനം ചെയ്തത്.

ഡെന്നിസ് വഞ്ചിത്താനം സ്വാഗതം ആശസിച്ച ചടങ്ങുകളുടെ മുഴു നീള അവതാരകനായി പ്രവര്‍ത്തിച്ചത് മനോജ്‌ ആലക്കനും ഡോണ വഞ്ചിതാനവുമാണ്..ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എല്‍ അബ്രഹാം ,മുന്‍ പ്രസിഡന്റ് മത്തായി മലേമുണ്ടക്കല്‍,ഉഴവൂര്‍ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി അബ്രഹാം മുളയാനിക്കല്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.ജോര്‍ജ്കുട്ടി എണ്ണംപ്ലാശേരില്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. കുടുബങ്ങളുടെ പ്രശസ്ത ധ്യാനഗുരുവായ ജോസഫ്‌ പുത്തന്‍പുരക്കല്‍ അച്ചന്‍ കുടുംബ ബന്ധങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

മോസ്കോ ഡാന്‍സ്‌ ഒളിമ്പ്യാഡില്‍ കിരീടം നേടിയ ടോണി വഞ്ചിതാനം അവതരിപ്പിച്ച അരമണിക്കൂര്‍ നീണ്ട അവതരണ ഫ്യൂഷന്‍ ഡാന്‍സ്‌,ഉഴവൂരിലെ കുരുന്നു പ്രതിഭകള്‍ അവതരിപ്പിച്ച മാര്‍ഗം കളി കൂട്ടിയിണക്കിയ ഫ്യൂഷന്‍ ഡാന്‍സ്‌ എന്നിവ ഏവര്‍ക്കും നവ്യാനുഭവമായി.തൊമ്മനും മക്കളും അവതരിപ്പിച്ച ഗാനമേള,മറ്റു കലാപരിപാടികള്‍ എന്നിവ സംഗമത്തിന് മാറ്റു കൂട്ടി.വിവിധ മേഖലകളില്‍ ഉഴവൂരില്‍ നിന്നും പ്രശസ്തരായ യു കെ മലയാളികളായ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് മാത്യു,ഡാന്‍സര്‍ ടോണി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.വിവിധ കരക്കാര്‍ തമ്മില്‍ നടന്ന വടം വലിയില്‍ ഉഴവൂര്‍ ടൌണ്‍ ചാമ്പ്യന്മാരായി.ജോസ്‌ പോത്തന്‍ ഇലക്കാട്ട് അളിയന്മാരെ പ്രതിനിധീകരിച്ച് ആശംസകള്‍ നേര്‍ന്നു.അളിയന്മാരെ പ്രത്യേകം ആദരിച്ചു.കഴിഞ്ഞ വര്‍ഷത്തെ മാഗസിന്‍ പുറത്തിറക്കുന്നതില്‍ മുന്‍കൈയെടുത്ത ബിജു വെള്ളിലാംതടത്തിലിനെ സഗമത്തില്‍ വച്ച് ആദരിക്കുകയുണ്ടായി. ഡെന്നിസ് വഞ്ചിത്താനം,പയസ്‌/പ്രദീപ്‌ മലേമുണ്ടക്കല്‍,ഷിജു/ഷൈജു കൈപ്പുങ്കല്‍ തുടങ്ങിയ സംഘാടകരുടെ മികവ് പരിപാടിയില്‍ ഉടനീളം പ്രകടമായിരുന്നു.

അടുത്ത വര്‍ഷത്തെ സംഗമം ജോണി മലേമുണ്ടക്കല്‍,ടോമി ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്ററില്‍ നടത്താന്‍ തീരുമാനമായി. സംഗമത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ട്രോഫിയും സമ്മാനങ്ങളും നല്‍കി.മനോജ്‌ ആലക്കന്‍ സംഗമം ഗംഭീര വിജയമാക്കിയ ഏവര്‍ക്കും നന്ദി പറഞ്ഞു.അടുത്ത വര്‍ഷം വീണ്ടും ഒത്തു കൂടാമെന്ന പ്രതീക്ഷയില്‍ ഒരു പകല്‍ നീണ്ട ഉത്സവപ്രതീതി പകര്‍ന്ന ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച സംഗമത്തിന് തിരശീല വീണു. സംഗമ സ്ഥലത്തു നിന്നും നേരിട്ട് റിപ്പോര്‍ട്ട് തയാറാക്കിയ ഏക മാധ്യമം എന്‍ ആര്‍ ഐ മലയാളിയാണ്.

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.