1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2012

വീണ്ടുമൊരു പ്രണയദിനം കൂടി. അവനും അവളും എന്ന നിലയില്‍ നമ്മള്‍ എന്ന ഒന്നിലേക്കുള്ള പ്രയാണം- പ്രണയം! കാല്പ്പനികതയും നൊസ്റ്റാള്‍ജിയയും പൂത്തുലഞ്ഞു നില്ക്കുന്ന പ്രണയത്തിന്റെ ഒരു മരം നമുക്കുള്ളില്‍ ആരാണ് നട്ട് വളര്‍ത്തിയത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ നിന്ന് അവന്‍ അടുത്തിരിക്കുമ്പോള്‍ വയറ്റിനുള്ളില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതു പോലെ തോന്നി അവള്‍ക്ക്. അവന് വയറ്റിനുള്ളില്‍ ആരൊക്കെയോ നൃത്തം ചവിട്ടുന്നതുപോലെയും. ചിത്രശ്രലഭങ്ങളെ കുറിച്ച് അവളോ നര്‍ത്തകരെ കുറിച്ച് അവനോ ഒന്നും മിണ്ടിയില്ല. പക്ഷേ അവര്‍ പോലും അറിയാതെ കണ്ണുകള്‍ കടങ്കഥകളായി അക്കാര്യം കൈമാറുന്നുണ്ടായിരുന്നു.

കണ്ണുകള്‍ പറയുന്ന കടങ്കഥകള്‍ക്ക് ഉത്തരമറിയാമെന്ന് അവര്‍ ആദ്യമൊന്നും സമ്മതിച്ചില്ല. പക്ഷേ എപ്പോഴോ ഒരു തിരിഞ്ഞുനോട്ടമായോ ചുണ്ടുകളിലെ നാണമായോ ഒരു ചെറുചിരിയായോ അവര്‍ ആ കടങ്കഥകള്‍ക്ക് ഉത്തരമോതി. പലതവണ മടക്കിച്ചുളിഞ്ഞ കടലാസുകളിലെ വരികളില്‍ അവര്‍ അക്കാര്യം ആവര്‍ത്തിച്ചു.- ‘എനിക്ക് നിന്നെ ഇഷ്ടമാണ്’. പിന്നീട് മയില്‍പ്പീലി തുണ്ടുകളായി അത് പെറ്റുപെരുകി.

നാട്ടിന്‍പുറത്തെ ഇടനാഴികളിലും കാമ്പസ്സുകളിലും വായനശാലകളിലും പാടവരമ്പത്തും ബസ് സ്റ്റോപ്പുകളിലുമൊക്കെ പലകുറി ഈ രംഗം ആവര്‍ത്തിച്ചു. നസീറായും വേണു നാഗവള്ളിയായും മോഹന്‍ലാലായും അവന്‍ വേഷമിട്ടപ്പോള്‍ ഷീലയും ജലജയായും സുമലതയും ശോഭനയുമായി അവള്‍ ഒപ്പം ചേര്‍ന്നു. ചങ്ങമ്പുഴയും കീറ്റ്സുമൊക്കെയായിരുന്നു ഇവരുടെ ചങ്ങാതിമാര്‍. കീറ്റ്സ്, കേള്‍ക്കാത്ത പാട്ടിന്റെ മാധുര്യത്തെ കുറിച്ച് പാടി കേള്‍പ്പിച്ചപ്പോള്‍ ചങ്ങമ്പുഴ ഇവര്‍ക്ക് രമണനെ പരിചയപ്പെടുത്തിക്കൊടുത്തു. ഇതേതുടര്‍ന്ന് ചിലര്‍ പ്രണയത്തെ താലിചാര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ തൂക്കിലേറ്റി.

‘പ്രണയ’ത്തിന് എന്നും കൂടുതല്‍ ഇഷ്ടം ക്യാമ്പസ്സുകളോടായിരുന്നു. ലൈബ്രറി അലമാരകളിലിരിക്കുന്ന എഴുത്തുകാരുടെ കണ്ണുവെട്ടിച്ചും കോണിപ്പടികളുടെ മങ്ങിയ കാഴ്ചകളിലും വാകമരത്തിന്റെ തണലിലും ക്യാമ്പസ് ‘പ്രണയ’ത്തെ പുണര്‍ന്നു. എഴുപത്- എണ്‍പതുകളില്‍ പ്രണയം വിപ്ലവത്തിന്റെ ചുവപ്പിനെയും കാല്‍പ്പനികതയുടെ ഗുല്‍മോഹര്‍പ്പൂക്കളെയും സ്നേഹിച്ചു.

പ്രണയത്തിന്റെ ഉത്‌കണ്ഠ കിടക്കയില്‍ അവസാനിക്കുന്നുവെന്ന് മാര്‍ക്വേസ് പറഞ്ഞത് കേട്ടവരും കേള്‍ക്കാത്തവരും അവളെ പൂജിച്ചത് പവിത്രതയുടെ ശ്രീകോവിലായിരുന്നു; ഒരിക്കല്‍. അപവാദങ്ങള്‍ക്ക് ദാഹം തീര്‍ക്കാന്‍ പ്രണയത്തിനെ വിട്ടുകൊടുത്തവര്‍ അന്നും ഉണ്ടായിരുന്നു. പക്ഷേ അവര്‍ പണ്ട് എണ്ണത്തില്‍ കുറവായിരുന്നുവെന്ന് മാത്രം.

പക്ഷേ വളരെ പെട്ടെന്ന് തന്നെ പ്രണയത്തിനും ബോറടിച്ചു തുടങ്ങി. ആഘോഷത്തിന്റെ ഉത്പ്പന്നമായി അത്. ഐസ്ക്രീം കഴിക്കാനും‍, സിനിമ കാണാനും അറുബോറന്‍ ക്ളാസ്സുകളില്‍നിന്ന് രക്ഷപ്പെടാനും ഒരുമിച്ചു കറങ്ങാന്‍ ഒരു കമ്പനിയായും മാത്രം പ്രണയം ചുരുങ്ങി. ഹൈടെക് പ്രണയത്തിന്റെ കട തുറന്നപ്പോള്‍ കാമുകന്‍‌മാരും കാമുകിമാരും ഒരേസമയം പലരായി വേഷമിട്ടു. ചാറ്റ്പ്രേമം, മെസേജ് പ്രേമം, ട്വിറ്റര്‍ പ്രണയം, ഡേറ്റിംഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവിടെ ആള്‍ക്കാരുടെ നീണ്ട ക്യൂവാണ് ഇന്ന്. ശബ്ദത്തെ പ്രണയിക്കുന്നവരാണ് ഇന്നത്തെ കാമുകന്‍(കാമുകി)മാരില്‍ ഏറെയും. സെല്‍ഫോണിലൂടെ ശബ്ദത്തെ ആലിംഗനം ചെയ്ത് ജീവിതംതന്നെ ഹോമിക്കുന്നു ഇവരില്‍ ചിലര്‍.

ഇന്ന് പ്രണയത്തിന് ഒരു പുതിയ സമവാക്യവും കണ്ടെത്തിയിരിക്കുന്നു. ഒന്നാം ദിവസം- ഐ മിസ്‌ യു ഡാ, രണ്ടാം ദിവസം- ലവ് യു ഡാ, മൂന്നാം ദിവസം- ബൈ ഡാ…സോറീ ഡാ… അതേസമയം ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവനും പ്രിയപ്പെട്ടവള്‍ക്ക്മായി തനിക്ക് വിലപ്പെട്ട പലതും ത്വജിച്ചു വിവാഹത്തില്‍ എത്തുന്നു. പലരും പ്രണയത്തിന്റെ പൂര്‍ണതയാണ് വിവാഹമെന്നു വിശ്വസിക്കുന്നു. പിന്നെ സാവധാനം, പല പല കാരണങ്ങളാല്‍ മനസ്സുകളില്‍ നിന്ന് പ്രണയം ഒഴിഞ്ഞുപോകുന്നു. പ്രണയിച്ചു വിവാഹിതരായവര്‍ അധികം വൈകാതെ വിവാഹമോചനത്തിലെത്തിച്ചേരുമ്പോള്‍ അത്ഭുതം തോന്നാറുണ്ടോ? വിവാഹത്തിന് ശേഷം പ്രണയം നഷ്ടപ്പെടുന്നതാണ് കാരണം. പ്രണയം എങ്ങനെ നഷ്ടപ്പെട്ടു എന്ന് അവര്‍ക്കുപോലും ചിലപ്പോള്‍ കണ്ടെത്താനാവില്ല.

പല കാരണങ്ങള്‍, പല അഭിപ്രായ വ്യത്യാസങ്ങള്‍ പ്രണയനഷ്ടത്തിലേക്ക് നയിക്കുന്നു.താന്‍ ഉറങ്ങുന്നത് തന്‍റെ ശത്രുവിനൊപ്പമാണ് എന്ന് തിരിച്ചറിയുന്നതോടെ വിവാഹമോചനം എന്ന അനിവാര്യതയിലേക്ക് അവര്‍ എത്തിച്ചേരുകയാണ്. കുറച്ചുനാള്‍ മുമ്പുവരെ താന്‍ ഏറ്റവും അധികം സ്നേഹിച്ചിരുന്ന വ്യക്തി എങ്ങനെ ശത്രുവായി മാറി എന്ന പരിശോധനയുടെ അവസാനം ഒരുപക്ഷേ, പ്രണയം എവിടെയാണ് നഷ്ടമായതെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചേക്കും. പരസ്പരമുള്ള മനസിലാക്കലാണ് പ്രണയത്തിന്‍റെ അടിസ്ഥാനം. വിവാഹത്തിനുമുമ്പുള്ള പ്രണയകാലത്ത് പരസ്പരമുള്ള തിരിച്ചറിവ് ഭാഗികമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. പങ്കാളിയുടെ സ്വഭാവത്തിലെ നല്ല വശങ്ങള്‍ക്ക് അപ്പോള്‍ മുന്‍‌തൂക്കം നല്‍കും.

എന്നാല്‍ വിവാഹശേഷം പങ്കാളിയുടെ ചീത്തവശങ്ങള്‍, പൊരുത്തക്കേടുകള്‍ എല്ലാം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. താന്‍ സ്നേഹിച്ചിരുന്ന വ്യക്തിയില്‍ ഇങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍ കണ്ടെത്തപ്പെടുന്നതോടെ അകല്‍ച്ച വര്‍ദ്ധിക്കുന്നു.പരസ്പരമുള്ള ആശയവിനിമയത്തിലെ പാളിച്ചകളാണ് പല വിവാഹങ്ങളെയും പരാജയത്തിലേക്ക് നയിക്കുന്നത്. പങ്കാളിയുടെ സ്വഭാവത്തിലെ കുഴപ്പങ്ങളെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്നേഹപൂര്‍വം നല്‍കുകയും ചെയ്യണം. ഈ ലോകത്ത് നന്‍‌മകള്‍ മാത്രമുള്ള മനുഷ്യരില്ലെന്ന് സ്വയം തിരിച്ചറിയണം.

നന്‍‌മയും തിന്‍മയും ചേരുന്നതാണ് മനുഷ്യന്‍. ദേവാസുര ഭാവങ്ങള്‍ ഒരാളില്‍ തന്നെയുണ്ടാകാം. ദേവഭാവത്തിന്‍റെ ശക്തികൂട്ടുകയും അസുരഭാവം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്താല്‍ അവിടെ പ്രണയം പൂക്കുന്നു. വിവാഹത്തിനു ശേഷം പരസ്പരപ്രണയത്തിന്‍റെ ശക്തി കൂട്ടുന്നതിനുള്ള കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ഒരു കുറഞ്ഞകാലത്തേക്കുള്ള ഏര്‍പ്പാടുമാത്രമല്ല പ്രണയം. അത് ജീവിതാന്ത്യം വരെ ഒപ്പം കൂട്ടേണ്ടതാണ്. പങ്കാളിയെ നിരന്തരം പ്രണയിക്കുക. ജീവിതം ഒരു പൂമരം പോലെ സുഗന്ധവാഹിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.