1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2012

ഒഞ്ചിയം സംഭവത്തില്‍ സിപിഎം നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. അച്ചടക്കത്തിന്റെ അതിരുകളെല്ലാം ലംഘിച്ച വിഎസ് സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശനങ്ങളഴിച്ചുവിട്ടത്.
പിണറായിയെ ഡാങ്കെയോട് ഉപമിച്ച വിഎസ് പാര്‍ട്ടി സെക്രട്ടറി പറയുന്നതല്ല അവസാനവാക്കെന്നും വ്യക്തമാക്കി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന് കരുതുന്നില്ലെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കുലംകുത്തി പ്രയോഗം നടത്തിയ പിണറായി വിജയനെ പിന്തുണച്ച ഔദ്യോഗികപക്ഷം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തിയെയും നിശിതമായി വിമര്‍ശിച്ചു.

തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. ലീഗും കോണ്‍ഗ്രസും പോലെ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അനുസരിക്കുന്ന രീതിയല്ല സിപിഎമ്മിന്റേത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് സിപിഎമ്മിന് സംഘടനാപരമായ രീതിയുണ്ട്.

ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തെ 1964 ല്‍ താനുള്‍പ്പെടെയുള്ളവര്‍ പുറത്തുവന്ന് സിപിഎം രൂപീകരിക്കാനുണ്ടായ സാഹചര്യത്തോടായിരുന്നു വി.എസ് ഉപമിച്ചത്. ഒഞ്ചിയത്തെ സഖാക്കളെ അപഹസിയ്ക്കുകയാണ് ചെയ്തത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്ന നടപടികള്‍ ഒന്നും ഉണ്ടായില്ല.

1964 ഏപ്രില്‍ 11ന്‌ ദേശീയ കൗണ്‍സിലില്‍ നിന്നു വിട്ടുപോന്ന 32 പേര്‍ ചേര്‍ന്ന്‌ സിപിഎം രൂപീകരിച്ച അതേ സാഹചര്യമാണ്‌ നിലവിലുള്ളത്‌. അന്ന്‌ പാര്‍ട്ടി വിട്ടുപോകുന്നവരെ എസ്‌.എ ഡാങ്കെ വര്‍ഗവഞ്ചകര്‍ എന്നാണ്‌ ആക്ഷേപിച്ചത്‌. അതേ നിലപാടാണ്‌ ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയും സ്വീകരിച്ചിരിക്കുന്നത്‌. പാര്‍ട്ടിക്കുണ്ടായ തെറ്റ്‌ ചൂണ്ടിക്കാട്ടിയാണ്‌ താനുള്‍പ്പെടെയുള്ളവര്‍ അന്ന്‌ സിപിഐ വിട്ടത്‌. തങ്ങളെ അന്ന്‌ ഡാങ്കെയും അവഹേളിച്ചിരുന്നു. ഡാങ്കെ അവഹേളിച്ചവര്‍ക്കൊപ്പം ജനലക്ഷങ്ങള്‍ അണിനിരന്നു. ഡാങ്കെയെപ്പോലെ ഏകാധിപതിയാണോ പിണറായിയും എന്ന ചോദ്യത്തിന്‌ അത്‌ നിങ്ങള്‍ക്കറിയാമല്ലോ എന്നാണ്‌ വി.എസ്‌ മറുപടി നല്‍കിയത്‌. ഡാങ്കെയുടെ ഗതി പിണറായിക്ക്‌ ഉണ്ടാകുമോ? സെക്രട്ടറിയുടെ ഈ നിലപാട്‌ തിരുത്തപ്പെടുമോ? എന്ന ചോദ്യത്തിന്‌ വരുംനാളുകളില്‍ കമ്മിറ്റികളിലും മറ്റും ഉണ്ടായേക്കുമെന്നും വി.എസ്‌ പറഞ്ഞു.

ലീഗും കോണ്‍ഗ്രസും പോലെ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയും ബാക്കിയുള്ളവര്‍ അനുസരിക്കുകയുമല്ല. സെക്രട്ടറി പറഞ്ഞാല്‍ അതാണ് അവസാനം എന്ന ധാരണ വെച്ചുകൊണ്ടാണ് ദക്ഷിണാമൂര്‍ത്തിയുടെ അഭിപ്രായം. അത് താന്‍ അംഗീകരിക്കുന്നില്ല. പിണറായിയെ തിരുത്താനാവശ്യമായ നടപടികള്‍ എന്തുകൊണ്ടാണ് സംഘടനയ്ക്കുള്ളില്‍ ആരും സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് അത് ഉണ്ടാകുമെന്നും നേതൃത്വത്തിലും കമ്മറ്റികളിലും അതിനുള്ളവര്‍ വളര്‍ന്നുവരുമെന്നും വി.എസ് പറഞ്ഞു.

തന്നെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് എന്തും തീരുമാനിക്കാം. താന്‍ ഓരോ വിഷയത്തെക്കുറിച്ചും പഠിച്ച ശേഷമാണ് നിലപാട് സ്വീകരിക്കുന്നത്. സിപിഎമ്മില്‍ ഏകാധിപത്യമാണോയെന്ന ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായമാണെന്നും താന്‍ പറയാനുള്ളത് പറഞ്ഞെന്നുമായിരുന്നു വി.എസിന്റെ മറുപടി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.