കൂടംകുളം യാത്ര എന്തുവന്നാലും മാറ്റിവയ്ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. കൂടംകുളത്ത് വി എസ് പോകരുതെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 9.30ന് താന്‍ കൂടംകുളത്തേക്ക് പുറപ്പെടുമെന്നാണ് വി എസ് അറിയിച്ചിരിക്കുന്നത്. എന്ത് സംഭവിച്ചാലും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വി എസ് അച്യുതാനന്ദന്‍റെ കൂടംകുളം സന്ദര്‍ശനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൂടംകുളം സംബന്ധിച്ച് വി എസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പാര്‍ട്ടി പിന്നീട് ചര്‍ച്ച ചെയ്യുമെന്നും കോടിയേരി അറിയിച്ചു.
വി എസിന്‍റെ കൂടംകുളം യാത്ര പാര്‍ട്ടിയെ അറിയിച്ചതായി അറിയില്ലെന്നും കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടിയേരി പറഞ്ഞു.
കൂടംകുളം പദ്ധതി ആപത്കരമാണെന്ന് വി എസ് പലവട്ടം വ്യക്തമാക്കിയിരുന്നു. നേരത്തെ കൂടംകുളം സന്ദര്‍ശിക്കാന്‍ വി എസ് പദ്ധതിയിട്ടപ്പോള്‍ കേന്ദ്രകമ്മിറ്റി ഇടപ്പെട്ട് അതിന് തടയിടുകയായിരുന്നു. പാര്‍ട്ടി തമിഴ്നാട് ഘടകവും ഇതിനെ ശക്തമായി എതിര്‍ത്തു. ആണവനിലയം അടച്ചിടേണ്ടതില്ല എന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെയും തമിഴ്നാട് ഘടകത്തിന്‍റെയും നിലപാട്.
ഈയിടെ കൂടംകുളം പദ്ധതിയെ എതിര്‍ത്ത് വി എസ് മാതൃഭൂമി ദിനപത്രത്തില്‍ ലേഖനമെഴുതുകയും ചെയ്തു. ആണവനിലയത്തെ അനുകൂലിച്ച് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ അത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് വി എസ് പ്രതികരിച്ചത്. വി എസിനെ കൂടംകുളത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സമരസമിതി നേതാവ് ഉദയകുമാര്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല