അനബെല്ല, ഹന്ന, ജെസീക്ക, ഹെയ്ദി … ഏറെ പ്രതിസന്ധികളെ അതിജീവിച്ചു പിറന്ന നാലു കുഞ്ഞുങ്ങള്‍. ഇത്തവണത്തെ ക്രിസ്മസിനു സാന്റയെ കാത്തിരിക്കുകയാണു ഈ നാല്‍വര്‍ സംഘം. ഇവര്‍ ഒരേ ദിവസം ജനിച്ച നാല് അപൂര്‍വ സഹോദരിമാര്‍. ഹന്നയും ജെസീക്കയും സമജാത ഇരട്ടകള്‍. അതുപോലെ തന്നെ അനബെല്ലയും ഹെയ്ദിയും. 2009 ഡിസംബര്‍ 27നു ജനനം.
ഐവിഎഫ് ( ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) മാര്‍ഗത്തിലൂടെ ജനിച്ച കുട്ടികള്‍. ശരീരത്തിനു പുറത്തു വച്ച് കൃത്രിമ രീതിയില്‍ രൂപപ്പെടുത്തി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ട രണ്ടു ഭ്രൂണങ്ങളില്‍ നിന്നാണ് ഇവര്‍ രൂപപ്പെട്ടത്. സീന്‍- ലിസ കെല്ലി ദമ്പതികള്‍ക്കാണ് രണ്ടു വര്‍ഷം മുമ്പ് ഈ അപൂര്‍വ ശിശുക്കള്‍ പിറന്നത്. ബ്രിട്ടനില്‍ ആദ്യമായി പിറന്ന രണ്ടു ജോഡി സമജാത ഇരട്ടകള്‍.
രണ്ടു വര്‍ഷം മുമ്പ് കെല്ലി ഗര്‍ഭിണിയായപ്പോള്‍ ആരോഗ്യസ്ഥിതി ഏറെ മോശമായിരുന്നു. ഈ നാല്‍വര്‍ സംഘത്തിന് ഒരു ചേട്ടന്‍ കൂടിയുണ്ട്. പത്തു വയസുകാരന്‍ കാമറോണ്‍. രണ്ടാമതും കെല്ലി ഗര്‍ഭിണിയാകാത്തതിനെ തുടര്‍ന്നാണ് ഐവിഎഫ് ചികിത്സയ്ക്കു വിധേയയായത്. ചികിത്സയ്ക്ക് 9000 പൌണ്ട് ചെലവായി. കെല്ലിയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ച രണ്ടു ഭ്രൂണങ്ങളില്‍ നിന്നാണ് രണ്ടു ജോഡി സമജാതഇരട്ടകള്‍ പിറന്നത്.
വൈദ്യശാസ്ത്രത്തിനു പോലും അവിശ്വസനീയമായിരുന്നു ഇത്. 31.5 ആഴ്ചകള്‍ക്കു ശേഷമാണ് ഇവര്‍ പിറന്നത്. ഹെയ്ദിക്കും അനബെല്ലയ്ക്കും ഒരേ തൂക്കം. അതു പോലെ ഹന്നയ്ക്കും ജെസീക്കയ്ക്കും ഒരേ തൂക്കം. ഹെയ്ദി- അനബെല്ല ഇരട്ടകള്‍ക്കായിരുന്നു തൂക്കക്കൂടുതല്‍. ഹെയ്ദിയാണു കൂട്ടത്തില്‍ കുറുമ്പുകാരിയെന്ന് അമ്മ കെല്ലി.
എല്ലാവര്‍ക്കും ഒരേ പോലത്തെ ഉടുപ്പു വേണമെന്നും നിര്‍ബന്ധം. ഇവരെ തിരിച്ചറിയുന്ന കാര്യത്തിലാണ് കെല്ലിക്കും സീനിനും ഏറ്റവും പ്രയാസം. കുട്ടികളുടെ കലപില ശബ്ദങ്ങളും കളിയും ചിരിയും നിറയുന്ന കളിവീടായി അവരുടെ വീടു മാറിയിരിക്കുന്നു. ഈ ക്രിസ്മസ് അവിസ്മരണീയമാക്കാനുളള ഒരുക്കത്തിലാണ് ഈ നാല്‍വര്‍ സംഘം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല