1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2011

ക്രെഡിറ്റ്‌ /ഡെബിറ്റ്‌ കാര്‍ഡ്‌ അഥവാ പ്ലാസ്റ്റിക്‌ മണി ഇന്ന് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്.പണം പിന്‍വലിക്കാനും സാധനങ്ങള്‍ വാങ്ങാനും ഇന്ന് കാര്‍ഡുകള്‍ കൂടിയേ തീരൂ.എന്നാല്‍ നമ്മുടെ കാര്‍ഡ്‌/കാര്‍ഡ്‌ വിവരങ്ങള്‍ അടിച്ചു മാറ്റുന്ന തട്ടിപ്പുകാര്‍ നമുക്ക് ചുറ്റും വിലസുകയാണ്. പല ആളുകളും നമ്മുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു എന്ന് മനസിലാക്കുന്നത് ഏറെ വൈകിയായിരിക്കും. എന്നാല്‍ കള്ളന്‍മാരില്‍ നിന്നും ഐഡി സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്.

നിങ്ങളുടെ ഐഡി സുരക്ഷിതമായി സൂക്ഷിക്കാനിതാ പത്ത് നിര്‍ദേശങ്ങള്‍

1 കാര്‍ഡുപയോഗിക്കുമ്പോള്‍

കാഷ്‌പോയിന്റുകളില്‍ കാര്‍ഡ് ഇട്ട് രഹസ്യ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും കൈകൊണ്ട് കീപാഡ് മറച്ചുവച്ച് ടൈപ്പ് ചെയ്യുക. നിങ്ങളുടെ നമ്പര്‍ മനസിലാക്കാന്‍ കാത്തുകിടക്കുന്നവര്‍ക്ക് അവസരം നല്‍കാതിരിക്കുക. എല്ലാ തരത്തിലുള്ള കാര്‍ഡ് തട്ടിപ്പുകളും ഒഴിവാക്കാന്‍ അസോസിയേഷന്‍ ഫോര്‍ പെയ്‌മെന്റ് ക്ലിയറിംങ് സര്‍വ്വീസസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. ഏത് പണമിടപാട് നടത്തുമ്പോഴും നിങ്ങളുടെ കാര്‍ഡ് കണ്‍മുന്നിലുണ്ടായിരിക്കണമെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.

2 പേഴ്‌സ് നഷ്ടപ്പെട്ടാല്‍

നിങ്ങളുടെ ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡുകളടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയാലുടന്‍ തന്നെ അവ ക്യാന്‍സല്‍ ചെയ്യുകയാണ് വേണ്ടത്. നിങ്ങളുടെ പണം ക്രിമിനലുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ഈ റിസ്‌ക് ഒഴിവാക്കാനായി ആവശ്യമുള്ള കാര്‍ഡുകള്‍ മാത്രം കൈയ്യില്‍ കൊണ്ടുനടന്നാല്‍ മതി.

3 പേപ്പറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍

ക്രിമിലുകള്‍ ഡോക്യുമെന്റുകള്‍ക്ക് വേണ്ടി ഡെസ്റ്റ് ബിന്നും പരതും. അതിനാല്‍ ക്രഡിറ്ററ്കാര്‍ഡ് അപേക്ഷകള്‍, സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ പുറത്ത് വലിച്ചെറിയാതിരിക്കുക. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ വെറുതെ അവിടെയും ഇവിടെയും വലിച്ചെറിയാതിരിക്കുന്നതാണ് നല്ലത്.

4 ബാങ്ക് ക്രഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കുക

ബാങ്ക് ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കുക. നിങ്ങളുടെ അറിവില്ലാതെ എന്തെങ്കിലും പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. എന്തെങ്കിലും അസ്വാഭാവിക തോന്നുകയാണെങ്കില്‍ ഉടന്‍ ബാങ്കിനെ അറിയിക്കുക.

5 ക്രഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക

ക്രഡിറ്റ് ഫയലുകള്‍ സ്ഥിരമായി പരിശോധിക്കുക എന്നതാണ് കാര്‍ഡ് തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാനുള്ള മറ്റൊരു മാര്‍ഗം. പ്രധാന ക്രഡിറ്റ് കാര്‍ഡ് കമ്പനികളായ എക്‌സ്പീരിയന്‍, ഇക്യുഫാസ്, കോള്‍ക്രഡിറ്റ് തുടങ്ങിയവയില്‍ രണ്ട് പൗണ്ട് നല്‍കിയാല്‍ നിങ്ങളുടെ ക്രഡിറ്റ് ഫയലിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമേ മാസം മൂന്ന് പൗണ്ട് മുതല്‍ ആറ് പണ്ട് വരെ വാങ്ങി ക്രഡിറ്റ് ഫയല്‍ കോപ്പി നല്‍കുന്ന സംവിധാനവും ഇന്നുണ്ട്.രണ്ടു പൌണ്ട് കൊടുത്താല്‍ ക്രഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള ലിങ്ക് എന്‍ ആര്‍ ഐ മലയാളിയുടെ യൂസ്ഫുള്‍ ലിങ്ക്സ് എന്ന സെക്ഷനില്‍ കൊടുത്തിട്ടുണ്ട്‌.

6.തപാല്‍ സന്ദേശങ്ങള്‍ വഴിതെറ്റാതെ സൂക്ഷിക്കുക

നിങ്ങള്‍ വീട്മാറി പോകുമ്പോള്‍ നിങ്ങള്‍ക്ക് വരുന്ന കത്തുകളും ബില്ലുകളും പഴയ വീട്ടില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് പലപ്പോഴും കാണാന്‍ കഴിയുന്നത്. ഇത് നിങ്ങളുടെ ഐഡി മോഷ്ടിക്കാന്‍ കാത്തുകിടക്കുന്നവര്‍ക്ക് നല്ലൊരു അവസരമാണ് നല്‍കുന്നത്. അതിനാല്‍ വീട് മാറുമ്പോള്‍ നിങ്ങളുടെ പോസ്റ്റ് പുതിയ അഡ്രസിലേക്ക് എത്തിക്കാനായി റോയല്‍ മെയില്‍സ് റിഡക്ഷന്‍ സര്‍വ്വീസിന്റെ സേവനം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ മെയില്‍ മോഷ്ടിക്കപ്പെട്ടു എന്ന് സംശയമുണ്ടെങ്കില്‍ റോയല്‍ മെയില്‍ കസ്റ്റമര്‍ ഇന്‍ക്വയറി ലൈനുമായി ബന്ധപ്പെടുക.

7 കംപ്യൂട്ടര്‍ സുരക്ഷ

നിങ്ങളുടെ കംപ്യൂട്ടറിലെത്തുന്ന ചില വയറസുകള്‍ നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ ആന്റിവൈറസ് സിസ്റ്റം കൃത്യമായി അപ്പ്‌ഡേറ്റ് ചെയ്യുക. നിങ്ങളുടെ പാസ് വേര്‍ഡ് ഒരിക്കലും കംപ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യാതിരിക്കുക.

8 സോഷ്യല്‍ നെറ്റ് വര്‍ക്കിംങ്

ട്വിറ്റര്‍, ഫേയ്‌സ്ബുക്ക് തുടങ്ങിയ സൈറ്റുകള്‍ തട്ടിപ്പുകാരെ ഏറെ സഹായിക്കുന്നുണ്ട്. നിങ്ങളുടെ ജനനതീയ്യതിയും, വിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങളും, തൊഴില്‍ സംബന്ധിച്ചവിവരങ്ങളുമെല്ലാം കൃത്യമായി അവര്‍ക്ക് ലഭിക്കും. അതിനാല്‍ നിങ്ങള്‍ ഫെയ്‌സ്ബുക്ക് പോലുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്കുമാത്രം കാണാവുന്ന തരത്തില്‍ ക്രമീകരിക്കുക.

9 പിന്‍ നമ്പറും, പാസ്‌വേര്‍ഡും

ബാങ്കിന്റെയും സേവിംങ് എക്കൗണ്ടുകളുടേതുമായി നിരവധി പിന്‍നമ്പറുകളും പാസ് വേര്‍ഡും നിങ്ങള്‍ക്ക് സൂക്ഷിക്കേണ്ടിവരും. അതിനാല്‍ പലരും ഓര്‍മ്മിക്കാനെളുപ്പമുള്ള പിന്‍ അല്ലെങ്കില്‍ പാസ് വേര്‍ഡായിരിക്കും ഉപയോഗിക്കുക. പിന്‍ പാസ്‌വേര്‍ഡ് എന്നിവ മറ്റുള്ളവര്‍ക്ക് ഊഹിച്ച് കണ്ടുപിടിക്കാന്‍ കഴിയാത്തത് തിരഞ്ഞെടുക്കണം. പലരും ജനനതീയ്യതി, ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ ടീം, കുട്ടികളുടെ പേര്, എന്നിവയാവും രഹസ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുക. ഇത് മറ്റുള്ളവര്‍ക്ക് എളുപ്പം കണ്ടെത്താന്‍ കഴിയും. അതിനാല്‍ പിന്‍, പാസ് വേര്‍ഡുകള്‍ എന്നിവ നല്ല നീളമുള്ളതും, ഏകദേശം 10 അക്കങ്ങളെങ്കിലും ഉള്ളത്, അക്ഷരങ്ങളും അക്കങ്ങളും ഒരുമിച്ചതും മറ്റും തിരഞ്ഞെടുക്കുക.

10. വിദേശത്ത് പോകുമ്പോള്‍

നിങ്ങള്‍ വിദേശരാജ്യത്തേക്ക് യാത്രപോകുമ്പോള്‍ അത്യാവശ്യമായ കാര്‍ഡുകളും ഡോക്യുമെന്റ്‌സുകളും മാത്രം കൈയ്യില്‍ കരുതുക. നിങ്ങളുടെ വ്യക്തിപരമായ രേഖകള്‍ ഹോട്ടല്‍മുറികളില്‍ വാരിവലിച്ചിടരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.