ഒരിക്കലും നഷ്ടപ്പെടരുതെന്ന് നാം ആഗ്രഹിക്കുന്ന ചിലതുണ്ട്, അത്തരത്തില്‍ ഒന്നാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടയാള്‍ വിരലില്‍ അണിയിച്ച വിവാഹമോതിരം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്വീഡന്‍ സ്വദേശിയായ ലെന പാള്‍ല്‍സണിനു തന്റെ വിവാഹമോതിരം നഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ 16 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടു പോയ വിവാഹമോതിരം സ്വന്തം കാരറ്റ് തോട്ടത്തിലെ കാരറ്റിനുള്ളില്‍ നിന്ന് ലഭിച്ച സന്തോഷത്തിലാണ് ലെന.
ലെന പാള്‍ല്‍സണിന്റെ മോതിരം 1995 ലാണ് നഷ്ടപ്പെട്ടത്. ഭര്‍ത്താവ് അണിയിച്ച മോതിരമായിരുന്നതിനാല്‍ അത് നഷ്ടപ്പെട്ടതോടെ കനത്ത മനോവ്യഥ അവരെ അലട്ടിയിരുന്നു. 1995ല്‍ ഒരു ക്രിസ്മസ് സീസണില്‍ കേക്കും മറ്റും വിഭവങ്ങളും ഉണ്ടാക്കുന്നതിനിടെയാണ് മോതിരം നഷ്ടപ്പെട്ടത്. കൈയില്‍ നിന്ന് ഊരി അടുക്കളയില്‍ സൂക്ഷിച്ച ശേഷം ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു ലെന. ആഹാര സാധനങ്ങള്‍ വേവിച്ച ശേഷം ബാക്കി വന്ന ഉരുളക്കിഴങ്ങ് പോലുള്ള സാധനങ്ങള്‍ കാരറ്റ് തോട്ടത്തില്‍ വളമായി ഇടുകയും ചെയ്തു.
അതിനൊപ്പം ഈ മോതിരവും തോട്ടത്തിലെ മണ്ണില്‍ മറഞ്ഞു കിടന്നു. മോതിരം നഷ്ടപ്പെട്ടത് മനസിലാക്കി കട്ടിലിലും മറ്റിടങ്ങളിലുമൊക്കെ നോക്കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. നഷ്ടപ്പെട്ട വിവാഹ മോതിരത്തെ കുറിച്ച് ആദ്യം ദു:ഖം തോന്നിയെങ്കിലും പിന്നീട് അതങ്ങ് മറന്നു.ഈ ഒക്ടോബറില്‍ കാരറ്റ് തോട്ടത്തില്‍ വിളവെടുപ്പ് നടത്തുന്നതിനിടെയാണ് എന്തോ ഒരു വസ്തു തിളങ്ങുന്നതായി കണ്ണില്‍പ്പെട്ടത്.
എടുത്തു നോക്കിയപ്പോള്‍ 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട വിവാഹമോതിരം കാരറ്റ് ‘അണിഞ്ഞിരിക്കുന്നതായി’ കണ്ടു. അതെടുത്തു പരിശോധിച്ചപ്പോഴാണ് 16 കൊല്ലം മുമ്പ് നഷ്ടപ്പെട്ട മോതിരമാണെന്ന് മനസിലായത്. മോതിരം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ലേനയെങ്കിലും ഇപ്പോള്‍ അത് ലേനയുടെ കൈയ്ക്ക് പാകമല്ല. അതിനാല്‍ മോതിരം വലുതാക്കാന്‍ ഒരുങ്ങുകയാണ് ലെന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല