ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച സംഭവത്തില്‍ ഭാര്യയടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. കായംകുളത്തെ സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമ പെരുങ്ങാല കാരുട്ടില് കിഴക്കതില്‍ അനൂപിനെ (34) കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചെന്നാണ് കേസ്.
അനൂപിന്റെ ഭാര്യ തൃശ്ശൂര്‍ മുളങ്കുന്നത്ത്കാവ് ആലയങ്ങാട്ട് പറമ്പില്‍ സിന്ധു (42), ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മീനച്ചില്‍ ചകിണി കുന്നുമ്പുറത്ത് ചിരട്ടപ്പൂള്‍ സജി എന്നുവിളിക്കുന സജി (38), കുറിച്ചിത്താനം ഓലിക്കപ്പാറ വീട്ടില്‍ നിന്ന് ആണ്ടൂര്‍ നീര്വീട്ടിനാലില് വാടകയ്ക്കു താമസിക്കുന്ന കണ്ണന് (24), തലയോലപ്പറമ്പ് ഊരാളശ്ശേരില് രഞ്ജിത്ത് (സജു 30), മീനച്ചില്‍ ളാലം കിണറുകരയില് ജീവന് (28) എന്നിവരെയാണ് കായംകുളം ഡിവൈ.എസ്.പി. ദേവമനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വിവിധ പോലീസ്സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണിവര്‍.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: വിദ്യാഭ്യാസ സ്ഥാപനനടത്തിപ്പില്‍ പരിശീലനം നേടാനായി 2008 ലാണ് സിന്ധു കായംകുളത്തെത്തിയത്. രണ്ടുകുട്ടികളുടെ അമ്മയായ സിന്ധു ഭര്‍ത്താവുമായി വിവാഹമോചനം നേടിയിരുന്നു. പരിശീലനത്തിനെത്തിയ സിന്ധുവുമായി പ്രണയത്തിലായ അനൂപ് 2008ല്‍ തൃശ്ശൂരിലെ ഒരുക്ഷേത്രത്തില്‍വെച്ച് സിന്ധുവിനെ വിവാഹം കഴിച്ചു. ഇതോടെ സ്ഥാപനത്തിന്റെ നടത്തിപ്പ്ചുമതലക്കാരിയായി സിന്ധുമാറി.
വിവാഹം രഹസ്യമാക്കി വെയ്ക്കണമെന്നതായിരുന്നു ധാരണ. ഇതിനു വിരുദ്ധമായി വിവാഹഫോട്ടോ പിന്നീട് പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇതേച്ചൊല്ലി അനൂപും സിന്ധുവും പിണങ്ങി. തുടര്‍ന്ന് സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഇരുവരും ആരോപണങ്ങളുയര്‍ത്തി. തുടര്‍ന്ന് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. സിന്ധു തൃശ്ശൂരിലും എറണാകുളത്തും കോട്ടയത്തും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. ഇരുവരുടെയും സ്ഥാപനങ്ങള്‍ തമ്മിലുള്ള കിടമത്സരം തുടങ്ങിയതോടെ ശത്രുത വര്‍ദ്ധിച്ചു.
സിന്ധുവിന്റെ ബന്ധു രാജേഷ് പ്രശ്നത്തില്‍ ഇടപെട്ടു. സിന്ധുവിന്റെ അറിവോടെ അനൂപിനെ ഇല്ലായ്മ ചെയ്യുന്നതിന് രാജേഷ് സുഹൃത്തായ സുബിയുടെ സഹായം തേടി. സുബിയാണ് 5 ലക്ഷംരൂപയ്ക്ക് കോട്ടയം ആയി സജിയുടെ സംഘത്തില്‍പ്പെട്ട രഞ്ജിത്തിന് 2011 ഏപ്രിലില്‍ ക്വട്ടേഷന്‍ നല്‍കിയത്.
അനൂപിനെ തേടി മൂന്നുതവണ ക്വട്ടേഷന്‍ സംഘം കായംകുളത്തെത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്നാം തവണയെത്തിയ സംഘം അനൂപിന്റെ വീട്ടിലെത്തി കാര്‍ കത്തിച്ചു. 2011 ജൂലായ് ഒന്നിന് രണ്ടുകാറുകളിലായെത്തിയ 6 അംഗസംഘം സ്ഥാപനത്തിന് മുന്നില്‍വെച്ച് അനൂപിനെ ആക്രമിച്ചു. ബഹളംകേട്ട് നാട്ടുകാരെത്തിയപ്പോള്‍ അക്രമിസംഘം കാറില്‍ കയറി രക്ഷപ്പെട്ടു.ക്വട്ടേഷന്‍ സംഘമാണ് ആക്രമിച്ചതെന്നു കാണിച്ച് അനൂപ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിന്മേല് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല