1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2012

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ട യുകെ സമ്പദ് വ്യവസ്ഥയെ യൂറോസോണ്‍ പ്രതിസന്ധി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തളളിയിടും മുന്‍പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു മേല്‍ സമ്മര്‍ദ്ദമേറുന്നു. പലിശനിരക്ക് 0.5 ശതമാനത്തില്‍ നിന്നും പൂജ്യമാക്കി കുറയ്ക്കാന്‍ IMF മേധാവി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പലിശ അര ശതമാനത്തില്‍ തന്നെ നിലനിര്‍ത്തികൊണ്ട് മറ്റ് വഴികളിലൂടെ പ്രതിസന്ധിയുടെ ആഴം കുറയ്ക്കുകയാണ് വേണ്ടതെന്നാണ് യു കെയിലെ സാമ്പത്തിക നീരീക്ഷകരുടെ അഭിപ്രായം.അതിനാല്‍ ബാങ്കിന്റെ ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മറ്റി പലിശനിരക്ക് 0.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്ന വിട്ട് മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ നിലവിലുളള പ്രതിസന്ധിയുടെ ആഴം കുറയ്ക്കാനാകൂ.ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ഉച്ചയോടെ അറിയാം.

ബ്രിട്ടന്റെ പ്രധാന വ്യാപാര പങ്കാളിയായ യൂറോസോണ്‍ പ്രതിസന്ധിയിലാകുന്നത് വരെ സാമ്പത്തികമാന്ദ്യം അത്രകണ്ട് ബ്രിട്ടനെ ബാധിക്കില്ലന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞമാസത്തോടെ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുകയായിരുന്നു. സ്‌പെയിനിന്റെ ബാങ്കിംഗ് മേഖല കടുത്ത പ്രതിസന്ധിയിലാണന്നും വിദേശ സഹായം ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലന്നും കഴിഞ്ഞ ദിവസം സ്‌പെയിന്‍ വ്യക്തമാക്കിയതോടെ യൂറോയുടെ നില വീണ്ടും പരുങ്ങലിലായിട്ടുണ്ട്. എന്നാല്‍ പുതിയ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത് ഗ്രിക്കിലെ പുതിയ ഗവണ്‍മെന്റ് യൂറോയില്‍ നിന്ന് പുറത്തുപോകാനുളള സാധ്യത കുറവാണന്നാണ്. യൂറോ തകരുന്നുവെന്ന വാര്‍ത്ത യുകെയിലെ നിര്‍മ്മാണ, ഉത്പാദന മേഖലകളെ തകര്‍ച്ചയിലേക്ക് തളളിവിട്ടിരുന്നു.

അമേരിക്കയിലേയും ഏഷ്യയിലേയും സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ച കുറഞ്ഞതും യൂറോസോണ്‍ പ്രതിസന്ധിയും സാഹചര്യങ്ങളെ കൂടുതല്‍ മോശമാക്കുകയാണ്. അതിനാല്‍ തന്നെ ക്വാണ്ടിറ്റേറ്റീവ് ഈസിംങ്് (കൂടുതല്‍ നോട്ടടിക്കുക) സ്വീകരിച്ചുകൊണ്ട് നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്ന് ബ്രട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ പ്രധാന സാമ്പത്തികകാര്യ വിദഗ്ദ്ധനായ ഡേവിഡ് കേണ്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയ്‌ക്കെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് തുടരാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത് തന്നെ യുകെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ അവരാല്‍ കഴിയുന്നത് ചെയ്യും എന്നതിന്റെ സൂചന തന്നെയാണന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.ഇനി അഥവാ IMF നിര്‍ദേശം സ്വീകരിച്ച് പലിശ നിരക്ക് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തിയാല്‍ മോര്‍ട്ട്ഗേജ് ഉപഭോക്താക്കള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും.(ബാങ്കുകള്‍ ഈ ഇളവ്‌ ഇടപാടുകാര്‍ക്ക് കൈമാറിയാല്‍ മാത്രം )

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.