1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2012

തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുമെന്ന് പറയുമ്പോഴും ബിസിനസുകാര്‍ ഉറ്റുനോക്കുന്നത് മിനിമം വേതനത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ്. മിനിമം വേതനത്തിലുണ്ടാകുന്ന കുറവ് ശരിക്കും ബ്രിട്ടനെ രക്ഷിക്കുമോ?

മുതലാളിമാരുടെ ചൂഷണത്തിന് വിധേയരാകാതെ ചെറുപ്പക്കാരായ തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ലേബര്‍പാര്‍ട്ടി 1991ല്‍ നാഷണല്‍ മിനിമം വേജ് പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്തിരുന്ന 1.9 മില്യണ്‍ ജനങ്ങളുടെ വേതനമാണ് നാഷണല്‍ മിനിമം വേജ് പ്രഖ്യാപനത്തിലൂടെ ഒറ്റയടിക്ക് ഉയര്‍ന്നത്. അന്ന് മണിക്കൂറിന് 3.60പൗണ്ടായിരുന്നു മിനിമം വേതനം. പിന്നീട് 13 വര്‍ഷങ്ങള്‍ക്കിടയില്‍ പല പ്രാവശ്യം മിനിമം വേതനനിരക്ക് മാറിമറിഞ്ഞു. 2011ന് ശേഷം നാല് സ്ലാബുകളിലായാണ് മിനിമം വേതനം നല്‍കുന്നത്. ഇതനുസരിച്ച് 21 വയസ്സിന് മുകളിലുളളവര്‍ക്ക് മണിക്കൂറിന് 6.08 ആണ് മിനിമം വേതനം. 18 മുതല്‍ 20 വയസ്സ് വരെ പ്രായമുളളവര്‍ക്ക് മണിക്കൂറിന് 4.98 പൗണ്ടും 16നും 17നും ഇടയില്‍ പ്രായമുളളവര്‍ക്ക് 3.68 പൗണ്ടും അപ്രന്റീസുമാര്‍ക്ക് 2.60 പൗണ്ടുമാണ് അടിസ്ഥാന വേതനമായി നിശ്ചയിച്ചിട്ടുളളത്.

ജോലി ഇല്ലാതാക്കുമോ?

മിനിമം വേതനം നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ ഇത് ബിസിനസിനെ ബാധിക്കുമെന്ന് തൊഴിലുടമകളും ബിസിനസുകാരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അവിദ്ഗദ്ധരായ തൊഴിലാളികളുടെ വേതനം ഉയര്‍ത്തുന്നത് പുതിയ തൊഴിലാളികളെ – പ്രത്യേകിച്ചും ചെറുപ്പക്കാരെ- എടുക്കുന്നതില്‍ നിന്ന് കമ്പനികളെ പിന്‍തിരിപ്പിക്കുമെന്നായിരുന്നു അവരുടെ പ്രധാന വാദം.

നാഷണല്‍ മിനിമം വേജ് നടപ്പിലാക്കി മൂന്നുവര്‍ഷത്തിനുളളില്‍ എണ്‍പതിനായിരം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് സാമ്പത്തികശാസ്ത്രജ്ഞര്‍ പറഞ്ഞെങ്കിലും മൊത്തം എംപ്ലോയ്‌മെന്റ് നിരക്ക് നോക്കുമ്പോള്‍ ഇതൊരു ചെറിയശതമാനമാണന്ന് ഗവണ്‍മെന്റ് വാദിച്ചു. എന്നാല്‍ ഗവണ്‍മെന്റിന്റെ വാദം ശരിയാണന്ന് പിന്നീടുളള കാലം തെളിയിച്ചു. തൊണ്ണുറുകളിലെ സാമ്പത്തിക വളര്‍ച്ചാ സമയത്ത് എംപ്ലോയ്‌മെന്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്.

എന്നാല്‍ ഈ വളര്‍ച്ചാനിരക്ക് അഞ്ച് വര്‍ഷം മുന്‍പ് വരെ നിലനിര്‍ത്താനായുളളു. കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് 2.63 മില്യണ്‍ ആണെന്നാണ് കരുതുന്നത്. 16നും 24നും ഇടയില്‍ പ്രായമുളള ചെറുപ്പക്കാരുടെ ഇടയിലെ തൊഴിലില്ലായ്മയുടെ നിരക്ക് മൂന്ന് മടങ്ങ് അധികമാണന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്‍പതില്‍ രണ്ട് ചെറുപ്പക്കാരും തൊഴിലില്ലായ്മയുടെ ഫലം അനുഭവിക്കുന്നവരാണ്.

തൊഴില്‍ വിപണിയിലൊരു പൊളിച്ചെഴുത്ത്

തൊഴിലില്ലായ്മ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ സാഹചര്യത്തിലാണ് നിലവിലെ ഗവണ്‍മെന്റ് തൊഴില്‍ വിപണിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബീക്രോഫ്റ്റ് കമ്മീഷനെ നിയമിച്ചത്. കണ്‍സര്‍വേറ്റീവ് അനുഭാവിയും സംരംഭകനുമായ അഡ്രിയാന്‍ ബീക്രോഫ്റ്റിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ബീക്രോഫ്്റ്റ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ നിയമങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് നടത്തേണ്ടി വരും. രാജ്യത്തെ ബിസിനസ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കേണ്ടത് ആവശ്യമാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നിയമം അടക്കം 23 നിര്‍ദ്ദേശങ്ങളാണ് ബീക്രോഫ്റ്റ് മുന്നോട്ട് വെച്ചത്. അതില്‍ പ്രധാനപ്പെട്ടവ

തൊഴില്‍ വൈദഗ്ദ്ധ്യം ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതിനുളള നടപടികള്‍ ലഘൂകരിക്കുക

തൊഴിലാളികളെ പിരിച്ചുവിടുന്നതിനുളള നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കുക

തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരതുകയില്‍ കുറവ് വരുത്തുക

ബിസിനസ് മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ തൊഴിലാളികളുടെ ജോലി ഉറപ്പ് വരുത്തുന്ന ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് (പ്രൊട്ടക്ഷന്‍ ഓഫ് എംപ്ലോയ്‌മെന്റ്) റെഗുലേഷന്‍സില്‍ മാറ്റം വരുത്തുക തുടങ്ങിയവയാണ്.

എന്നാല്‍ മാന്ദ്യത്തിന്റെ സമയത്ത് വളര്‍ച്ചയെ സഹായിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സഖ്യകക്ഷി ഗവണ്‍മെന്റ് മടിച്ച് നില്‍ക്കുകയാണ്. ലേബര്‍മാര്‍ക്കറ്റ് കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആകുന്നതോടെ തൊഴിലുടമകള്‍ക്ക് വിപണിയിലുളള ആത്മവിശ്വാസം തിരിച്ച് പിടിക്കാനാകുമെന്നും അതുവഴി വളര്‍ച്ചാനിരക്ക് കൂട്ടാനാകുമെന്നുമാണ് വിശ്വാസം.

നാഷണല്‍ മിനിമം വേജ് ഒഴിവാക്കുമോ

ബീക്രോഫ്റ്റ് റിപ്പോര്‍ട്ടില്‍ നാഷണല്‍ മിനിമം വേജ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നില്ലെങ്കിലും ചില വലതുപക്ഷ അനുഭാവികള്‍ മിനിമം വേജ് പൂര്‍ണ്ണമായും എടുത്തുകളഞ്ഞ് തൊഴിലുടമകള്‍ക്ക് വേതനം നിശ്ചയിക്കാനുളള അനുമതി നല്‍കണമെന്ന പക്ഷക്കാരാണ്. എന്നാല്‍ മിനിമം വേജ് എടുത്തുകളയുന്നത് ബ്രിട്ടനെ കൂടുതല്‍ മാന്ദ്യത്തിലേക്ക് തളളിവിടുമെന്നാണ് കരുതുന്നത്.

ബ്രിട്ടനില്‍ നടപ്പിലാക്കിയ മികച്ച ഭരണകാര്യങ്ങളില്‍ ഒന്നാണ് നാഷണല്‍ മിനിമം വേജെന്ന് ലേബര്‍പാര്‍ട്ടിയും ട്രേഡ് യൂണിയനുകളും വാദിക്കുന്നത്. രാജ്യത്ത് നിന്ന ദാരിദ്രം ഇല്ലാതാക്കാനും വ്യക്തിഗത ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ഇതു മൂലം കഴിഞ്ഞിട്ടുണ്ട്. തൊഴിലിന് മികച്ച പ്രതിഫലം ലഭിക്കുന്നത് വഴി രാജ്യത്തിന് ബെനിഫിറ്റ് വഴി കൊടുക്കേണ്ട തുകയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ വലതുപക്ഷ പാര്‍ട്ടിയുടേയും ബിസിനസുകാരുടേയും അഭിപ്രായത്തില്‍ മിനിമം വേജ് നടപ്പിലാക്കിയത് രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് മുരടിപ്പിച്ചു കളഞ്ഞു.ജീവിക്കാനുളള ചെലവു കൂടുകയും ഒപ്പം തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തു. ഒപ്പം മിനിമം വേതനം വാങ്ങുന്ന പലരും അതൊരു അധികവരുമാനമായി കരുതി ജോലിചെയ്യുന്നവരാണ്.

മിനിമം വേതനം എടുത്തുകളഞ്ഞാല്‍ തന്നെ തൊഴിലില്ലായ്മക്ക് ഒരു പരിഹാരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വരുമാനം കുറച്ചുകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാന്‍ ശ്രമിക്കുന്നത് മികച്ചഫലം നല്‍കുമെന്ന പ്രതീക്ഷ വിമര്‍ശകര്‍ക്കും ഇല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.